Friday 22 September 2023 03:05 PM IST

‘കാശില്ലെന്നു പറഞ്ഞപ്പോൾ ലോട്ടറിക്കാരൻ തിരികെ നടന്നു തുടങ്ങി, പക്ഷേ...’: ഭാഗ്യത്തിന്റെ ട്വിസ്റ്റ്: കോടി തിളക്കത്തിൽ ഈ അമ്മമാർ

Roopa Thayabji

Sub Editor

lottery-winners

ഈ ചിത്രത്തിലുള്ളവരുടെ ചിരിക്കു കോടിത്തിളക്കം തോന്നുന്നുണ്ടെങ്കിൽ തികച്ചും സ്വാഭാവികം മാത്രം. ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പത്തു കോടി ‘അടിച്ചുവാരി’യെടുത്തതു മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഈ 11 ഹരിതകർമസേനാംഗങ്ങളാണ്. ടിക്കറ്റിന്റെ വിലയായ 250 രൂപ ഷെയർ ഇട്ടെടുത്താണു രാധ, ലീല, പാര്‍വതി, ബിന്ദു, ഷീജ, ലക്ഷ്മി വിജയന്‍, ചന്ദ്രിക, ശോഭ, കാര്‍ത്യായനി, കുട്ടിമാളു, ബേബി എന്നിവർ ബംപർ ഭാഗ്യശാലികളായത്.

കുറച്ചു വർഷം മുൻപിറങ്ങിയ ‘പെൺപട്ടണം’ എന്ന സിനിമയിൽ ‘വീണുകിട്ടിയ’ കോടികൾ പങ്കിട്ടെടുക്കാൻ പെടാപ്പാടു പെടുന്ന ഹരിതകർമ സേനക്കാരാണു നായികമാർ. പക്ഷേ, ഈ പതിനൊന്നു പേർക്കും ഭാഗ്യം അ ങ്ങനെ ‘വീണുകിട്ടി’യതല്ല.

നാളെയാണ്, നാളെയാണ്...

ലോട്ടറിയെടുക്കുന്ന ഓരോരുത്തർക്കും ‘നാളെ’ യെക്കുറിച്ച് ഒരു പ്രതീക്ഷയുണ്ടാകും, അവസാന നാലക്കമെങ്കിലും ഒത്തുവരുമെന്ന്. ആ പ്രതീക്ഷയിൽ ലോട്ടറിയെടുത്തു തുടങ്ങിയ രാധയാണു കൂട്ടത്തിലെ സീനിയർ. ‘‘എത്ര വർഷമായി ലോട്ടറിയെടുക്കുന്നു എന്നു കൃത്യമായി ഓർമയില്ല. 100, 500 രൂപയൊക്കെ മുൻപു സമ്മാനം അടിച്ചിട്ടുണ്ട്. സ്വന്തമായി വീടില്ല, കുടുംബസ്വത്തായ പത്തു സെന്റിലെ രണ്ടു ഷെഡുകളിലാണു ഞാനും സഹോദരിയും രണ്ടു സഹോദരന്മാരുടെ കുടുംബങ്ങളുമടക്കമുള്ളവർ താമസിക്കുന്നത്. ലോട്ടറിയെടുക്കുമ്പോ ൾ വീടെന്ന സ്വപ്നമാണു മനസ്സിൽ.

പരപ്പനങ്ങാടി നഗരസഭ കെട്ടിടത്തിനു പിറകിലെ മ ലിന്യങ്ങൾ തരംതിരിക്കുന്ന യൂണിറ്റിലാണു ഞങ്ങൾ ജോലി ചെയ്യുന്നത്. അന്നു ലോട്ടറിക്കാരൻ വന്നതു മ ൺസൂൺ ബംപർ ടിക്കറ്റ് വേണോ എന്നു ചോദിച്ചാണ്. പക്ഷേ, കയ്യിൽ 250 രൂപ ഇല്ല. കാശില്ലെന്നു പറഞ്ഞപ്പോൾ അയാൾ തിരികെ നടന്നു തുടങ്ങി. പക്ഷേ, ഭാഗ്യം കൈവിട്ടു പോയാലോ എന്ന തോന്നൽ’’

ബാക്കി പറഞ്ഞതു ഷീജയാണ്. ‘‘50 രൂപ വീതം ഷെയർ ചോദിച്ചാണു രാധേച്ചി കയറി വന്നത്. എന്റെ കയ്യിൽ ചായ കുടിക്കാൻ എടുത്തുവച്ച പൈസയേ ഉള്ളൂ. പാർവതിയുടെ കയ്യിൽ 50 തികച്ചില്ല. എങ്കിൽ പത്തുപേർക്കു കൂടി 25 വീതമിടാം എന്നായി. ബിന്ദുവും ഷീജയും ലീലേച്ചിയും ലക്ഷ്മിയും ചന്ദ്രികേച്ചിയും ശോഭേച്ചിയും കാര്‍ത്യായനിയമ്മയും 25 വീതമിട്ടു. ബേബിയേച്ചി പണം നീട്ടിയപ്പോഴാണ് അടുത്തു നിന്ന കുട്ടിമാളുവമ്മ പരുങ്ങുന്നതു കണ്ടത്. അവരുടെ കയ്യിൽ പത്തു പോലുമില്ല.’’ ഇവിടം മുതലാണു ഭാഗ്യത്തിന്റെ ട്വിസ്റ്റ് തുടങ്ങിയത്.

