ADVERTISEMENT

വൈക്കം വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ സിപിഎംകാരനായ സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ്. കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ. ഷാഹിം ഡോക്ടർ ശ്രീജ രാജിനെ തടഞ്ഞ് വച്ച് അസഭ്യം പറഞ്ഞത്. കേസെടുത്ത് 4 ദിവസമായിട്ടും ഷാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

160 ലധികം രോഗികളെ ഒപി സമയം കഴിഞ്ഞും പരിശോധിച്ച ശേഷം രണ്ടരയോടെ ഉച്ചഭക്ഷണം കഴിക്കാൻ പോയ ഡോക്ടർ ശ്രീജയെ തടഞ്ഞായിരുന്നു ഷാഹിമിന്റെ അസഭ്യവർഷം. കുഴഞ്ഞു വീണ ഡോക്ടറെ പൊലീസും ജീവനക്കാരും ചേർന്നാണ് വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വെള്ളൂർ പൊലീസാണ് ആശുപത്രി സംരക്ഷണ നിയമപ്രകാരവും സർക്കാർ ഡ്യൂട്ടി തടസപ്പെടുത്തി കൈയ്യേറ്റത്തിന് ശ്രമിച്ചു എന്ന വകുപ്പു പ്രകാരവും കേസെടുത്തിരിക്കുന്നത്.

ADVERTISEMENT

ആശുപത്രി സംരക്ഷണനിയമത്തിലെ മൂന്ന്, നാല് വകുപ്പുപ്രകാരവുമാണ് കേസ്. എന്നാൽ കേസെടുത്ത് നാലു ദിവസമായിട്ടും ഷാഹിമിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. സിപിഎംകാരനായ പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പരാതിയുമായി ദളിത് സംഘടനകളും രാഷ്ട്രീയ പാർട്ടികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഒപി സമയത്തിന് മുൻപ് ഒന്നേമുക്കാലോടെ എത്തിയ തനിക്ക് ഒപി ടിക്കറ്റ് നൽകിയില്ലെന്നും ചികിൽസ നിഷേധിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഷാഹിം പറയുന്നത്.

ADVERTISEMENT
ADVERTISEMENT