കാൽനൂറ്റാണ്ടു മുൻപു നടന്ന കഥയാണിത്. എതിർ ദിശകളിലേക്ക് രാജ്യാന്തര സൈക്കിൾ യാത്ര ചെയ്തിരുന്ന യുവാവും യുവതിയും രാജസ്ഥാനിൽ വച്ച് കണ്ടുമുട്ടി. എന്നാൽപിന്നെ ഇനി ഒരേ ദിശയിലാവാം യാത്രയെന്ന് അവർ തീരുമാനിച്ചു. അങ്ങനെ കണ്ടുമുട്ടി 9 മാസത്തിനു ശേഷം നെതർലൻഡ്സ് സ്വദേശിയായ വില്യം ഇംഗ്ലണ്ടിലെത്തി സൂസന്റെ കൈ പിടിച്ചു.
വിവാഹത്തിന്റെ 24–ാം വാർഷികത്തിൽ ഇരുവരും വീണ്ടും രാജ്യാന്തര സൈക്കിൾ യാത്ര നടത്താൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഇവർ അവിടെ നിന്ന് സൈക്കിളിൽ മൂന്നാറിലെത്തി കാഴ്ചകൾ ആസ്വദിച്ചു. വില്യമും (59) സൂസനും (58) ആ യാത്രയുടെ മധുരം ഒട്ടും കൈവിട്ടിട്ടില്ല. സൈക്കിളിൽ കൊച്ചി മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം തിങ്കളാഴ്ചയാണ് ഇവർ മൂന്നാറിലെത്തിയത്.
ഇന്ന് തേക്കടി സന്ദർശിച്ച ശേഷം കൊടൈക്കനാൽ, മേട്ടുപ്പാളയം, കുനൂർ, ഊട്ടി സന്ദർശിക്കാനായി പുറപ്പെടും. തുടർന്ന് കർണാടകയിലേക്കും അവിടെനിന്ന് ഗോവയിലേക്കും സൈക്കിൾ യാത്ര നീളും. തിരുവനന്തപുരവും ആലപ്പുഴയും സന്ദർശിച്ച് കൊച്ചിയിലെത്തി വിമാനത്തിൽ ശ്രീലങ്കയിലേക്കു പോകാനാണ് ഇവരുടെ പദ്ധതി. അവിടെയും സൈക്കിളിൽ കറങ്ങും. തുടർന്ന് ഇംഗ്ലണ്ടിലേക്ക് മടക്കം.