ആ വിഷമം കണ്ടു ബേബി തന്റെ ഭാഗ്യം പങ്കുവയ്ക്കാ ൻ തീരുമാനിച്ചു. രണ്ടുപേരുടെയും കൂടി ഷെയർ ആയി 25 കൈമാറുമ്പോൾ തന്നെ അവർ തമാശയായി ഉടമ്പടിയുണ്ടാക്കി, ‘അഞ്ചു ലക്ഷമാണു സമ്മാനമെങ്കിലും പത്തായി വീതിക്കും. അവസാന വീതം ബേബിയും കുട്ടിമാളുവും പ ങ്കിട്ടെടുക്കണം.’ ഈ കണക്കുകൂട്ടലും പങ്കുവയ്ക്കലുമൊക്കെ മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ടായിരുന്നു. കാണുക മാത്രമല്ല, അവരെടുത്ത ലോട്ടറിയുടെ MB 200261 എന്ന നമ്പരും ദൈവം ഡയറിയിൽ കുറിച്ചുവച്ചു. ഭാഗ്യത്തിന്റെ ‘ഷെഡ്യൂൾ’ തെറ്റാതെ നോക്കാൻ.

അടിച്ചു മോനേ...

രാധ തന്നെയാണു ഭാഗ്യക്കുറി സൂക്ഷിച്ചു വച്ചത്. നറുക്കെടുപ്പു നടന്ന ജൂലൈ 26നു രാത്രി ഓൺലൈനിൽ ഫലം നോക്കിയാലോ എന്ന് ഓർത്തെങ്കിലും പത്രത്തിൽ നോക്കാമെന്നു കരുതി സ്വസ്ഥമായി ഉറങ്ങിയെന്നു രാധ പറയുന്നു. ‘‘11 മണി ചായയുടെ സമയത്താണു ടിക്കറ്റിന്റെ കാര്യമോർത്തത്. ഫലം പരിശോധിച്ച ഞങ്ങൾ പരസ്പരം നോക്കി, എങ്ങാനും തെറ്റിപ്പോയതാണോ? ഒന്നു കൂടി ഉറപ്പാക്കാതെ വിശ്വസിക്കാൻ തോന്നിയില്ലെന്നു രാധയും ലീലയും ഒരേ ശ്വാസത്തിൽ പറയുന്നു. മാലിന്യലോറിയുടെ ഡ്രൈവറോടു രഹസ്യമായി വിവരം പറഞ്ഞു. അയാൾ പരിശോധിച്ചിട്ടു പറഞ്ഞു, ‘അടിച്ചു മോനേ...’ ടിക്കറ്റിൽ അഴുക്കൊന്നും പുരളാതെ ഭദ്രമായി കവറിലിട്ടു 11 പേരും കൂടി ബാങ്കിലെത്തി അതു കൈമാറി.

പത്തു കോടിയുടെ ഒന്നാം സമ്മാനമാണ് അടിച്ചതെങ്കിലും കമ്മിഷനും നികുതിയും കഴിഞ്ഞ് ഏകദേശം ആ റേകാൽ കോടി രൂപയാണു കയ്യിൽ കിട്ടുക. അതിനെ പ ത്തായി (പിന്നെ പതിനൊന്നായും) പങ്കുവയ്ക്കണം.

പണം കയ്യിൽ കിട്ടിയിട്ടു നിറവേറ്റാൻ ആവശ്യങ്ങൾ കുറേയുണ്ടെന്ന് ലീല പറയുന്നു. ‘‘ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവരാണു ഞങ്ങളെല്ലാം. യൂണിറ്റിൽ തരംതിരിക്കുന്ന വേസ്റ്റിന്റെ തൂക്കം അനുസരിച്ചാണു ഞങ്ങളുടെ ശമ്പളം. ആറായിരം– എണ്ണായിരം രൂപ വരെ മാസം കയ്യിൽ കിട്ടും.

