ഇടയ്ക്കൊക്കെ മാധ്യമങ്ങളില്‍ കാണാം, കുടുംബം ഒന്നടങ്കം ആത്മഹത്യ െചയ്ത വാര്‍ത്തകള്‍. സാമ്പത്തികപ്രശ്നമാണു കാരണമെന്നു പൊലീസ് പറഞ്ഞതായി ഒരു വരിയും ഉണ്ടാകും. തരക്കേടില്ലാത്ത ജോലിയും മികച്ച സ്കൂളുകളില്‍ മിടുക്കരായി പഠിക്കുന്ന മക്കളും നല്ല നിലയിലുള്ള ബന്ധുക്കളും ഒക്കെയുണ്ടായിട്ടും ഇവരെന്താകും മരണത്തെ പുല്‍കാന്‍ തീരുമാനിച്ചത്.?
കടക്കെണിയാണു പലരെയും അലട്ടുന്ന പ്രശ്നം. കടം തിരികെ ചോദിക്കുന്നവരുടെ ഭാഷ മാറുകയും വായ്പയെടുത്ത ബാങ്കുകളിൽ നിന്നു ജപ്തി നോട്ടീസ് വരികയും സമൂഹത്തിൽ തന്റെ വിലയിടിഞ്ഞു പോകുന്നു എന്ന തോന്നലുണ്ടാകുകയും മക്കളും ചിലപ്പോള്‍ അപമാനങ്ങള്‍ക്ക് ഇരയാവുകയും ഒക്കെ ചെയ്യുന്ന ഘട്ടത്തിലാണു പലരും ഇത്തരമൊരു കഠിന തീരുമാനമെടുക്കുക.
വരുമാനം ഉണ്ടെങ്കിലും അതിനനുസരിച്ചു ജീവിതം ക്രമീകരിച്ചില്ലെങ്കിൽ ആരും കടക്കെണിയിൽ ചെന്നു പെടും. ശരിയായ സാമ്പത്തിക നിയന്ത്രണം ഇല്ലാതെ വരുന്നതാണ് പ്രധാന കാരണം. കടക്കെണി പേടിച്ചു വായ്പയെടുക്കുകയോ അത്യാവശ്യത്തിനു പോലും പത്തു രൂപ കടം വാങ്ങാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്. ആവശ്യങ്ങൾ സാധ്യമാക്കിയെടുക്കാൻ വായ്പയെടുക്കുകയും ഇഎംഐ (ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്റ്റോൾമെന്റ്) വഴി അവശ്യസാധനങ്ങൾ വാങ്ങുകയും ക്രെഡിറ്റ് കാര്‍ഡിലൂെട വില കൂടിയവ സ്വന്തമാക്കുകയും ഒക്കെ ഇന്നത്തെ ചുറ്റുപാടുകളില്‍ വേണ്ടി വന്നേക്കാം. അവ വരുമാനത്തോടു സന്തുലിതമാകുന്ന വിധം നിയന്ത്രിതമാക്കുക എന്നതാണ് പ്രധാനം. കടം വരാതിരിക്കാനും വന്നാൽ അവ കുറച്ചു കൊണ്ടു വന്നു ജീവിതം സുരക്ഷിതമാക്കാനും വേണ്ട ചില തയാറെടുപ്പുകളെക്കുറിച്ചറിയാം.
കുടുംബത്തിന് വേണം ബജറ്റിങ്
വരവ് വലുതോ ചെറുതോ ആകട്ടെ, കുടുംബത്തിന് തീര്‍ച്ചയായും ഒരു ബജറ്റ് ഉണ്ടാകണം. ഒന്നോ അധിലധികമോ വ്യക്തികളുടെ ശമ്പളം, ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്നുള്ള വരുമാനം, വീടുകൾ, കടമുറികൾ പോലുള്ളവ വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനം, കാർഷികാദായങ്ങൾ ഇവയെല്ലാം ചേരുന്നതാണ് ഒരു കുടുംബത്തിന്റെ വരുമാനം.
വരുമാനം എങ്ങനെ െചലവാക്കണം എന്നതിനൊരു ഫോര്‍മുലയുണ്ട്. 40 – 30 – 20 – 10 എന്നിതിനെ ചുരുക്കിപ്പറയാം. അതായതു വരുമാനത്തിന്‍റെ 40 ശതമാനം വീട്ടുചെലവിന്. 30 ശതമാനം വായ്പ തിരിച്ചടവുകള്‍ക്ക്. 20 ശതമാനം സമ്പാദ്യത്തിന്. 10 ശതമാനം സ്വന്തം ഇഷ്ടങ്ങള്‍ക്ക്.
