ADVERTISEMENT

മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നു സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ എത്തുമ്പോൾ ദേവി ലളിതാംബിക സാധാരണ ഹോം മേക്കർ. ബിരുദ പഠനത്തിനിടക്ക് നടന്ന വിവാഹം. ബിരുദം പൂർത്തിയാക്കിയെങ്കിലും തുടർ പഠനം ആഗ്രഹമായി തുടർന്നു. ഭർത്താവ് പ്രസാദ് ബാലന്റെ ജോലിയുടെ ഭാഗമായി 2011ൽ സ്വീഡനിലേക്ക്‌ വന്നപ്പോൾ സ്റ്റോക്ക്ഹോം നിവാസിയായി ദേവി ലളിതാംബിക. മകൾ ശ്രുതിയുടെ പിറന്നാളിന് ദേവിയുണ്ടാക്കിയ കേക്ക് അവരെ എത്തിച്ചത് സ്റ്റോക്ക്ഹോമിലെ മലയാളി പേസ്റ്ററി ഷെഫ് എന്ന മധുരം പകരുന്ന തൊഴിലിലാണ്. സ്കാന്ഡിനേവിയയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ അറ്റ് സിക്സിലെ പേസ്റ്ററി ഷെഫ് ആണ് ദേവി ലളിതാംബിക ഇപ്പോൾ. 350 ഓളം ജോലിക്കാരിലെ ഒരേ ഒരു ഇന്ത്യൻ.

കൈപ്പുണ്യം മാത്രം പോരാ

devi-lalithambika-pastery-chef-sweeden
ADVERTISEMENT

പൊതുവെ തദേശീയ ഭാഷ അറിയാത്ത മറുനാട്ടുകാർക്കു ജോലി ലഭിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ് സ്കാന്ഡിനേവിയൻ നാടുകൾ. വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതിൽ അല്പം ഇളവുണ്ട്. ചൂടും സമശീതോഷ്ണ കാലാവസ്ഥയുള്ള നാടുകളിൽ നിന്നു വരുന്നവരെ പെട്ടെന്നു മടുപ്പിക്കും സ്കാന്ഡിനേവിയൻ നാടുകൾ. നവംബർ തുടങ്ങിയാൽ തണുപ്പിന്റെയും ഇരുട്ടിന്റെയും വരവാണ്.

സ്വീഡനിലെ തണുപ്പിലും ഇരുട്ടിലും സമയം കൊല്ലാനാണ് ദേവി ആദ്യമായി കേക്ക് ഉണ്ടാക്കിയത്. ആദ്യം മകൾ ശ്രുതിയുടെ പിറന്നാളിന് കേക്ക് ഉണ്ടാക്കി. കേക്ക് കഴിച്ചു ഇഷ്ടപ്പെട്ട സുഹൃത്തുക്കൾക്കു കേക്ക് ഉണ്ടാക്കി കൊടുത്തു തുടങ്ങി. അങ്ങനെ പാതിയെ കേക്ക് നിർമാണം ഒരു ഹോബിയായി മാറി. അപ്പോഴാണ് എന്തുകൊണ്ട് ഇതൊരു പ്രഫഷൻ ആയി എടുത്തുകൂടാ എന്ന ചിന്ത മനസ്സിൽ ഉരുത്തിരിഞ്ഞത്.

ADVERTISEMENT

സ്വീഡൻ പോലുള്ള രാജ്യത്ത് ഭക്ഷ്യമേഖലയിൽ ഭാഷ അറിയാതെ ജോലി ലഭിക്കാൻ ഏറെ പ്രയാസമാണ്. അതു കൂടാതെ ഫൂ‍ഡ് ഇൻഡസ്ട്രിയിൽ പ്രഫഷനൽ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ജോലി സാധ്യത തീരെയില്ല.

ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ദേവി സ്വീഡനിൽ മാസ്റ്റേഴ്സ് ഇൻ കേക്ക് ബേക്കിങ് ആൻഡ് ഡെക്കറേഷൻ കോഴ്സിന് ചേരുർന്നു. തുടർന്നു സ്പെയിനിൽ വീഗൻ പേസ്ട്രി കോഴ്സ് ചെയ്തു. പിന്നീട് ഫ്രഞ്ച് പേസ്ട്രി കോഴ്സും പൂർത്തീകരിച്ചു. പക്ഷേ, അപ്പോഴും ജോലി എന്ന സ്വപ്നം വിദൂരമായി തന്നെ തുടർന്നു.

