Monday 01 July 2024 11:33 AM IST

നെഞ്ചുതുറന്നു ചെയ്ത ശസ്ത്രക്രിയ, വേദനയുടെ മണിക്കൂറുകൾ: ഡോക്ടറായ അച്ഛന്റെ ഹൃദയ ശസ്ത്രക്രിയക്ക് ചുക്കാൻ പിടിച്ചത് മകൾ

Asha Thomas

Senior Sub Editor, Manorama Arogyam

Pattani4435 ഡോ. ജോസഫ് പാറ്റാനിയും മകൾ ഡോ. നിഷ പാറ്റാനിയും

ഡോ. ജോസഫ് പാറ്റാനിയുടെ സമയനിഷ്ഠ പ്രസിദ്ധമാണ്. ഡോക്ടർ ആശുപത്രിയിൽ എത്തിയാൽ ക്ലോക്ക് നോക്കേണ്ട, ഉറപ്പിക്കാം സമയം ഏഴുമണി ആയിട്ടുണ്ടാകും. സമയനിഷ്ഠ മാത്രമല്ല ജീവിതരീതിയിലും തികഞ്ഞ ചിട്ടയുണ്ട് ഡോക്ടർക്ക്. രാവിലെ നാലരയ്ക്ക് ഉണരും. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യും. ഭക്ഷണത്തിനും ഉറക്കത്തിനുമെല്ലാം കൃത്യം സമയമുണ്ട്. ഒരാളെ രോഗിയാക്കുന്നത് എന്തൊക്കെ ആണെന്ന് പറഞ്ഞുകൊടുക്കുക മാത്രമല്ല, സ്വയം ജീവിച്ചുകാണിക്കുകയും ചെയ്തയാളായിരുന്നു കോട്ടയം മിറ്റേര ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ധനായ ഡോ. ജോസഫ് പാറ്റാനി. എന്നിട്ടും 69–ാം വയസ്സിൽ അവിചാരിതമായി ഡോക്ടർക്ക് ഹൃദ്രോഗം പിടിപെട്ടപ്പോൾ ഇതുവരെ പഠിച്ച ആരോഗ്യസമവാക്യങ്ങൾ കൊണ്ട് അതിനൊരു ഉത്തരം കണ്ടെത്താനാകാതെ അദ്ദേഹം കുഴങ്ങി.

തന്നെ അലട്ടിയ രോഗത്തേക്കുറിച്ചും അതിന്റെ കാരണം തേടിയുള്ള തിരച്ചിലിനെക്കുറിച്ചും ഡോക്ടർ പറഞ്ഞുതുടങ്ങി. ‘‘ഹൃദ്രോഗ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമനാളുകളിൽ വീണ്ടും വീണ്ടും ഞാൻ ആലോചിച്ചു നോക്കി. എവിടെയാണ് കുഴപ്പം? കൃത്യമായ ദിനചര്യ, മിതവും ആരോഗ്യകരവുമായ ഭക്ഷണം, നിത്യേന വ്യായാമം, അത്ര സംഘർഷഭരിതമല്ലാത്ത ജോലി. കുടുംബത്തിലാർക്കും തന്നെ ഹൃദ്രോഗപാരമ്പര്യമില്ല, എനിക്കു പ്രമേഹമോ മറ്റു രോഗങ്ങളോ ഇല്ല. ഹൃദ്രോഗം കണ്ടെത്തുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശോധിച്ചപ്പോൾ ബിപി 140/70 ആയിരുന്നു. അതത്ര പ്രശ്നമല്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ വളരെ കുറഞ്ഞ ഡോസിൽ മരുന്ന് തുടങ്ങിയിരുന്നു. ദുശ്ശീലങ്ങളെന്നു പറയുന്ന ഒരു ശീലങ്ങളുമില്ല.

