രണ്ടുവയസ്സുള്ള കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരം തേടിയുള്ള ചോദ്യം ചെയ്യൽ നീണ്ടത് പത്തു മണിക്കൂർ. വീട്ടുമുറ്റത്തെ കിണറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ പൊലീസ് ആദ്യ നിഗമനത്തിലെത്തിയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മ ശ്രീതുവിനെയും സഹോദരൻ ഹരികുമാറിനെയും പിതാവ് ശ്രീജിത്തിനെയും അമ്മൂമ്മയെയും പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചപ്പോഴും ഉറപ്പിച്ചു; ഇൗ നാലു പേരിലുണ്ട് പ്രതി.ഇതിനിടയിൽ പരിസരവാസികളിൽ നിന്നും ലഭിച്ച മൊഴിയും സ്പെഷൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങളും ചോദ്യം ചെയ്യുന്ന സംഘത്തിനു കൈമാറിയിരുന്നു. നാലു പേരെയും മാറ്റിയിരുത്തി ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി. കൊലപാതകത്തിൽ അച്ഛൻ ശ്രീജിത്തിനും അമ്മൂമ്മയ്ക്കും ബന്ധമില്ല.
പിന്നീട് അവരോട് പൊലീസ് ചോദിച്ചത് മുഴുവൻ ശ്രീതുവിനെയും സഹോദരനെയും കുറിച്ചായിരുന്നു. അവരിൽനിന്നു കിട്ടിയ വിവരങ്ങളുമായി രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രണ്ടുപേരെയും ഒറ്റയ്ക്ക് ഇരുത്തി ചോദ്യം ചെയ്തു.ആദ്യം ഹരികുമാർ പ്രകോപിതനായാണു പെരുമാറിയത്. ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്നൊക്കെ ചോദ്യങ്ങളുയർത്തി പ്രതിരോധിച്ചു. ആദ്യം സഹോദരനെ സംരക്ഷിക്കുന്ന ഉത്തരം നൽകിയ ശ്രീതു പിന്നീട് ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. സഹോദരിയോടുള്ള അടുപ്പക്കൂടുതൽ കൊണ്ടാണ് ഹരികുമാർ കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുന്നതെന്നും നേരത്തെ ദേവേന്ദുവിനെ ദേഷ്യത്തിൽ എടുത്തെറിഞ്ഞ സംഭവമുണ്ടായെന്നും വരെ ശ്രീതു വിവരിച്ചു. ഇൗ വിവരങ്ങളുമായി മുന്നിലേക്കെത്തിയ പൊലീസ് സംഘത്തോട് അരമണിക്കൂറിനുള്ളിൽ ഹരികുമാർ കുറ്റം സമ്മതിച്ചു. ഒന്നര മണിയോടെ തന്നെ ഹരികുമാർ കുറ്റം സമ്മതിച്ചെങ്കിലും മൊഴിയുറപ്പിക്കുന്ന ചില വിവരങ്ങൾ കൂടി മറ്റു മൂന്നുപേരിൽ നിന്നു ശേഖരിച്ചു.
കുടുംബത്തിന് കടബാധ്യത; സാമ്പത്തിക പ്രശ്നങ്ങൾ
ശ്രീതുവിന്റെ കുടുംബത്തെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്നതായി പൊലീസും നാട്ടുകാരും പറയുന്നു. പണം കടം നൽകിയ പലരും വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനു നാട്ടുകാരും സാക്ഷികളാണ്. സ്വന്തം വീട് തകർന്നു തുടങ്ങിയതിനാൽ കോട്ടുകാൽകോണത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടിൽ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി ശ്രീതു കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിച്ച പൊലീസ് തെളിവുകളുമായി ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് തിരിച്ചെത്തിയ ഇവർ ദേവേന്ദു കൊല്ലപ്പെടുന്നതിനു തലേന്ന് പരാതി പിൻവലിച്ചു. മകൾക്ക് വീടിനു മുന്നിൽവച്ച് അപകടം പറ്റിയെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞ് ശ്രീതു ചിലരിൽ നിന്നു പണപ്പിരിവു നടത്തിയെന്നും നാട്ടുകാർ ആരോപിക്കുന്നു.