ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരിക്ക് വീടുമായി ബന്ധമില്ലെന്ന് അമ്മ. മൂന്നു വര്‍ഷത്തോളമായി മകളുമായി അടുപ്പമില്ലെന്നും അച്ഛന്‍ മരിച്ചിട്ടു പോലും അനിത വീട്ടിലെത്തിയില്ലെന്നും അമ്മ വെളിപ്പെടുത്തി. ആറു മാസത്തിനകം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഭൂമിയും സ്വത്തും തട്ടിയെടുത്തു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാനും ശ്രമിച്ചുവെന്നും അമ്മ പറയുന്നു.
ഭൂമിയുടെ ആധാരം തിരികെ കിട്ടാന്‍ പഞ്ചായത്ത് മെമ്പര്‍ ജലജയുടെ സാന്നിധ്യത്തില്‍ ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ പത്മകുമാര്‍ ചവിട്ടി വീഴ്ത്തിയെന്നും മകള്‍ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരന്‍ പ്രതിഫലം നല്‍കട്ടെയെന്നും അവര്‍ സങ്കടത്തോടെ പറയുന്നു. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കൊട്ടാരക്കര കോടതിയിൽ അപേക്ഷ സമർപ്പിക്കും. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്ന റിപ്പോർട്ട് കോടതിയിൽ നൽകി.
പ്രൊഡക്ഷൻ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു. മൊഴിയിലുള്ള അവ്യക്തത മാറാൻ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പത്മകുമാർ പൂജപ്പുര ജയിലിലും ഭാര്യ അനിതകുമാരിയും മകൾ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവിൽ കഴിയുന്നത്.