Thursday 23 May 2024 10:44 AM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്കും മോനും തൂക്കുകയർ സംസ്ഥാനത്ത് ആദ്യം, സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷം: സ്വർണത്തിനായി അരുംകൊല

santhakumari-case വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിൽ നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളായ ഷെഫീഖ്, അൽഅമീൻ എന്നിവർ

ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വർണാഭരണങ്ങൾക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനും വധശിക്ഷ. അമ്മയ്ക്കും മകനും തൂക്കുകയർ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്; വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷവും.

2022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂർത്തോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ (27), റഫീക്കയുടെ മകൻ ഷെഫീക്ക് (25) എന്നിവരെ നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്.

ശാന്തകുമാരിയുടെ അയൽവീട്ടിൽ വാടകയ്ക്കു താമസിച്ചവരായിരുന്നു പ്രതികൾ. സ്വർണം കൈക്കലാക്കാൻ വേണ്ടിയുള്ള കൊലപാതകത്തിൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കവർച്ച എന്നിവ കോടതി കണ്ടെത്തി. പ്രതികളുടെ ക്രൂരതയ്ക്ക് വധശിക്ഷയിൽ കുറഞ്ഞൊന്നും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

ഭർത്താവ് നാഗപ്പൻ മരിച്ചതിനെ തുടർന്ന് ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയുടെ താമസം. 2 മക്കൾ ജോലിക്കായി മറ്റിടങ്ങളിലായിരുന്നു. വാടകവീട് ഒഴിയുന്ന ദിവസം 3 പ്രതികളും ശാന്തകുമാരിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി. റഫീക്ക ചുറ്റിക ഉപയോഗിച്ച് ആദ്യം ശാന്തകുമാരിയുടെ തലയ്ക്കടിച്ചു.

അൽഅമീൻ ചുറ്റിക കൊണ്ട് നെറ്റിയിലും തലയുടെ പിൻഭാഗത്തും വീണ്ടും അടിച്ച് തലയോട്ടി തകർത്തു. തുടർന്ന് അൽ അമീനും ഷെഫീക്കും ചേർന്നു കൈലി ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി. മൃതദേഹത്തിൽ നിന്ന് അഞ്ചര പവൻ സ്വർണാഭരണം കവർന്നു. കുഴിച്ചിടാൻ കഴിയാത്ത സാഹചര്യമായതിനാൽ വാടകവീടിന്റെ തട്ടിൻപുറത്ത് മൃതദേഹം ഒളിപ്പിച്ച ശേഷം മൂവരും കടന്നുവെന്നായിരുന്നു കേസ്.

santhakumari-2 ശാന്തകുമാരി

മറ്റൊരു കൊലക്കേസിലും മൂവരും പ്രതികൾ

നെയ്യാറ്റിൻകര ∙ മൂന്നുപേർക്ക് വധശിക്ഷ ലഭിച്ച ശാന്തകുമാരി കൊലപാതകക്കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത് 34 സാക്ഷികളെ. 61 രേഖകളും 34 വസ്തുവകകളും കോടതിയിൽ ഹാജരാക്കി. അമ്മയും മകനും ഉൾപ്പെടെ ചേർന്നു നടത്തിയ കൊലപാതകം ക്രൂരമെന്നു കോടതി കണ്ടെത്തി. ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന ഒരേ ഒരു വനിതയാണ് റഫീക്ക.

ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരു വർഷം മുൻപ് 2021 ജനുവരി 14ന് കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മൂവരും പ്രതികളാണ്. ഈ കേസിലെ വിചാരണ തിരുവനന്തപുരം പോക്സോ കോടതിയിൽ ഉടൻ തുടങ്ങും. 

വധശിക്ഷ കാത്ത് 39 പേർ

തിരുവനന്തപുരം∙ കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്തു കഴിയുന്നവർ ഇതോടെ 39 പേരായി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 25 പേരും കണ്ണൂരിൽ നാലും വിയ്യൂർ 6 പേരും വിയ്യൂർ അതിസുരക്ഷാ ജയിലിൽ മൂന്നു പേരും. ഇന്നലത്തെ ശിക്ഷാവിധിയോടെയാണു സംഖ്യ 39 ആയത്.