എന്റെ മോൾ പഠിക്കാനായി കോഴിക്കോട്ടേക്കു പോകുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു ഗുരുതരമായി പരുക്കേറ്റു. കാലിലെ സർജറി കഴിഞ്ഞു നടന്നു തുടങ്ങിയിട്ട് അധികകാലമായില്ല. മൂത്ത പെൺമക്കളുടെ വിവാഹം കഴിഞ്ഞു. നിലവിലുള്ള കടങ്ങൾക്കു പുറമേയായിരുന്നു മോളുടെ ചികിത്സാചെലവ്.’’ ഇതു കേട്ടിരുന്ന ബേബിയേച്ചി കണ്ണുനിറഞ്ഞു പറഞ്ഞതിങ്ങനെ, ‘‘മോനു മൂന്നു വയസ്സുള്ളപ്പോഴാണ് ഭര്‍ത്താവ് മരിച്ചത്. അന്നെനിക്കു 18 വയസ്സേ ഉള്ളൂ. ആരെയും ആശ്രയിക്കാതെയാണു മോനെ വളര്‍ത്തിയത്. മകനും ഭാര്യയും കുട്ടികളുമടക്കം വീട്ടിൽ അംഗങ്ങള്‍ അ ഞ്ചായി. പക്ഷേ, മഴ പെയ്താല്‍ ജനലോളം വെള്ളം കയറും. ആ പേടിയില്ലാതെ കിടന്നുറങ്ങാനൊരു വീടാണു സ്വപ്നം.’’

lottery-ticket-1

ഇനിയും ലോട്ടറിയെടുക്കും

കഴിഞ്ഞ ഓണക്കാലത്തു പുത്തൻ കോടി വാങ്ങാൻ പോലും പറ്റാത്ത ചിലരുണ്ട് കൂട്ടത്തിലെന്നു രാധ പറയുന്നു. ‘‘പലരും പാൻ കാർഡിനുനുള്ള അപേക്ഷ കൊടുത്തിട്ടേ ഉള്ളൂ. തിരിച്ചറിയൽ രേഖകളിൽ പേരിലും വയസ്സിലുമൊക്കെ തെറ്റുണ്ട്. എല്ലാം ശരിയായി പണം കയ്യിൽ കിട്ടാൻ രണ്ടുമൂന്നു മാസമെടുക്കും. സമയം എത്രയെടുത്താലും ഇക്കുറി ഓണത്തിനു സമാധാനമുണ്ട്.’’

ചന്ദ്രികയുടെ മോൻ മേസ്തിരി പണിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു കാലും കയ്യുമൊടിഞ്ഞു. മകൻ ആശുപത്രിയിലായ സമയത്തു പ്രഷർ കൂടി വീണ ചന്ദ്രികയുടെ ശരീരത്തിന്റെ ഒരു ഭാഗത്തു തളർച്ച ബാധിച്ചു. ‘‘മകന്റെ ചികിത്സയും വീട്ടുചെലവുമോർത്താണു വീണ്ടും ജോലിക്കിറങ്ങിയത്.’’ ചന്ദ്രിക നെടുവീർപ്പിട്ടു.

ലോട്ടറി അടിച്ചിട്ടും മനസ്സറിഞ്ഞു സന്തോഷിക്കാനാകാത്ത ഒരാൾ ശോഭയാണ്. ‘‘മൂന്നു വർഷം മുൻപായിരുന്നു ഭർത്താവിന്റെ മരണം. മോളെ പഠിപ്പിച്ചു വലിയ ആളാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ആറുമാസം മുൻപ് അവളും മരിച്ചു. എത്ര വേണമെങ്കിലും പഠിപ്പിക്കാൻ പണമായപ്പോൾ മകൾ കൂടെയില്ല.’’ ശോഭയുടെ കണ്ണുകൾ നിറഞ്ഞു.

ഭർത്താവ് മരിച്ചു. പിന്നെയും കടങ്ങൾ ശ്വാസംമുട്ടിച്ചതോടെ വീടു വിൽക്കാനിരിക്കുകയായിരുന്നു കാർത്യായനിയമ്മ. ബിന്ദു, ലക്ഷ്മി, പാർവതി ഇവരുടെയും സാമ്പത്തിക നില മെച്ചമല്ല. ‘‘സഹായം ചോദിച്ചു വിളിക്കുന്നവരോട് എന്തു പറയണമെന്നറിയില്ല. പ്രാരബ്ധം കഴിഞ്ഞ് എന്തെങ്കിലും ബാക്കിയുണ്ടാകുമോ എന്നറിയില്ല.’’ പാർവതിയുടെ സ്വരത്തിൽ ആശങ്കയുടെ നിഴൽ. പക്ഷേ, എല്ലാവരും ഉറപ്പിച്ചു പറയുന്ന ഒന്നുണ്ട്, ‘ഇനിയും ലോട്ടറിയെടുക്കും. ഈ ജോലിയിൽ തന്നെ തുടരും ’

രൂപാ ദയാബ്ജി

ഫോട്ടോ: നബീൽ പരപ്പനങ്ങാടി