ADVERTISEMENT

കേക്ക് വഴി വന്ന ജോലി

devi-lalithambika-pastery-chef-sweeden-cover

ഒരിക്കൽ ദേവിയുടെ കയ്യിൽ നിന്നു കേക്ക് വാങ്ങിയ ഷെഫ് ഒരു വീഗൻ പേസ്റ്ററി ഷോപ്പിൽ ജോലിക്കായി അവരെ റെക്കമെന്റ് ചെയ്തു. ‘‘അതായിരുന്നു കരിയറിലെ വഴിത്തിരിവ്. മൂന്നു ദിവസം നീണ്ടു നിന്ന ഇന്റർവ്യൂ വളരെ രസകരമായിരുന്നു. മൂന്നു ദിവസം പേസ്റ്ററി ഷോപ്പിൽ ജോലി ചെയ്യണം. അവർക്കു ഇഷ്ടമായാൽ ജോലി സ്ഥിരമാകും. പേസ്റ്ററി മേഖലയിൽ ആദ്യമായി ജോലിക്കു ശ്രമിക്കുന്നതിന്റെ അങ്കലാപ്പ് എല്ലാം മാറ്റി വച്ചു മൂന്നു ദിവസം അവിടെ ജോലി ചെയ്തു. മൂന്നാം ദിവസം പേസ്റ്ററി ഷെഫ് ആയി നിയമനവും ലഭിച്ചപ്പോൾ ഈ മേഖലയിൽ തുടരാം എന്ന ആത്മവിശ്വാസം ഇരട്ടിച്ചു.’’ ദേവി ലളിതാംബിക പറഞ്ഞു.

‘‘മൂന്നു നാലു വർഷം അവിടെ തുടർന്നു. ഒരു വലിയ ഹോട്ടൽ ഗ്രൂപ്പിൽ പേസ്റ്ററി ഷെഫ് ആകുക എന്നതായിരുന്നു സ്വപനം. പിന്നീട് മറ്റൊരു പേസ്റ്ററി ഷോപ്പിൽ ജോലിക്ക് കയറി കഴിഞ്ഞപ്പോഴാണ് ഒരു ദിവസം യാദൃശ്ചികമായി ആ ഫോൺ കോൾ വന്നത്. സ്കാന്ഡിനേവിയയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ അറ്റ് സിക്സിലേക്കു പേസ്റ്ററി ഷെഫ് ഇന്റർവ്യൂ. ഇന്റർവ്യൂ കഴിഞ്ഞു സ്വീഡനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പേസ്റ്ററി ഷെഫ് ആയി നിയമന ഉത്തരവ് കൈ പറ്റുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.’’ സ്വപ്നം സ്വന്തമാക്കിയ കഥ പറയുമ്പോഴും ദേവിയുടെ കണ്ണുകൾ നിറഞ്ഞു.

350 ഓളം ആളുകളാണ് അറ്റ് സിക്സിൽ ജോലി ചെയുന്നത്. അതിലെ ഒരേ ഒരു ഇന്ത്യനാണ് ദേവി. അതും പേസ്റ്ററി വിഭാഗം കൈകാര്യം ചെയ്യുന്ന ആൾ. ഇന്ത്യക്കാരി എന്നതിൽ അഭിമാനം തോന്നുന്ന നിമിഷങ്ങൾ പങ്കു വയ്ക്കുകയാണ് ദേവി.

ഹോട്ടലിലെ മെനു കാർഡിൽ ഇന്ത്യൻ ബിരിയാണി ഉൾപ്പെടുത്തുന്നതിൽ ദേവിക്ക് വലിയ റോളുണ്ട്. പാശ്ചാത്യ വിഭവങ്ങൾ മാത്രം വിളമ്പുന്ന റെസ്റ്റോറന്റിൽ ഒരു ദിവസം സ്റ്റാഫിനു ഭക്ഷണം പാകം ചെയുന്ന ജോലി ദേവി ഏറ്റെടുത്തു. അന്ന് ഉണ്ടാക്കിയത് നമ്മുടെ ബിരിയാണി. സഹപ്രവർത്തകർക്ക് എല്ലാം ബിരിയാണിയുടെ രുചി രസിച്ചു. അങ്ങനെ എക്സിക്യൂട്ടീവ് ഷെഫ് മുൻകൈ എടുത്തു മെനു കാർഡിലെ റൂം സർവീസിൽ ബിരിയാണി ഉൾപ്പെടുത്തി. ഇന്ത്യൻ രുചികൾ വിദേശീയരിലേക്ക് എത്തിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഓർക്കുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്താണെന്നു ദേവി. കേരളീയ രുചികളും പാശ്ചാത്യ രുചികളും കോർത്തിണക്കി ഫ്യൂഷൻ പേസ്റ്ററികൾ പരിചയപ്പെടുത്തണം എന്ന ആഗ്രഹവും ദേവി മനസ്സിൽ സൂക്ഷിക്കുന്നു.