തിരിച്ചും മറിച്ചും പരിശോധിച്ചപ്പോൾ രണ്ടു കാര്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്നു. ദിവസവും അഞ്ചര മണിക്കൂറേ ഞാൻ ഉറങ്ങിയിരുന്നുള്ളു. രാത്രി 11 ന് ഉറങ്ങിയാൽ വെളുപ്പിനെ നാലരയ്ക്കു തന്നെ ഉണരും. രോഗസൂചന കണ്ട അന്ന് ലേബർറൂമിൽ ഒരു എമർജൻസിക്ക് ചെല്ലാനായി 27 പടികൾ ഒാടിക്കയറിയിരുന്നു. എന്നെ പിടികൂടിയ ഹൃദ്രോഗത്തിന് കാരണമായി ഈ രണ്ടു കാര്യങ്ങളല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്താനായില്ല. ഇതൊക്കെ ഒരു പ്രശ്നമാണോ എന്നു ചോദിച്ചാൽ അത്ര വലിയ പ്രശ്നങ്ങളല്ല. പക്ഷേ, ഹൃദയത്തിൽ കൈവച്ചു പറയട്ടെ, നമ്മുടെ ഹൃദയത്തിന്റെ കാര്യത്തിൽ ചെറിയ സൂചനകൾ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്റെ കാര്യത്തിൽ ഹൃദയം മുൻകൂട്ടി ചെറിയൊരു സൂചന തന്നു. വൈദ്യശാസ്ത്രം ഗ്രഹിച്ചയാളായതുകൊണ്ട് ആ സൂചനയെ ഞാൻ അവഗണിച്ചുകളഞ്ഞില്ല. ഡോക്ടർ കൂടിയായ മകളുടെ ഇടപെടലും ഏറെ നിർണായകമായി.

മനസ്സിനെ സ്പർശിച്ച ആ സൂചന

‘‘ 2020 ജൂലൈ 13 തിങ്കളാഴ്ച. ഞാൻ ഒപിയിൽ ആയിരുന്നു. ഏകദേശം പത്തര മണിയായപ്പോൾ ലേബർ റൂമിൽ നിന്നും ഒരു ഫോൺ വന്നു. ‘ഒരു വാക്വം ഡെലിവറിയുണ്ട്. ഡോക്ടർ ഒന്നു വരണം. ’ രണ്ടാം നിലയിലാണ് ലേബർ റൂം. 27 പടികൾ ചാടിക്കയറി ലേബർ റൂമിൽ എത്തിയപ്പോഴേക്കും ഒരു ഡിസിനസ്സ്. തലയ്ക്ക് മന്ദത പോലെ. തലച്ചോറിലേക്ക് രക്തയോട്ടം കുറയുന്നതാണോ എന്നൊരു തോന്നൽ മനസ്സിൽ ഒന്നു തട്ടി കടന്നു പോയി. ഒപിയുടെ തിരക്കിലേക്ക് പോയതോടെ ആ സംഭവമേ മറന്നു. എന്നത്തേയും പോലെ 2.30 വരെ ജോലി ചെയ്തു വീട്ടിലെത്തി.

