Wednesday 07 February 2024 02:21 PM IST : By സ്വന്തം ലേഖകൻ

‘ആനയെ മയക്കുവെടിവച്ച് മാറ്റുക മാത്രമായിരുന്നു വഴി; ഡോസ് കൂടിയെന്നത് അടിസ്ഥാനരഹിതം’; തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വനംവകുപ്പ്

thannerkomban445

തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് വനംവകുപ്പ്. കർണാടകയിൽനിന്ന് മാനന്തവാടി ടൗണിൽ എത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയതിനു പിന്നാലെ ആന ചരിഞ്ഞതിൽ വനംവകുപ്പിനെതിരെ രൂക്ഷവിമർശനമുയരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തി ഇക്കാര്യം വിശദീകരിച്ചത്. 

തണ്ണീർക്കൊമ്പന്റേത് അപ്രതീക്ഷിതമായ വരവായിരുന്നുവെന്ന് ഉത്തരമേഖല സിസിഎഫ് കെ.എസ്. ദീപ പറഞ്ഞു. തിരികെ കാടുകയറ്റാൻ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. ആനയെ ഓടിക്കാൻ അമ്പതോളം ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാൽ ആനയെ കാട്ടിലേക്ക് തുരത്താൻ സാധിച്ചില്ല. ടൗണിലേക്ക് വരുകയാണ് ആന ചെയ്തത്. ആനയുടെ സ്വഭാവം അറിയാത്തതിനാൽ എങ്ങനെ പെരുമാറുമെന്ന് അറിയില്ലായിരുന്നു. ആനയെ മയക്കുവെടിവച്ച് മാറ്റുക എന്നത് മാത്രമായിരുന്നു വഴി. 

വിദഗ്ധരായ ജീവനക്കാരാണ് ആനയെ രാത്രിയിൽ തിരികെ കാട്ടിലേക്ക് തിരികെ കയറ്റാൻ ശ്രമിച്ചത്. എന്നാൽ അത് പരാജയപ്പെട്ടു. വീണ്ടും ജനവാസ മേഖലയിലൂടെ ആനയെ കാട്ടിലേക്ക് എത്തിക്കുക പ്രായോഗികമല്ലായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് ആന ചരിഞ്ഞത്. പഴുപ്പ് നല്ലവണ്ണം ബാധിച്ചിരുന്നു. കൊമ്പ്, റേഡിയോ കോളർ എന്നിവ കർണാടക വനം വകുപ്പിന്റെ കൈവശമുണ്ട്. തണ്ണീർക്കൊമ്പൻ ചരിഞ്ഞതിന് ഒരാഴ്ച മുൻപ് കർണാടകയിൽ നിന്ന് എത്തിയ റേഡിയോ കോളർ ധരിപ്പിച്ച മറ്റൊരു ആന മുത്തങ്ങ വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും അവർ പറ‍ഞ്ഞു.  

മയക്കുവെടിയുടെ ഡോസ് കൂടിയതാണ് ആന ചരിയാൻ കാരണമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ദൗത്യത്തിന് നേതൃത്വം നൽകിയ ഡോ.അജേഷ് മോഹൻദാസ് പറഞ്ഞു.  7.45 നാണ് അവസാന ഡോസ് നൽകുന്നത്. ധൃതി കാണിച്ചിട്ടില്ല. എല്ലാ മുൻകരുതലും സ്വീകരിച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. ആനയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ബാഹ്യമായി പ്രശ്നങ്ങളുണ്ടായിരുന്നില്ല. ചില ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യംവച്ച് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാനന്തവാടി ടൗണിൽ എത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയത്. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട ആനയായതിനാൽ കർണാടക വനത്തിലേക്ക് തന്നെ തിരികെ വിടാനായിരുന്നു നീക്കം. എന്നാൽ കർണാടക വനത്തിലെത്തിച്ച ആന ശനിയാഴ്ച പുലർച്ചെ ചരിയുകയായിരുന്നു. ചട്ടങ്ങൾ പാലിക്കാതെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടിയതെന്ന് ആരോപണം ഉയർന്നതോടെയാണ് വനംവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്. 

തണ്ണീർക്കൊമ്പൻ ദൗത്യത്തിൽ മയക്കുവെടി വച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി വയനാട്ടിലെത്തി. സംഘം ഉദ്യോഗസ്ഥരുമായും പ്രദേശവാസികളുമായും ചർച്ച നടത്തും. നാളെ കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ, സൗത്ത് സോൺ ഫോറസ്റ്റ് കൺസർവേറ്റർ എം.നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്ററിനറി ഓഫിസർ ഡോ.ആർ. രാജ്, ഡോ.റോഷ്നാഥ് രമേശ്, എൻ.നമശിവായൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

Tags:
  • Spotlight