Tuesday 19 March 2024 03:55 PM IST

കുഞ്ഞു വേണമെന്നു തോന്നുന്ന കാലത്തു മതി, കരിയറിനേയും ബാധിക്കില്ല: എന്താണ് ‘എഗ് ഫ്രീസിങ്’: അറിയേണ്ടതെല്ലാം

Delna Sathyaretna

Sub Editor

egg-freezing-14

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാൻ 25 നും 32 നും ഇടയിലുള്ള പ്രായത്തിൽ അമ്മയാകുന്നതാണു നല്ലത്. പല കാരണങ്ങൾ കൊണ്ടു വിവാഹവും അമ്മയാകുന്നതുമൊക്കെ അൽപം വൈകി മതിയെന്നാണോ? അങ്ങനെയെങ്കിൽ ‘എഗ് ഫ്രീസിങ്’ മാർഗം പ്രയോജനപ്പെടുത്താം. ഇന്ത്യയിലാകെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ‘എഗ് ഫ്രീസിങ്’ പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 25 ശതമാനം വർധന ഉണ്ടായെന്നാണ് ഇന്ത്യൻ സൊസൈറ്റി ഫോർ അസിസ്റ്റഡ് റിപ്രൊഡക്‌ഷന്റെ കണ്ടെത്തൽ. കേരളത്തിൽ മുൻവർഷത്തേക്കാൾ അഞ്ചിരട്ടി വർധനയാണുള്ളത്.

കരിയറിൽ മുന്നേറാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, ആ രോഗ്യപ്രശ്നങ്ങൾ മൂലം വലയുന്നവർ അങ്ങനെ പല ഗണത്തിൽ പെടുന്നവർക്കാണ് അണ്ഡശീതികരണം ഗുണകരമാകുന്നത്. യൗവനം നിറഞ്ഞു നിൽക്കുന്ന പ്രായത്തിലെ മുന്നൊരുക്കം എങ്ങനെ വേണമെന്നു മനസ്സിലാക്കാം. ‘എഗ് ഫ്രീസിങ്’ സംബന്ധമായുള്ള പൊതുസംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടി.

അണ്ഡം ശീതീകരിച്ചു സൂക്ഷിക്കൽ എന്നാൽ എന്താണ്?

ആരോഗ്യകാരണങ്ങൾ കൊണ്ടോ വ്യക്തിപരമോ സാമൂ ഹികമോ ആയ കാരണങ്ങൾ കൊണ്ടോ ഗർഭധാരണം വൈകാനിടയുള്ള സ്ത്രീകൾക്കു വേണ്ട സമയത്ത് ആരോ ഗ്യമുള്ള കുഞ്ഞിനു ജന്മം നൽകാൻ വൈദ്യശാസ്ത്രം നൽകുന്ന നൂതന മാർഗമാണ് അണ്ഡശീതീകരണം.

ഒരു പെൺകുട്ടി ജനിക്കുമ്പോഴേ അവൾക്കുള്ളിൽ അ ണ്ഡങ്ങളുണ്ടാകും. പ്രായപൂർത്തിയാകുന്നതോടെ ഇവയിലോരോന്നു വീതം ഓരോ ആർത്തവചക്രത്തിലും പുറത്തു പോകും. സ്ത്രീയുടെ പ്രായമേറുന്തോറും അ ണ്ഡങ്ങളുടെ എണ്ണം കുറയുന്നതു പോലെ ഗുണമേന്മയും കുറയും. പ്രായം ഇരുപതുകളിലുള്ള സ്ത്രീക്ക് 80 – 90 ശതമാനം വരെ ആരോഗ്യമുള്ള അണ്ഡങ്ങളുണ്ടാകും. മുപ്പതുകളിൽ 50 ശതമാനമാകും ആരോഗ്യമുള്ള അണ്ഡങ്ങൾ. നാൽപ്പതുകളി ൽ ഇത് 10–20 ശതമാനം വരെയാകാം. ആരോഗ്യമുള്ള അണ്ഡങ്ങൾ ശീതികരിച്ച് സൂക്ഷിച്ചാൽ അവയ്ക്കു പ്രായമേറില്ല. ഗുണവും മറ്റു ഘടനകളും മാറുകയുമില്ല. കുഞ്ഞു വേണമെന്നു തോന്നുന്ന കാലത്തു ശീതീകരിച്ച അണ്ഡമുപയോഗിച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗർഭം ധരിക്കാം.

ആർക്കെല്ലാം ഉപകാരപ്പെടും?