മൂത്തമകൾ ഡോ. നിഷാ പാറ്റാനി കാരിത്താസിൽ അനസ്തറ്റിസ്റ്റാണ്. പിറ്റേന്ന് അവളെ വിളിച്ചു സംസാരിച്ചപ്പോൾ തലേന്നത്തെ തോന്നലിനേക്കുറിച്ചും ഒന്നു സൂചിപ്പിച്ചു. മകൾ അതു കാര്യമായെടുത്തു. വെറുതെയാണെങ്കിലും വന്നൊന്നു പരിശോധിക്കണം എന്ന അവളുടെ നിർബന്ധത്തിനു വഴങ്ങി പരിശോധന ഷെഡ്യൂൾ ചെയ്തു. ശനിയാഴ്ച ( 18–ാം തീയതി) ഒപിയും കഴിഞ്ഞ് 12.30 മണിയോടെ കാരിത്താസ് ആശുപത്രിയിലെത്തി ഡോ. േജാണി ജോസഫിനെ കണ്ടു. ഇസിജി, എക്കോ, ബിപി എല്ലാ പരിശോധനകളും നോർമൽ. ഒരു ടിഎംടി (ട്രെഡ്മിൽ ടെസ്റ്റ്) കൂടി നോക്കാം എന്നു ഡോക്ടർ നിർദേശിച്ചു. ടിഎംടി തുടങ്ങി മൂന്നു മിനിറ്റ് ആയപ്പോഴേക്കും അടുത്തുനിന്ന ഡോക്ടർമാരുടെ മുഖത്ത് ഒരു ഭാവവ്യത്യാസം കണ്ടു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്കു മനസ്സിലായി. ഹാർട്ടിന് ബ്ലോക്കുണ്ട് ഒരു ആൻജിയോഗ്രാം കൂടി ചെയ്യണം, അതുകൊണ്ട് അഡ്മിറ്റ് ആകാമെന്നു ഡോക്ടർ പറഞ്ഞു. ഉച്ചകഴിഞ്ഞ് ഡോ. ദീപക് ഡേവിഡ്സണിന്റെ നേതൃത്വത്തിൽ ആൻജിയോഗ്രാം ചെയ്തു. പ്രധാന രക്തധമനികളിലായി 90 ശതമാനത്തിലധികം അടവുള്ള മൂന്നു ബ്ലോക്ക് കണ്ടു. കൂടാതെ രണ്ട് ചെറിയ ബ്ലോക്കുകളും. ഹൃദ്രോഗവിദഗ്ധന്മാരുടെ ടീം ചർച്ച ചെയ്തു സ്ഥിതി വിലയിരുത്തി. മൂന്നിൽ കൂടുതൽ ബ്ലോക്കുകളുള്ളതിനാൽ ആൻജിയോപ്ലാസ്റ്റി അനുയോജ്യമല്ല. കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് ചെയ്യുന്നതാണ് സുരക്ഷിതം. പക്ഷേ, കീ ഹോൾ രീതിയോ റോബോട്ടിക് സർജറിയോ പറ്റില്ല. കൺവൻഷനലായ ഒാപ്പൺ ഹാർട്ട് സർജറിയേ നടക്കൂ.

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ എന്നത് ഏറെ സങ്കീർണമാണ്. എനിക്കു ടെൻഷനൊന്നും തോന്നിയില്ല. ഡോക്ടർ ആയതുകൊണ്ടു മാത്രമല്ല. സർജറി ടീമിൽ അനസ്തറ്റിസ്റ്റായി മകൾ നിഷ ഉണ്ടെന്ന ധൈര്യമായിരുന്നു അത്. ഇളയ മകൾ ആഷ ജർമനിയിൽ എഞ്ചിനീയറാണ്. അവളെയും അടുത്ത ബന്ധുക്കളെയും വിളിച്ച് കാര്യം പറഞ്ഞു. ഞായറാഴ്ച, ഡോക്ടർ വന്ന് പിറ്റേന്നത്തെ പ്രൊസീജറിനെക്കുറിച്ച് ഒരു ലഘുവിവരണം തന്നു.

20–ാം തീയതി തിങ്കളാഴ്ച, രാവിലെ എട്ടരയ്ക്ക് തന്നെ സർജറി തുടങ്ങി. സെഡേഷനുള്ള രണ്ട് കുത്തിവയ്പ് എടുത്തതോടെ ഞാൻ മയക്കത്തിലേക്കുപോയി. മകൾ നിഷ പിന്നീട് എല്ലാം വിശദമായി പറഞ്ഞു തന്നു. ഹൃദയമിടിപ്പ് നിർത്താതെ ചെയ്യുന്ന ബീറ്റിങ് ഹാർട്ട് സർജറിയാണ് ചെയ്തത്. നെഞ്ചു തുറന്ന്, പെരികാർഡിയം എന്ന ഹൃദയാവരണം മുറിച്ച് തള്ളിമാറ്റി, മിടിക്കുന്ന എന്റെ ഹൃദയത്തിൽ ഡോ. രാജേഷ് രാമൻകുട്ടി അതിവിദഗ്ധമായി അഞ്ചു പുതിയ രക്തപന്ഥാവുകൾ തുറന്നു. മുറിവ് തുന്നിച്ചേർത്ത് കഴിഞ്ഞപ്പോഴേക്കും ആറു മണിക്കൂർ കഴിഞ്ഞിരുന്നു. നെഞ്ച് തുറന്നു ചെയ്തതിനാൽ പിന്നീട് അതിതീവ്രമായ വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ, ഒരു സൂചന പോലും തരാതിരുന്ന ഒരു വൻആപത്തിൽ നിന്നാണല്ലൊ രക്ഷപെട്ടത് എന്നോർക്കുമ്പോൾ അത് സുഖമുള്ള വേദനയായി.