കുടുംബ ബജറ്റില്‍ ഏറ്റവും പ്രധാനം വീട്ടു െചലവാണ്. ഒരു മാസത്തേക്കു വീടു കഴിഞ്ഞു പോകുന്നതിനുള്ള കാര്യങ്ങളെല്ലാം ഇതില്‍ െപടും. വാടക, വൈദ്യുത ബില്‍, ഇന്‍റര്‍നെറ്റ് ബില്‍, വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങൾ, സ്കൂൾ ഫീസ്, സ്ഥിരം വാങ്ങേണ്ട മരുന്നുകള്‍, യാത്രാച്ചെലവുകൾ, സിനിമ പോലുള്ള വിനോദങ്ങൾ എല്ലാം വീട്ടുചെലവാണ്. പിരിവ്, സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്കും തുക മാറ്റിവയ്ക്കണം. ഒരു ലക്ഷം രൂപയാണു കുടുംബത്തിന്‍റെ മൊത്തംവരുമാനമെങ്കില്‍ 40,000 രൂപ വീട്ടുചെലവ് ഇനത്തിലേക്ക് ഉള്‍ക്കൊള്ളിക്കാം.
ഹൗസിങ് ലോണ്‍, വാഹന ലോണ്‍, മറ്റു കടങ്ങള്‍ ഇവയുടെ തിരിച്ചടവ്, ഇഎംഐ, ക്രെഡിറ്റ്കാര്‍ഡ് തിരിച്ചടവ് തുടങ്ങിയവയാണു പോക്കറ്റ് േചാര്‍ത്തുന്ന അടുത്ത െചലവ്. ഇതു വരുമാനത്തിന്‍റെ 30 ശതമാനത്തില്‍ കൂടരുത്. അതായത് ഒരു ലക്ഷം വരുമാനമുള്ളവര്‍ തിരിച്ചടവുകള്‍ എല്ലാം മുപ്പതിനായിരം രൂപയില്‍ ഒതുക്കണം.
ഇനി കുഞ്ഞുങ്ങളുെട ഉന്നതപഠനം, ജോലിയില്‍ നിന്നുള്ള റിട്ടയര്‍മെന്‍റ് ഇതൊക്കെ മുന്‍കൂട്ടി കണ്ട് ശമ്പളത്തില്‍ ഒരു ഭാഗം സമ്പാദ്യത്തിലേക്കു മാറ്റണം. വരുമാനത്തിന്‍റെ 20 ശതമാനം സമ്പാദ്യം എന്നാണു സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നത്. ഒരു ലക്ഷം വരുമാനമുണ്ടെങ്കില്‍ തീര്‍ച്ചയായും 20000 രൂപ ഒാരോ മാസവും സമ്പാദ്യത്തിലേക്കു േചര്‍ക്കണം.
ബാക്കിയുള്ള 10 ശതമാനം കുടുംബത്തിന്‍റെ ഇഷ്ടങ്ങള്‍ക്കു േവണ്ടി മാത്രമുള്ളതാകണം. കുടുംബമൊന്നിച്ചു യാത്രയാകാം, വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുന്നതാകാം, ഗാര്‍ഡനില്‍ ഒരു േകായ് ഫിഷ് പോണ്ട് ഒരുക്കുന്നതാകാം. വരവും െചലവും കണക്കൂകൂട്ടലും മാത്രം േപാരല്ലോ, ഒാര്‍ത്തിരിക്കാന്‍ കുറേ നിമിഷങ്ങളും വേണ്ടേ നമുക്ക്.
എപ്പോഴും എല്ലാ മാസവും ഇതൊന്നും പ്രാവര്‍ത്തികമാവില്ല. ഒരാൾക്ക് രോഗം വന്ന് ആശുപത്രിയിലായാൽ എല്ലാം തീര്‍ന്നു. അല്ലെങ്കില്‍ കാറിെന്‍റ ടയറൊന്നു പഞ്ചറായാല്‍, വീടിനൊരു അറ്റകുറ്റപ്പണി വന്നാല്‍ ഒക്കെ കണക്കു കൂട്ടലുകള്‍ തകിടം മറിയും. എങ്കിലും സാധാരണരീതിയിൽ വരവു ചെലവുകളെ നിയന്ത്രിക്കാന്‍ ഈ ഫോര്‍മുല നല്ലതാണ്.
