സ്കൂള്‍ കലോല്‍സവങ്ങള്‍ക്ക് കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്ന പരിശീലകനെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കുമ്മിള്‍ സ്വദേശിയായ ഡാന്‍സ് മാസ്റ്റര്‍ സുനില്‍കുമാറാണ് കടയ്ക്കല്‍ പൊലീസിന്റെ പിടയിലായത്. പന്ത്രണ്ട് വയസുകാരനിൽ വന്ന മാറ്റം ശ്രദ്ധയിൽപെട്ട വീട്ടുകാർ സ്കൂൾ അധികൃതരെ സമീപിച്ച് കുട്ടിക്ക് കൗൺസിലിങ് നടത്തിയപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
കുമ്മിള്‍ സ്വദേശിയായ സുനില്‍കുമാര്‍ വര്‍ഷങ്ങളായി കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്നയാളാണ്. സ്കൂള്‍ കലോല്‍സവങ്ങള്‍ക്കുവേണ്ടിയാണ് മിക്കയിടത്തും പരിശീലനം. രക്ഷിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയശേഷം കുട്ടികളെ ഉപദ്രവിക്കുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു.
ഇതാദ്യത്തെ കേസ് അല്ല. 2019ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. പാങ്ങോട് പൊലീസാണ് അന്ന് കേസ് എടുത്തത്. തുടർന്ന് റിമാഡിലായ സുനില്‍കുമാര്‍ അറുപത് ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് പുറത്തിറങ്ങിയത്. സുനില്‍കുമാര്‍ ഇതുപോലെ മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി കടയ്ക്കല്‍ പൊലീസ് അറിയിച്ചു.