Thursday 06 April 2023 11:07 AM IST : By സ്വന്തം ലേഖകൻ

‘അവനെന്റെ കുഞ്ഞനിയനല്ലേ, അന്നേരം വേറൊന്നും തോന്നിയില്ല’; വലിയ കാര്യം ചെയ്ത ഭാവമില്ലാതെ ദിയ, സമ്മാനമായി സ്കൂൾ ബസ്!

diya-alappuzha.jpg.image.845.440

‘അവനെന്റെ കുഞ്ഞനിയനല്ലേ, അവൻ കിണറ്റിനടിയിൽ കിടന്നു കൈകാലിട്ടടിക്കുന്നതു കണ്ടപ്പോൾ ഞാൻ പൈപ്പിലൂടെ ഊർന്നു താഴേക്കിറങ്ങി, അന്നേരം വേറൊന്നും തോന്നിയില്ല.’- അൽപം കൊഞ്ചലോടെ അതു പറയുമ്പോൾ താനെന്തോ വലിയ കാര്യം ചെയ്തെന്ന ഭാവമൊന്നും ദിയ ഫാത്തിമയ്ക്ക് ഇല്ല. 

‘‘ഞാനും അനിയത്തി ദുനിയയും കൂടി തുണി ഉണങ്ങിയത് അയയിൽ നിന്ന് എടുക്കുകയായിരുന്നു, അനിയൻ പമ്പിന്റെ മുകളിലൂടെ കിണറിന്റെ ഇരുമ്പു മറയ്ക്കു മുകളിൽ കയറി, ഇരുമ്പു മറയുടെ ദ്രവിച്ച ഭാഗവും അവനും കൂടി താഴേക്കു വീണു. വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ അനിയനെ കിണറ്റിൽ കണ്ടു. അമ്മയെ വിളിച്ചിട്ടു പൈപ്പിൽ പിടിച്ചു കിണറ്റിലിറങ്ങി. താഴെ എത്തി അനിയനെ എടുത്തു ചേർത്തുനിർത്തി. അപ്പോഴേക്കും ഓടിയെത്തിയവർ തുണി കെട്ടി താഴേക്കിറങ്ങി അനിയനെ ആദ്യം എടുത്തു. പിന്നീട് ഇട്ടു തന്ന കയറിൽ പിടിച്ചു ഞാൻ മുകളിലേക്കു കയറി.’’– അനിയനെ രക്ഷിച്ച സംഭവം പറയുമ്പോൾ ദിയയ്ക്ക് മുഖത്തു ചിരി പടരുന്നുണ്ട്. 

നഴ്സ് ആകണമെന്നാണു തന്റെ ആഗ്രഹമെന്നും അതിനാൽ നല്ലതായി പഠിക്കുമെന്നും പറഞ്ഞശേഷം മൂന്നാം ക്ലാസുകാരിയായ ദിയ അക്കുവേ, വാടാ എന്നു വിളിച്ച് സമീപത്തെ കശുമാവിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കയറി ആടാൻ തുടങ്ങി.

വിഡിയോ കോളിൽ മന്ത്രി

എട്ടു വയസ്സുകാരിയുടെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയ രണ്ടു വയസ്സുകാരൻ കുഞ്ഞനുജൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന ഇവാൻ (അക്കു) ആണു ഇന്നലെ പുലർച്ചെ വീട്ടിൽ തിരികെ എത്തിയത്. 

ഇവാന്റെ മുഖത്തും വലതു കയ്യിലും മുറിവുള്ള ഭാഗങ്ങളിൽ തൊടുമ്പോൾ കരയുന്ന തൊഴിച്ചാൽ ഇവാൻ വീട്ടുമുറ്റത്തു ഓടിക്കളിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണു ഇവാൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ശബ്ദം കേട്ടെത്തിയ സഹോദരി എട്ടു വയസ്സുകാരി ദിയ ഫാത്തിമ കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി ഇവാനെ ഒരു കൈകൊണ്ടു പിടിച്ചുയർത്തി മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണു ഇരുവരെയും കരയ്ക്കെത്തിച്ചത്.

സ്വകാര്യ റോഡ് നിർമാണ കമ്പനിയിൽ നിന്നു ഉപകരാർ ഏറ്റെടുത്തു നടത്തുന്നയാളാണ് ദിയയുടെ പിതാവ് സനൽ. തട്ടാരമ്പലം–മാവേലിക്കര–പന്തളം റോഡിന്റെ നവീകരണ ജോലികളുടെ ഭാഗമായാണു മാങ്കാംകുഴിയിൽ കുടുംബം താമസമാക്കിയത്. കുഞ്ഞനുജനെ രക്ഷിച്ച ദിയയെ അഭിനന്ദിക്കാൻ ഒട്ടേറെ പേർ എത്തി.

മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.ജിതേഷ് വീട്ടിലെത്തി ദിയയ്ക്ക് ഉപഹാരം നൽകി. തുടർന്നു മന്ത്രി വിഡിയോ കോളിൽ ദിയയുമായി സംസാരിച്ചു. എം.എസ്.അരുൺകുമാർ എംഎൽഎ ഇന്നലെ രാവിലെ തന്നെ വീട്ടിലെത്തി ദിയയെ അഭിനന്ദിച്ചു. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ദിയയുടെ സ്കൂളിലെ അധ്യാപകർ എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ വീട്ടിലെത്തി അനുമോദിച്ചു.

ദിയയ്ക്ക് സമ്മാനമായി സ്കൂൾ ബസ്

കുഞ്ഞനിയനെ രക്ഷിച്ച ദിയ ഫാത്തിമയെ ആദരിക്കാൻ വീട്ടിലെത്തിയ എം.എസ്.അരുൺകുമാർ എംഎൽഎ എന്തെങ്കിലും ആഗ്രഹം ഉണ്ടോയെന്നു ചോദിച്ചപ്പോൾ ദിയ രണ്ടാമതൊന്ന് ആലോചിക്കാതെ ചോദിച്ചു – ‘സ്കൂളിൽ പോകുന്നത് നടന്നാണ്, വാഹന സൗകര്യം ഒരുക്കിത്തരാമോ?’. ദിയക്കും സഹോദരി ദുനിയായ്ക്കും സ്കൂളിലെ മറ്റു വിദ്യാർഥികൾക്കും പ്രയോജനപ്പെടും വിധം സ്കൂളിനു ബസിനായി ഫണ്ട് അനുവദിക്കുമെന്ന് എംഎൽഎ ഉടൻ അറിയിച്ചു. അടുത്ത അധ്യയന വർഷം വാഹന സൗകര്യം ഉറപ്പാക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

കിണറിന് പുതിയ ഇരുമ്പുമറ

വീട്ടുമുറ്റത്തെ കിണറിന് ഇനി ഉറപ്പുള്ള ഇരുമ്പു മറ. കഴിഞ്ഞദിവസം അപകടം ഉണ്ടായ ദ്രവിച്ച ഇരുമ്പു മറ തന്നെ കിണറിനു മുകളിൽ ഇട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സിപിഎം മാങ്കാംകുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. യശോധരനാണു പുതിയ മറ നിർമിച്ചു നൽകുന്നതിനു ക്രമീകരണം ഒരുക്കിയത്. ഇന്നലെത്തന്നെ ഇതിനായി അളവുകൾ ശേഖരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ പുതിയ ഇരുമ്പുമറ സ്ഥാപിക്കുമെന്നു യശോധരൻ പറഞ്ഞു.

Tags:
  • Spotlight
  • Motivational Story