വേണം കരുതല്‍ധനം
എല്ലാ കണക്കു കൂട്ടലുകളെയും താളം തെറ്റിക്കുന്ന ചെലവുകൾ ചിലപ്പോൾ വന്നേക്കാമെന്നു പറഞ്ഞല്ലോ. അപകടങ്ങൾ, നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങൾ, കുട്ടികളെ പെട്ടെന്ന് സ്കൂൾ മാറ്റേണ്ട സാഹചര്യങ്ങള്‍, വീട്ടില്‍ െപട്ടെന്നു നടത്തേണ്ട പണികള്‍ തുടങ്ങി പലതും ഇതില്‍ പെടും. ഇവ നേരിടുന്നതിനായി കരുതൽ ധനം തീർച്ചയായും ഉണ്ടായിരിക്കണം. സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടിലോ ആയി മാസ വരുമാനത്തിന്‍റെ ഇരട്ടി തുക സൂക്ഷിക്കുന്നതാണ് ഉത്തമം. പെട്ടെന്നു വരുന്ന ചെലവുകളുടെ ആഘാതം ഏൽക്കാതിരിക്കാനും കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനും ഈ തുക കുഷൻ ആയി പ്രവർത്തിക്കും. ഇങ്ങനെ കരുതി വയ്ക്കുന്ന തുക കടം കൊടുക്കാനോ നമ്മുെട ആഗ്രഹങ്ങള്‍ നടത്തുന്നതിനോ ഉപയോഗിക്കുകയുമരുത്.
അത്യാവശ്യം വരുമ്പോൾ പെട്ടെന്ന് പിൻവലിക്കാൻ ക ഴിയുന്ന വിധത്തിലായിരിക്കണം ഈ നിക്ഷേപം. പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടിലോ മറ്റു ബാങ്ക് സേവിങ്സ് അക്കൗണ്ടിലോ തുക സൂക്ഷിക്കാം. ഫിക്സഡ് ഡെപോസിറ്റ് ആയി മാറ്റേണ്ട.
കടം പെരുകും വഴികൾ
കടം പെരുകുന്നത് അറിയുന്നില്ല എന്നതാണ് പലരെയും കടക്കെണിയിലാക്കുന്നത്. കടം വാങ്ങും മുൻപു തന്നെ വേണ്ടത്ര ഗൃഹപാഠം ചെയ്ത ശേഷം കടം/വായ്പയെടുത്താൽ കടക്കെണിയിൽ പെടുന്നത് ഒഴിവാക്കാനാകും.
ഭവന വായ്പ
ആരുെടയും സ്വപ്നമാണ് ഒരു വീട്. എന്നാൽ ആവശ്യത്തിനു സ്ഥലം മാത്രം വാങ്ങി ആവശ്യത്തിനു മാത്രം വലുപ്പമുള്ള വീടു വയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കണം. നിർമാണ ചെലവ് കൃത്യമായി കണക്കാക്കി വേണം പണി തുടങ്ങാൻ. സൗകര്യങ്ങളെല്ലാം ഒന്നിച്ചു സാധ്യമാക്കാതെ വളരുന്ന വീട് എന്നൊരു ആശയത്തിൽ പണിയുന്നതാണു ന ല്ലത്. ഉദാഹരണത്തിന് കുഞ്ഞുങ്ങൾ ചെറുതായിരിക്കുമ്പോൾ ഒന്നോ രണ്ടോ കിടപ്പു മുറി മതിയാകും. അവർ വളരുമ്പോൾ മാത്രം വീട് വികസിപ്പിച്ചു കൂടുതൽ കിടപ്പു മുറി നിർമിക്കാം. വരുമാനം, തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി, കുടുംബസ്വത്ത് തുടങ്ങിവ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം വീടിെന്‍റ ബജറ്റ് തീരുമാനിക്കുക.

