ഇന്നലെ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കളെന്ന് അവകാശപ്പെടുന്ന യുവതിയെയും യുവാവിനെയും എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ആശുപത്രിയിലേക്ക് എത്തുമ്പോള്‍ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കുഞ്ഞുമായി എത്തിയത്. കുഞ്ഞിന്റെ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നെന്നുമാണ് ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതിയും യുവാവും പറയുന്നത് കള്ളമാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പരുക്കുകളും കണ്ടെത്തി. ഉടനെ നവജാതശിശു പരിചരണത്തിനായുള്ള ഐസിയുവില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വിശദമായ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കണ്ടെത്തി.
സിറ്റി പൊലിസ് അസി. കമ്മീഷണര്‍ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവാവ് കണ്ണൂര്‍ സ്വദേശിയും യുവതി ആലപ്പുഴ ചേര്‍ത്തല സ്വദേശിയുമാണ്. പ്രണയത്തിലായിരുന്ന ഇരുവരും ഒന്നര വര്‍ഷമായി കൊച്ചിയില്‍ പലയിടത്തും ഒരുമിച്ചു കഴിയുകയായിരുന്നു. കഴിഞ്ഞദിവസമാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്.