79 വയസ്സാണ് മണ്ണുത്തി ചാഴൂർ വീട്ടിൽ എൽസിക്ക്, എന്നാലും പതിനേഴിന്റെ ചുറുചുറുക്ക്. സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 100 മീറ്ററിൽ സ്വർണവും ജാവലിനിൽ വെള്ളിയും സ്വന്തമാക്കിയുള്ള ആ ചിരി കണ്ടാൽ പ്രായം തോറ്റോടും. 9 ഏഷ്യൻ മീറ്റുകളിലും 4 വേൾഡ് മീറ്റുകളിലും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയതിന്റെ അനുഭവസമ്പത്തുണ്ട് റിട്ടയേഡ് സിഐ കൂടിയായ സി.ഡി. എൽസിക്ക്.
എന്നും പുലർച്ചെ മണ്ണുത്തിയിൽ നിന്നു തനിയെ ബസിൽ കോർപറേഷൻ സ്റ്റേഡിയത്തിലെത്തും. പിന്നെ 2 റൗണ്ട് നടക്കും. നാലു കിലോമീറ്റർ ഓടും, 30 മിനിറ്റ് പരിശീലനം, ആകെ സ്റ്റേഡിയത്തിൽ ചെലവിടുന്നത് 2 മണിക്കൂർ. ഇതാണ് ദിനചര്യ. സ്കൂളിൽ പഠിക്കുമ്പോൾ യുപി വിഭാഗത്തിൽ ഹൈജംപ്, ലോങ്‌ജംപ്, 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ സംസ്‌ഥാന തലത്തിൽ വരെയെത്തിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ തൃശൂർ ജില്ലാ ചാംപ്യനായി. 32 വർഷം വനിതാ പൊലീസായി സേവനം ചെയ്തു.
കോഴിക്കോട് വിമാനത്താവള സിഐയായിട്ടാണ് വിരമിച്ചത്. കാൽമുട്ടിലെ ചെറിയ വേദനയൊഴിച്ചാൽ എൽസി ഫിറ്റാണ്. പണ്ട് ചാട്ടവും കൂടി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഓട്ടത്തിനാണ് കൂടുതൽ ശ്രദ്ധ. സൈക്ലിങ്ങിലും സ്വിമ്മിങ്ങിലും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സമപ്രായക്കാർ സപ്തതിയാഘോഷിച്ച് വീട്ടിലൊതുങ്ങുമ്പോൾ ഇനിയും പ്രായത്തെ ഓടി തോൽപിക്കാൻ തന്നെയാണ് എൽസിയുടെ തീരുമാനം.