വാഹന വായ്പ
വരുമാനവുമായി ഒത്തുനിൽക്കുന്ന വാഹനം, എന്നതാകണം ആദ്യ തീരുമാനം. അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാകും വാഹന ലോണ്‍. ഇതോടൊപ്പം വാഹനത്തിന് മറ്റു ചെലവുകളും വന്നുപെടാം. ഇന്ധനം, അറ്റകുറ്റപ്പണികള്‍, വായ്പ തിരിച്ചടയ്ക്കാതെ പലിശ കൂടിയും മറ്റും വാഹനം വില്‍ക്കേണ്ടി വന്നാല്‍ കൂടുതല്‍ നഷ്ട സാധ്യതയുണ്ട്.
കൺസംപ്ഷൻ ലോണുകൾ
ഉപഭോഗ വായ്പകൾ അഥവാ കൺസംപ്ഷൻ ലോണുകൾ ഗൃഹോപകരണങ്ങളും മറ്റും വാങ്ങാൻ നിബന്ധനകൾ കാര്യമായില്ലാതെ ലഭിക്കുന്നവയാണ്. പത്തു രൂപ മുടക്കിയാൽ എസി വാങ്ങാം, ഒരു രൂപ മുടക്കി ഫ്രിജ് വാങ്ങാം, പലിശരഹിത തവണകളായി പണം അടയ്ക്കാം തുടങ്ങി ആകർഷകമായ വാഗ്ദാനങ്ങളുണ്ടാകും. എങ്കിലും അടവ് മുടങ്ങിയാൽ പലിശ കൂടും. തിരിച്ചടവു തുക കൂടും. അതങ്ങനെ കടക്കെണിയിലേക്കു നീങ്ങും. ആവശ്യം കണ്ടറിഞ്ഞു മാത്രം ഇത്തരം ലോണുകള്‍ എടുക്കുക.
െക്രഡിറ്റ് കാർഡുകൾ
നാലും അഞ്ചും ക്രെഡിറ്റ് കാർഡുകൾ കൊണ്ട് സാധനങ്ങള്‍ വാരിക്കൂട്ടുന്നത് സാധാരണക്കാരെ കടക്കെണിയിലാക്കും. ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു മറ്റൊരു ക്രെഡിറ്റ് കാർഡിന്‍റെ ബില്‍ അടയ്ക്കുന്നത് നല്ലതല്ല. താങ്ങാനാകുന്ന ക്രെഡിറ്റ് ലിമിറ്റ് അഥവാ വായ്പാ പരിധി ഉള്ള ഒന്നോ രണ്ടോ കാർഡുകൾ ആകാം.
ബില്ലിങ് സൈക്കിളിനുള്ളിൽ തന്നെ ക്രെഡിറ്റ് കാർഡ് വഴി ഉപയോഗിക്കുന്ന പണം തിരികെ അടക്കണം. െക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎം വഴി പണമെടുക്കരുത്. ഇതിന് വന്‍ പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്. കാർഡ് ഉപയോഗത്തിലെ പിഴവുകള്‍ സിബിൽ സ്കോറിനെയും ബാധിക്കും.

ആപ്പുകൾ തരുന്ന വായ്പകൾ
ആപ്പുകൾ വഴി ഷോപ്പിങ് തുടങ്ങിയാല്‍ പണം ചോരുന്നത് അറിയില്ല. ഉപഭോക്താവിന് വായ്പകൾ നൽകുന്ന ആപ്പുകളും ഉണ്ട്. കുറവ് നിബന്ധനകളും വായ്പ ലഭിക്കുന്നതിന് ഏറ്റവും കുറവ് വിവരങ്ങൾ മതിയെന്നും പറയുന്നവരെ കൂടുതല്‍ സൂക്ഷിക്കണം. നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ദുരുപയോഗം ചെയ്തു ഭീഷണിപ്പെടുത്തിയും മാനഹാനിപ്പെടുത്തിയും ആയിരിക്കും ഇത്തരക്കാർ പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.
കടബാധ്യത എങ്ങനെ കുറയ്ക്കാം
കടക്കെണിയിൽ കുടുങ്ങി, അല്ലെങ്കിൽ കൈവിട്ടു പോകുകയാണ് എന്നു തോന്നിയാൽ ഉടനടി അതു കുറയ്ക്കാനുള്ള നടപടികൾ തുടങ്ങണം.