അണ്ഡശീതീകരണം രണ്ടു രീതിയിലാണ് ഉപകാരപ്പെടുന്നത്. സാമൂഹിക കാര ണങ്ങൾ കൊണ്ടു ഗർഭധാരണം വൈകുന്നവർക്കും ആരോഗ്യകാരണങ്ങൾ കൊണ്ടു വൈകുന്നവർക്കും. ‘മുപ്പതു കഴിയാതെ വിവാഹക്കാര്യം ആലോചിക്കുകയേ വേണ്ട. എനിക്കു സിംഗിൾ ലൈഫ് ആസ്വദിക്കണം’ എന്നു ചിന്തിക്കുന്ന സ്ത്രീകൾ സാമൂഹിക കാരണങ്ങളിൽപെടും.

ഇഷ്ടമുള്ള വരനെ കണ്ടുപിടിക്കാന്‍ പ്രായം മറന്നു കാത്തിരിക്കുന്ന കൂട്ടരും കരിയറിൽ ഉയരങ്ങളിലെത്തിയ ശേ ഷം മതി കുഞ്ഞുങ്ങളെന്നു തീരുമാനിക്കുന്നവരും ‘സോ ഷ്യൽ ഫ്രീസിങ്’ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.

കാൻസർ പോലുള്ള രോഗങ്ങളോ അനാരോഗ്യമോ മൂലം ഗർഭധാരണം വൈകിപ്പിക്കേണ്ടി വരുന്നവർക്കും അ ണ്ഡം ശീതീകരിച്ചു സൂക്ഷിക്കുന്നതിലൂടെ ഭാവിയിൽ ആരോഗ്യമുള്ള കുഞ്ഞിനു ജന്മം കൊടുക്കാം.

ഗർഭപാത്രത്തിനു പുറത്തു ഗർഭപാത്ര കോശങ്ങൾ വളരാൻ കാരണമാകുന്ന എൻഡ്രോമെട്രിയോസിസ് പോലുള്ള വിവിധതരം ആരോഗ്യപ്രശ്നങ്ങളും പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചേക്കാം.

ഇത്തരക്കാർക്കും കുഞ്ഞെന്ന പ്രതീക്ഷ അസ്തമിക്കാതിരിക്കാൻ നല്ല മാർഗമായി അണ്ഡശീതീകരണം പ്രയോജനപ്പെടുത്താം. പങ്കാളിയുടെ ബീജവുമായി ബന്ധപ്പെട്ട ടിസ, മൈക്രോ ടിസ പോലുള്ള ചികിത്സകൾ കൂടുതൽ ഫലപ്രദമാക്കാനും ഐവിഎഫ് വിജയ സാധ്യത വർധിപ്പിക്കാനും അണ്ഡം ശീതീകരിക്കുന്നതു ഗുണകരമാണ്.

ശീതികരിച്ച ശേഷം എത്ര വർഷം വരെ അണ്ഡം സൂക്ഷിക്കാൻ കഴിയും?

പത്തു വർഷം അണ്ഡം സൂക്ഷിച്ചു വയ്ക്കാനാണു നിലവിൽ അനുമതിയുള്ളത്. ഇക്കാലയളവിനുള്ളിൽ അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന അതേ ആശുപത്രിയിലെ ചികിത്സയിലൂടെ ഗർഭം ധരിക്കാവുന്നതാണ്.

മൈനസ് 196 ഡിഗ്രി സെൽഷ്യസിൽ ലിക്വിഡ് നൈട്രജനിലാണ് അണ്ഡം സൂക്ഷിക്കുന്നത്. ക്രയോലോക്ക് എന്ന ഉപകരണസംവിധാനത്തിലാണ് ഇതു ചെയ്യാറുള്ളത്.

പൂർണമായും മരവിച്ച അവസ്ഥയിൽ നിന്നു 37 ഡിഗ്രിയിലേക്കു താപനില ക്രമീകരിച്ച ശേഷം ഗർഭധാരണത്തിനായി ഈ അണ്ഡം ഉപയോഗിക്കാവുന്നതാണ്. ‘തോയിങ്’ അല്ലെങ്കിൽ വാമിങ് എന്നാണ് ഇതിനു പേര്. പൂർണമായും മരവിച്ച അവസ്ഥയിൽ കേടുപാടുകളോ ഘടനാമാറ്റങ്ങളോ ഈ അണ്ഡങ്ങളിൽ ഉണ്ടാകില്ല.

അണ്ഡം ശീതീകരിക്കാൻ തീരുമാനമെടുത്തു കഴിഞ്ഞാ ൽ ആർത്തവത്തിന്റെ രണ്ടാം ദിവസം മുതൽ പതിനഞ്ചു ദിവസം ഹോർമോൺ കുത്തിവയ്പ്പെടുക്കാൻ ബന്ധപ്പെട്ട ഡോക്ടർ നിർദേശിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും ദിനചര്യകളും പാലിക്കുകയെന്നതല്ലാതെ പ്രത്യേക മുന്നൊരുക്കങ്ങൾ അവശ്യമില്ല.