ചിട്ടയായ ജീവിതം

ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നുമാസം വിശ്രമമാണ്. ഡയറ്റിൽ ചില്ലറ നിയന്ത്രണങ്ങൾ, മെല്ലെയുള്ള നടത്തം. പതിവായി കഴിക്കേണ്ടുന്ന ചില മരുന്നുകൾ... പഴയ ദിനചര്യ ആരോഗ്യകരമായിരുന്നതിനാൽ പുതുതായി ഒന്നും ചേർക്കേണ്ടി വന്നില്ല.

മദ്രാസ് മെഡി. കോളജിലെ എംഡി പഠനകാലത്തേ തുടങ്ങിയ ചിട്ടകൾ പിന്നീടും അതേപടി തുടരുകയായിരുന്നു. രാവിലെ നാലരയ്ക്ക് ഉണരും ഒരു മണിക്കൂർ വ്യായാമം. ലഘുവായ പ്രാതൽ. രണ്ടരയ്ക്കാണ് ഉച്ചഭക്ഷണം. വയറിന്റെ മുക്കാൽ ഭാഗം നിറയുന്നത്ര ഭക്ഷണമേ കഴിക്കൂ. അതും ധാരാളം പച്ചക്കറികൾ കൂട്ടി. മീൻ കറി ഇടയ്ക്ക് കഴിക്കും. ചിക്കൻ വല്ലപ്പോഴുമേ കഴിക്കാറുള്ളു. ഊണു കഴിഞ്ഞ് മുക്കാൽ മണിക്കൂറോളം ഒന്നുമയങ്ങും. അത്യാവശ്യമുണ്ടെങ്കിൽ വൈകിട്ട് ആശുപത്രിയിൽ പോകും. വൈകുന്നേരങ്ങളിൽ പേശികൾക്ക് ചില സ്ട്രെച്ചിങ്–എയ്റോബിക്സ് വ്യായാമങ്ങൾ ചെയ്യും. കുളി കഴിഞ്ഞ് ഏഴു മണിയോടെ ഭക്ഷണം. 11 മണി വരെ വായനയും എഴുത്തുമൊക്കെയായി സമയം ചെലവിടും. കാരിത്താസ് ജങ്ഷനിൽ തന്നെയുള്ള മിറ്റേര ഹോസ്പിറ്റലിന്റെ ചുമതലയേറ്റത് മൂന്നു വർഷം മുൻപാണ്. അതിനു മുൻപ് കാരിത്താസ് ആശുപത്രിയിലും വിദേശത്തും മാതാ ആശുപത്രിയിലുമായി ജോലി ചെയ്തു.

നേരത്തെ ആശുപത്രിയിൽ എത്തിതുടങ്ങിയതിനു പിന്നിൽ ഒരു കാരണമുണ്ട്. കൊച്ചുകുട്ടികളാണ് എന്റെ രോഗികൾ. മാതാപിതാക്കൾ മിക്കവരും ജോലിക്കാരൊക്കെയായിരിക്കും.. ഒപി നേരത്തെ തുടങ്ങിയാൽ അവർക്ക് കുട്ടിയെ കാണിച്ചിട്ട് ഒാഫിസിൽ പോകാൻ സമയം കിട്ടും. റൗണ്ട്സ് നേരത്തെ കഴിഞ്ഞാൽ നഴ്സുമാർക്ക് താമസമില്ലാതെ ഡ്യൂട്ടി മാറാം, ഡിസ്ചാർജ് ആകുന്ന രോഗികൾക്ക് നേരത്തെ വീട്ടിൽ പോകാം.