∙ സാധിക്കുമെങ്കില്‍ ഏതെങ്കിലും ആസ്തി വിറ്റ് കട ബാധ്യത തീർക്കുകയോ, നല്ലൊരളവ് കുറയ്ക്കുകയോ ചെയ്യുക.
∙ ഭവന– വാഹന വായ്പകൾ എടുത്തിരിക്കുന്നത് സ്വകാര്യ വായ്പാ സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽ അ വ കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്കിലേക്ക് മാറ്റുക. സ്വകാര്യ വായ്പാ സ്ഥാപനങ്ങളുടെ പലിശ 14% വരുമ്പോൾ ബാങ്ക് വായ്പയ്ക്ക് 9.9% പലിശ നിരക്കേ ഉണ്ടാകൂ. ഇത് ഇഎംഐയുടെ കാര്യത്തിൽ ഗണ്യമായ കുറവ് വരുത്തും. ഈ പ്രക്രിയയോടൊപ്പം ചിലപ്പോൾ ബാങ്ക് ടോപ് അപ് തുക നൽകിയെന്നു വരും. അതു വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് ബാധ്യതകൾ എന്നിവ കുറയ്ക്കാൻ ഉപയോഗിക്കുക. നല്ല ക്രെഡിറ്റ് റിപ്പോർട്ട് ഉള്ളവർക്കേ ബാങ്ക് ഈ സൗകര്യം അനുവദിക്കൂ.
∙ ബാങ്ക് കടബാധ്യത ഏറ്റെടുക്കാൻ സാധ്യതയില്ലാത്തവർ നിങ്ങളുടെ വസ്തുവിലുള്ള മരങ്ങൾ വിൽക്കുകയോ വസ്തുവിന്റെ ഒരു ഭാഗം മാത്രം വിൽക്കുകയോ വീടിന്റെ ഒരു ഭാഗം, അല്ലെങ്കിൽ ഒരു മുറി വാടകയ്ക്ക് കൊടുക്കുകയോ ചെയ്തുകൊണ്ട് അധിക വരുമാനം സമ്പാദിച്ചു കടക്കെണി കുറയ്ക്കാം.
∙ സ്വർണം കൈവശമുണ്ടെങ്കിൽ അവ വിറ്റു കടക്കെണി ഒഴിവാക്കാൻ മടിക്കേണ്ടതില്ല. കടം ഒഴിവായാൽ അൽപാൽപമായി സ്വർണം സമ്പാദിക്കാൻ കഴിയും.
∙ ഭവന വായ്പയോടൊപ്പം വസ്തുവിന് ഇൻഷുറൻസ് എടുക്കുന്നതു ഭാവിയിൽ കടക്കെണിയിൽ പെടാതെ രക്ഷപ്പെടാൻ സഹായകമാകും. ഭവന വായ്പ അടവ് നടക്കുന്ന സമയത്തു തീപിടിത്തമോ വെള്ളപ്പൊക്കമോ പോലുള്ള അവസ്ഥകൾ നേരിടേണ്ടി വന്നാൽ അ തു സാമ്പത്തിക ബാധ്യത ഉണ്ടാക്കാം. ഇത്തരം ഘട്ടങ്ങളിൽ കെട്ടിടത്തിന് എടുക്കുന്ന പ്രോപ്പർട്ടി ഇൻഷുറ ൻസ് പ്രയോജനപ്പെടും. വാഹന വായ്പയ്ക്കു സ്വാഭാവികമായും ഇൻഷുറൻസ് എടുക്കേണ്ടി വരും.
∙ വായ്പ എടുത്ത വ്യക്തിക്ക് ജീവഹാനി സംഭവിച്ചാൽ കുടുംബാംഗങ്ങൾക്ക് വായ്പ ബാധ്യതയാകാതിരിക്കാൻ വ്യക്തി ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്. സാമ്പത്തിക വിദഗ്ധരോട് കൂടി ആലോചിച്ച് ഇതു ചെയ്യുന്നതാണു നല്ലത്. സുതാര്യമായിരിക്കണം ഇൻഷുറൻസ്.
രാഖി റാസ്
വിവരങ്ങൾക്ക് കടപ്പാട്
വി.കെ. ആദർശ്
ഹെഡ് മൈക്രോ സ്മോൾ & മീഡിയം എന്റർപ്രൈസ്
ചീഫ് മാനേജർ ടെക്നിക്കൽ,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്