സാധാരണ ആർത്തവ ചക്രത്തിൽ പുറന്തള്ളപ്പെടുന്ന ഒരു അണ്ഡത്തിനു പുറമേ പല അണ്ഡങ്ങൾ പക്വത വരുത്തി പുറത്തെടുക്കാൻ ഈ കുത്തിവയ്പ്പുകൾ സഹായിക്കും. നിശ്ചിത ഇടവേളകളിൽ സ്കാനിങ്ങിലൂടെ അണ്ഡങ്ങളുടെ വളർച്ച വിലയിരുത്തുകയും ചെയ്യും.

മതിയായ വളർച്ചയിലെത്തിയാൽ അവസാനത്തെ കുത്തിവയ്പ്പെടുത്തശേഷം അടുത്ത ദിവസം തന്നെ ലളിതമായ ശസ്ത്രക്രിയയിലൂടെ അണ്ഡങ്ങൾ പുറത്തെടുക്കും. ജനറൽ അനസ്തേഷ്യ നൽകിയ ശേഷമായിരിക്കും ശസ്ത്രക്രിയ. യോനീഭാഗം വഴി തന്നെ ഗർഭാശയത്തിനുള്ളിൽ നിന്ന് അണ്ഡങ്ങൾ ശേഖരിക്കുന്ന ലളിതമായ ശസ്ത്രക്രിയയാണിത്. രാവിലെ ശസ്ത്രക്രിയ കഴിഞ്ഞാൽ അതേ ദിവസം വൈകുന്നേരം വീട്ടിലേക്കു മടങ്ങാനാകും.

sweedish-pregnancy-story-ansila-naushad

ശീതികരിച്ച അണ്ഡം ഉപയോഗിച്ചു ഗർഭധാരണം സാധ്യമാകുന്നതെങ്ങനെ?

ഓരോ വ്യക്തിക്കും അണ്ഡങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ഊസൈറ്റ് ക്യുമുലസ് കോംപ്ലക്സ് എന്ന പേരിൽ അണ്ഡങ്ങളെ പൊതിഞ്ഞ് മറ്റു കോശങ്ങളുമുള്ള അവസ്ഥയിലാണ് ഇവ ശസ്ത്രക്രിയയിലൂടെ പുറത്തെത്തുന്നത്. ഈ ഫ്ലൂയിഡ് പരിശോധിച്ച് അതിൽ നിന്നു പക്വതയെത്തിയ അണ്ഡങ്ങൾ എംബ്രിയോളജിസ്റ്റ് വേർതിരിക്കും.

തുടർന്ന് ക്രയോലോക്ക് എന്ന ഉപകരണത്തിൽ മൈനസ് 196 ഡിഗ്രിയിൽ ദ്രാവക നൈട്രജനിൽ സൂക്ഷിച്ചു വ യ്ക്കും. ഗർഭധാരണത്തിന് ആവശ്യമുള്ള ദിവസം സാധാരണ താപനിലയിലെത്തിച്ച ശേഷം, അതേ ദിവസം തന്നെ പങ്കാളിയുടെ ബീജം ശേഖരിച്ചു ബീജസങ്കലനം നടത്തും. ഐ.വി.എഫ്, ഇക്സി, പീസോ ഇക്സി തുടങ്ങി പല ചികിത്സാരീതികൾ ഇതിനായി ഉപയോഗിച്ചു വരുന്നു.

ശീതികരിച്ച അണ്ഡം ഉപയോഗിച്ചു സറോഗസിയിലൂടെ കുട്ടി പിറക്കുന്നതിന്റെ നിയമവശം എന്തെല്ലാമാണ്?

ഐവിഎഫ് ചികിത്സകളെയും സറോഗസിയെയും സംബന്ധിച്ച ആക്റ്റ് 2022 ജനുവരി 25 മുതൽ പ്രാബല്യത്തിലുണ്ട്. അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി റെഗുലേഷൻ ആക്റ്റ്, സറോഗസി ആക്റ്റ് എന്നിവയാണവ.

ഗർഭധാരണം പല തവണ ചികിത്സയിലൂടെ ശ്രമിച്ചിട്ടും കഴിയാതെ വരുന്നവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുമാണു സറോഗസി ആവശ്യമായി വരുന്നത്. ദമ്പതികളുടെ തന്നെ അണ്ഡവും ബീജവുമാകണം സറോഗസിയിൽ ഉപയോഗിക്കേണ്ടത്. അതായതു ഡോണറിൽ നിന്നുള്ള ശീതീകരിച്ച അണ്ഡമോ ബീജമോ ഉ പയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല. സാധാരണ ഐവിഎഫ് ചികിത്സയിൽ ഡോണർ അണ്ഡവും ബീജവും ഉപയോഗപ്പെടുത്തുന്നതിനു തടസ്സമില്ല. എന്നാൽ ശീതീകരിച്ച അണ്ഡം ഉപയോഗിച്ചു വാടകഗർഭധാരണം സാധ്യമാക്കുമ്പോൾ ഡോണറുടെ പങ്കാളിത്തം പാടില്ല.

അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ നിന്നു മറ്റൊരു സ്ഥലത്തെ ആശുപത്രിയിലേക്കു ചികിത്സയ്ക്കായി മാറ്റണമെങ്കിൽ അതിനു പ്രത്യേക നിയമ അനുമതി നേടണം. ശീതീകരിച്ചു സൂക്ഷിച്ച അണ്ഡം വാണിജ്യാടിസ്ഥാനത്തിൽ ഡൊണേറ്റ് ചെയ്യുന്നതിനും അനുമതിയില്ല. എന്നാൽ ഗവേഷണത്തിനും പഠനങ്ങൾക്കും മറ്റുമായി ശീതീകരിച്ച അണ്ഡം ഡൊണേറ്റ് ചെയ്യാം.

pregnancy-new-trends

അണ്ഡശീതികരണം ഏതു പ്രായത്തിൽ ചെയ്യുന്നതാണു നല്ലത്?

നിയമപരമായി 50ൽ താഴെ പ്രായമുള്ള സ്ത്രീകളുടെ അ ണ്ഡം ശീതീകരിച്ചു സൂക്ഷിക്കാം. എന്നാലും 35 മുൻപ് ചെയ്യുന്നതാണ് അഭികാമ്യം. 23ൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് ആരോഗ്യകാരണങ്ങൾ കൊണ്ട് അണ്ഡശീതീകരണം ആവശ്യമായി വന്നാൽ സർക്കാരിൽ നിന്നു പ്രത്യേക അനുമതി നേടിയ ശേഷം ചെയ്യാം.

പുരുഷ ബീജം ഇത്തരത്തിൽ ശീതികരിച്ചു സൂക്ഷിക്കാൻ കഴിയുമോ?

കഴിയും. ആരോഗ്യകാരണങ്ങൾ കൊണ്ടു ചികിത്സയുടെ ഭാഗമായി പല പുരുഷന്മാരും ഇതിനു വിധേയരാകാറുണ്ട്.

എത്ര ചെലവ് വരും

ഹോർമോൺ കുത്തിവയ്പ്പുകൾ, ശസ്ത്രക്രിയ, അ ണ്ഡം സൂക്ഷിക്കാനുള്ള ക്രയോലോക്ക് സംവിധാനം ഇവയ്ക്കെല്ലാമായി 80,000 മുതൽ ഒന്നര ലക്ഷം വരെ ചെലവു വരാം. അണ്ഡം സൂക്ഷിക്കുന്നതിനായി ഓരോ വർഷവും ഏകദേശം 10,000 രൂപ മെയ്ന്റനൻസ് ഫീസായും നൽകേണ്ടതുണ്ട്. സർക്കാർ സംവിധാനങ്ങളിൽ ഇതിനുള്ള സംവിധാനങ്ങൾ പരിമിതമാണ്. സ്വകാര്യ ചികിത്സാകേന്ദ്രങ്ങളിലാണ് ഈ സൗകര്യങ്ങൾ പ്രധാനമായുമുള്ളത്.

കൃത്രിമ ഗർഭധാരണത്തിനുള്ള ചികിത്സാകേന്ദ്രങ്ങൾ രണ്ടു തരമുണ്ട്. ലെവൽ വൺ ക്ലിനിക്കുകളും ലെവൽ ടു ക്ലിനിക്കുകളും. ലെവൽ ടു ക്ലിനിക്കുകളിലെല്ലാം ഇത്തരം ആധുനിക സൗകര്യങ്ങളെല്ലാമുണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിലും നിലവിൽ ഇതു ചെയ്യാൻ സംവിധാനങ്ങളുണ്ട്.

ഡെൽന സത്യരത്‌ന

വിവരങ്ങൾക്കു കടപ്പാട്:

ഡോ.എലിസബത്ത് മാത്യു. കെ,

സീനിയർ എംബ്രിയോളജിസ്റ്റ്, വിസിറ്റിങ് കൺസൽറ്റന്റ്,

കോഴിക്കോട് മെഡിക്കൽ കോളജ്

ഡോ. അഞ്ജലി എസ്,

എംബ്രിയോളജിസ്റ്റ്

സബൈൻ ഹോസ്പിറ്റൽ, എറണാകുളം

അഡ്വ. ആകാശ് സത്യാനന്ദൻ,

കേരള ഹൈക്കോടതി