‘‘ആദ്യ കാലങ്ങളിൽ ദിവസം പതിനഞ്ചും ഇരുപതും മണിക്കൂർ ജോലി ചെയ്തിട്ടുണ്ട്. ജോലിക്കു ശേഷം സുഹൃത്തുകളുടെ പേസ്റ്ററി ഓർഡറുകൾ പൂർത്തീകരിക്കാൻ രാപകൽ ഇല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ വിജയങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെ മികച്ച പിന്തുണ വളരെ വലുതാണ്.’’ ദേവി.

ഭർത്താവ് പ്രസാദ് ബാലൻ തൊടുപുഴ സ്വദേശിയാണ്. പ്രസാദ് ബാലനോടും മകൾ ശ്രുതിയോടും ഒപ്പം സ്റ്റോക്‌ഹോമിലാണ് ദേവി താമസിക്കുന്നത്.

‘‘Devis_kitchen_sweden എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലും കേരളീയ വിഭവങ്ങളുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നുണ്ട്. പേസ്റ്ററിയും നമ്മുടെ നാടൻ വിഭവങ്ങളും ഇന്നാട്ടുകാരെ പരിചയപ്പെടുത്താൻ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക എന്നതാണ് ഇപ്പോഴുള്ള സ്വപ്നം.’’ ദേവി മനസ്സു തുറന്നു. എല്ലാ വനിത വായനക്കാർക്കും ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കാൻ ദേവി ലളിതാംബികയുടെ ‘ദേവി സ്പെഷൽ’ ക്രിസ്മസ് പ്ലം കേക്ക് പാചകക്കുറിപ്പ്....

ക്രിസ്മസ് പ്ലം കേക്ക് 

devi-lalithambika-pastery-chef-sweeden-cake

1.ഉണക്കമുന്തിരി, ചെറി, ഡ്രൈ പ്ലം, നട്സ് – എല്ലാം കൂടി അരിഞ്ഞത് 450 ഗ്രാം

റം – 200 മില്ലി

2.മൈദ – 150 ഗ്രാം

ആമൺ ഫ്ലോർ – 75 ഗ്രാം

ഗ്രാമ്പൂ, പൊടിച്ചത് –

കറുവാപ്പട്ട, പൊടിച്ചത് –

ചുക്ക്, പൊടിച്ചത് –

3.വെണ്ണ – 150 ഗ്രാം

ഡാർക്ക് ബ്രൗൺഷുഗർ – 90 ഗ്രാം

4.നാരാങ്ങ തൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

5.മുട്ട – രണ്ട്

‌6.ബ്ലാക്ക് സിറപ്പ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഒരു സോസ്പാനിലാക്കി തിളപ്പിക്കുക.

∙തിളച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റി ചൂടാറുമ്പൾ മൂടിവച്ച് ഒരു രാത്രി വയ്ക്കുക.

∙അവ്ൻ 1500C ൽ ചൂടാക്കിയിടുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙മറ്റൊരു ബൗളിൽ ബ്രൗൺഷുഗറും വെണ്ണയും ചേർത്തു നന്നായി അടിക്കുക. ഇതിലേക്കു നാരങ്ങാതൊലി ചുരണ്ടിയതും ചേർത്തടിക്കണം.

∙മുട്ട ഓരോന്നായി ചേർത്തു നന്നായി അടിക്കുക.

∙ഇടഞ്ഞു വച്ചിരിക്കുന്ന മൈദ മിശ്രിതം ചേര്‍ത്തു മെല്ലേ യോജിപ്പിക്കുക. ഇടയ്ക്കിടെ കുതിർത്ത ഫ്രൂട്ട്–നട്ട് മിശ്രിതവും ചേർക്കുക.

∙ഈ മിശ്രിതം മയം പുരട്ടി പേപ്പറിട്ടു വച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 1¾ – 2 മണിക്കൂർ ബേക്ക് ചെയ്യുക.

∙കേക്കിലേക്കു കാൽ കപ്പ് റം കൂടി ഒഴിച്ചു കുതിർത്തു തണുക്കാനായി മാറ്റി വയ്ക്കണം.

∙നന്നായി തണുത്തതിനു ശേഷം കേക്ക് ടിന്നിൽ നിന്നും പുറത്തെടുത്ത് ഫോയിലിൽ പൊതിഞ്ഞു വായു കടക്കാത്ത പാത്രത്തിലാക്കി മൂന്നാഴ്ച വച്ചതിനു ശേഷം ഉപയോഗിക്കാം.

ADVERTISEMENT