150 കിലോഗ്രാം പുല്ല്, ലീറ്റർ കണക്കിനു വെള്ളം! മസ്തകത്തിൽ പരുക്കേറ്റ നിലയിൽ അതിരപ്പിള്ളി വനമേഖലയിൽ നിന്നു പിടികൂടി കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പന്റെ ഇന്നലത്തെ ‘മെനു’ ഇങ്ങനെയായിരുന്നു. ശാന്തനായി തീറ്റയെടുത്തു ദീർഘമായ ചികിത്സാ കാലത്തിലേക്കു കാലൂന്നുകയാണ് അതിരപ്പിള്ളി കൊമ്പൻ. ആനയ്ക്കു പൂർണതോതിലുള്ള ചികിത്സ ഇന്നലെ ആരംഭിച്ചു.
മസ്തകത്തിലെ ആഴത്തിലുള്ള മുറിവിൽ മരുന്നു നിറച്ചു. നേരിട്ടു മരുന്നു സ്പ്രേ ചെയ്യുന്നുണ്ട്. മരുന്നു കുത്തിവയ്ക്കുകയും ചെയ്തു. പുഴു വരിച്ച അവസ്ഥയിലുണ്ടായിരുന്ന മുറിവിലെ അണുബാധ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നില്ല എന്നുറപ്പാക്കാൻ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം മാത്രമേ കൃത്യമായ പുരോഗതി വിലയിരുത്താനാകൂ എന്നാണു ഡോക്ടർമാർ പറയുന്നത്.
മുറിവിന്റെ വലുപ്പമാണു പ്രശ്നം. എല്ലുകൾ വരെ പുറത്തു കാണുന്ന അവസ്ഥയിലാണിത്. മുറിവു കരിഞ്ഞു മാംസം വന്നു മൂടാൻ സമയമെടുക്കും എന്നതിനാൽ അതീവ ശ്രദ്ധ വേണം. മസ്തകത്തിലെ മുറിവു തുമ്പിക്കയ്യിലേക്കു കൂടി വ്യാപിച്ചിരുന്നതിനാൽ ശ്വാസം പുറത്തു പോകുന്നതു മുറിവിലൂടെയാണ്. എന്നാൽ, തലച്ചോറിലേക്കു വ്യാപിക്കും മുൻപ് അണുബാധ നിയന്ത്രിക്കാനായതു രക്ഷയായെന്നു ഡോക്ടർമാർ പറയുന്നു.
ആനയുടെ തലപ്പൊക്കത്തിനൊപ്പിച്ചു മരക്കൂടിനു ചുറ്റും ഡോക്ടർമാർക്കു നിൽക്കാൻ പാകത്തിൽ തട്ടു നിർമിച്ചാണു മുറിവിൽ മരുന്നു വയ്ക്കുകയും മരുന്നു നൽകുകയും മറ്റും ചെയ്യുന്നത്. മരുന്നു വയ്ക്കുമ്പോഴെല്ലാം ആനയെ മയക്കാൻ പറ്റില്ല എന്നതിനാലാണ് ഈ സജ്ജീകരണം. മരുന്നു വയ്ക്കുന്ന സമയങ്ങളിൽ ആനയ്ക്കു ശരീരമിളക്കാൻ സാധിക്കാത്ത വിധം ഇടക്കഴകൾ ഇറക്കി വച്ചു കൂടിനുള്ളിലെ സ്ഥലസൗകര്യം കുറയ്ക്കും.
ഇതിനാൽ, തുമ്പിക്കൈയും കാലുകളും സ്വതന്ത്രമായി ഇളക്കാനോ ആക്രമിക്കാനോ ആനയ്ക്കു കഴിയില്ല. കൂടിനുള്ളിൽ ആന പരമശാന്തൻ ആണെന്നാണു ഡോക്ടർമാരുടെ സാക്ഷ്യം. ഇതു പതിവുള്ളതല്ലെന്നും ഇവർ പറയുന്നു. മുറിവു മൂലമുള്ള അവശതയും ക്ഷീണവുമാകാം കാരണം. ആനയുടെ രക്തപരിശോധനാ ഫലങ്ങൾ ഇന്നലെ ഡോക്ടർമാർക്കു ലഭിച്ചിരുന്നു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു വളരെ കുറഞ്ഞതിനാൽ കാര്യമായ വിളർച്ചയുണ്ട്. ഇതിനുള്ള മരുന്നുകളും നൽകുന്നുണ്ട്.