കാണാതെ പോകരുത് ഈ സൂചനകൾ

ദീർഘനാളായുള്ള നെഞ്ചുവേദന, നെഞ്ചിൽ കല്ലു വച്ചതുപോലുള്ള അസ്വാസ്ഥ്യം, ക്ഷീണം, നടക്കുമ്പോഴുള്ള കിതപ്പ്, ഉറക്കപ്രശ്നങ്ങൾ, കൈ കട്ടുകഴയ്ക്കുന്നതുപോലുള്ള വേദന എന്നിവയൊക്കെ ഹൃദയം നമ്മുടെ മുൻപിലേക്ക് ഇട്ടുതരുന്ന സൂചനകളാകാം. ചെറിയ ലക്ഷണങ്ങളെ പോലും നിസ്സാരമാക്കാതിരിക്കുക. പരിശോധിച്ച് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ ആപത് ഘടകങ്ങൾ ഉള്ളവർ.

പ്രമേഹം, അമിത ബിപി, അലസമായ ജീവിതരീതി, ഉയർന്ന കൊളസ്ട്രോൾ, പാരമ്പര്യം, സ്ട്രെസ്സ് എന്നീ ഘടകങ്ങളൊക്കെ ഹൃദയധമനീരോഗങ്ങളുടെ ആപത് ഘടകങ്ങളാകാം. കേരളത്തിലെ കാര്യമെടുത്താൽ ഹൃദയം രോഗാതുരമാകാനുള്ള ഏറ്റവും പ്രധാന കാരണങ്ങൾ നീണ്ടുനിൽക്കുന്ന മാനസിക പിരിമുറുക്കവും ചലനമേയില്ലാത്ത ജീവിതരീതിയുമാണ്. ഹൃദ്രോഗത്തിന്റെ പ്രായം കുറഞ്ഞുവരുന്നു എന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

45 വയസ്സിൽ താഴെയുള്ളവരിൽ രണ്ടു ശതമാനം പേർക്ക് ഹൃദയ–ധമനീരോഗങ്ങൾ ഇന്നു കാണുന്നുണ്ട്. 45 വയസ്സിനു മുകളിലുള്ളവരിൽ 10 ശതമാനം പേർക്കും ഹൃദ്രോഗം കാണുന്നു. ഏഷ്യക്കാരെ എടുത്താൽ മറ്റുള്ള രാജ്യക്കാരെക്കാൾ 5–10 വർഷം മുൻപേ ഇന്ത്യയിൽ ഹൃദയ–ധമനീരോഗങ്ങൾ കാണുന്നു. അറ്റാക്ക് സംഭവിക്കുന്നതിനു മുൻപേ ബ്ലോക്കുകൾ കണ്ടെത്തി കൃത്യമായ ചികിത്സ എടുക്കുന്നത് അറ്റാക്ക് വന്നിട്ട് ചികിത്സിക്കുന്നതിലും പ്രയോജനപ്രദമാണെന്നു മറക്കരുത്.

ഡോക്ടറുടെ അനുഭവം വായിച്ച് , ‘എത്ര ശ്രദ്ധിച്ചാലും വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്നാണ് ഗുണപാഠം എന്നു കരുതുന്നവരോട്... അറ്റാക്ക് ട്രാഫിക് ആക്സിഡന്റ് പോലെയാണ്. ട്രാഫിക് നിയമങ്ങൾ എല്ലാം പാലിച്ച് ഏറെ ശ്രദ്ധയോടെ വണ്ടിയോടിച്ചാലും തൊട്ടടുത്ത വളവിൽ ഒരു അപകടം കാത്തിരിക്കുന്നുണ്ടാകാം. പക്ഷേ, സീറ്റ് ബെൽറ്റ് ഇട്ട്, സ്പീഡ് കുറച്ച്, ശ്രദ്ധിച്ചു പോയാൽ അപകടത്തിന്റെ തീവ്രത കുറവായിരിക്കും. നെഞ്ചിന്റെ നടുവിൽ മാറെല്ലിന്റെ കവചത്തിൽ ഹൃദയത്തെ സുരക്ഷിതമായി വച്ചിരിക്കുന്നത് അത്ര സുരക്ഷിതമായി കൊണ്ടുനടക്കാനാണെന്നു മറക്കരുത്.

Tags:
  • Manorama Arogyam
  • Health Tips