Wednesday 08 May 2024 02:54 PM IST : By സ്വന്തം ലേഖകൻ

ഗർഭകാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ സ്കാനിങ്...ആക്ഷേപത്തിൽ കഴമ്പുണ്ടോ? എപ്പോഴൊക്കെയാണ് സ്കാനിങ് വേണ്ടത്: വിദഗ്ധ വിലയിരുത്തൽ വായിക്കാം

preg4456

പണ്ടൊക്കെ ഇത്രയും ടെസ്‌റ്റൊന്നും ഇല്ലല്ലോ? എന്നിട്ടെന്താ....ഞങ്ങളും പ്രസവിച്ചില്ലേ, ഒരു കുഴപ്പവുമില്ലാതെ... ഇപ്പോഴാണെങ്കിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ സ്കാനിങ്...ർഭിണിയായിരിക്കുമ്പോൾ പുതുതലമുറയിൽ പലരും മുതിർന്നവരിൽ നിന്ന് ഇത്തരം സംസാരങ്ങൾ കേട്ടിട്ടുണ്ടാകും. ഗർഭകാലത്തെ പരിശോധനകളെക്കുറിച്ച് പൊതുവേയുള്ള സംശയമാണ് ഈ കമന്റിനു പിന്നിൽ.

ഇപ്പോൾ പരിശോധനകൾ കൂടുതലാണെന്നു പറയുമ്പോൾ ഒരു കാര്യം ഒാർക്കണം. പണ്ടൊക്കെ 20 കളിലാണ് പെൺകുട്ടികൾ ഗർഭിണികളായിരുന്നത്. 20–25 വയസ്സാണ് ഗർഭധാരണത്തിന് ഉത്തമമായ പ്രായം. ഇപ്പോൾ ഈ പ്രായത്തിൽ ഗർഭം ധരിക്കുന്നത് ഏതാണ്ട് 10–15 ശതമാനം മാത്രം. എസ് യു റ്റി യിൽ നടത്തിയ ഒരു നീരീക്ഷണത്തിൽ 50 ശതമാനം പേർ ആദ്യമായി ഗർഭിണികളായത് 26–30 വയസ്സിലാണ്. 25 ശതമാനം പേർ 30–35 വയസ്സിലും. 10 പേരിൽ ഒരാളുടെ അണ്ഡാശയം പോളിസിസ്റ്റിക് ആണ്. അത് ചികിത്സിച്ച് സുഖപ്പെടുത്തി ഗർഭിണിയാകുമ്പോഴേക്കും പ്രായം കൂടും. താമസിച്ച് ഗർഭം ധരിക്കുമ്പോൾ പല അപകടങ്ങളുമുണ്ട്. പ്രഷർ, ഷുഗർ പോലുള്ള ജീവിതശൈലീ രോഗങ്ങളൊക്കെ വരുന്നത് 35–40 വയസ്സിലാണ്. ഗർഭിണിയുടെ പ്രായം കൂടുന്നത് കുട്ടികളിലെ ചില ജനിതകവൈകല്യങ്ങൾക്കു സാധ്യത കൂട്ടുന്നു.

എല്ലാ ഗർഭിണികൾക്കും പൊതുവായി ചെയ്യേണ്ട പരിശോധനകളുണ്ട്. ഇതു കൂടാതെ ഒാരോ ഗർഭിണിക്കും അവരുടെ ഗർഭത്തിന്റെ സ്വഭാവം വച്ച് വേറെയും പരിശോധനകൾ വേണ്ടിവരും. ഗർഭിണികളിൽ ചെയ്യേണ്ട സ്കാനിങ് പരിശോധനകളെക്കുറിച്ച് വിശദമായി പറയുന്നത് തിരുവനന്തപുരം പട്ടം എസ്‌യു‌റ്റി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി അമ്മാളാണ്. 

സ്കാനിങ് എപ്പോഴൊക്കെ?

അമിതമായ വയറുവേദനയോ രക്തസ്രാവമോ ഉണ്ടെങ്കിൽ ആദ്യ സന്ദർശനത്തിൽ തന്നെ സ്കാനിങ് നിർദേശിക്കാറുണ്ട്. ഗർഭം രൂപപ്പെട്ടിരിക്കുന്നത് ഗർഭപാത്രത്തിനുള്ളിൽ തന്നെയെന്ന് ഉറപ്പാക്കാൻ ഇതു സഹായിക്കും. ട്യൂബൽ പ്രഗ്നൻസി പോലുള്ള അപകടങ്ങൾ നേരത്തേ അറിയാനും സാധിക്കും. ആർത്തവം ക്രമമല്ലാത്ത ചില ഗർഭിണികളിൽ ഗർഭം പൂർത്തിയാകുന്ന തീയതി കൃത്യമായി കണ്ടുപിടിക്കാനും സ്കാനിങ് സഹായിക്കും.

11–14 ആഴ്ചയിൽ എൻ ടി സ്കാൻ അഥവാ ന്യൂക്കൽ ട്രാൻസ്‌ലൂസൻസി സ്കാൻ ഇപ്പോൾ നിർബന്ധമായും ചെയ്യാറുണ്ട്. ഗർഭസ്ഥ ശിശുവിന്റെ തലയുടെ പുറകിലുള്ള കോശങ്ങളുടെ വലുപ്പം പരിശോധിക്കുന്ന ഈ പരിശോധന വഴി കുഞ്ഞിന് ഡൗൺ സിൻഡ്രം, ട്രൈസോമി 18, ടേണർ സിൻഡ്രം പോലുള്ള ജനിതകവൈകല്യങ്ങളുണ്ടോ എന്നറിയാൻ സാധിക്കും. ഡബിൾമാർക്കർ ടെസ്റ്റ് എന്ന ഒരു രക്തപരിശോധനയുണ്ട്. അതുകൂടി സ്കാനിനൊപ്പം ചെയ്താൽ ജനിതകവൈകല്യം ഇല്ല എന്ന് 85 ശതമാനം വരെ ഉറപ്പാക്കാം. എൻ ടി സ്കാനിൽ അപകടസാധ്യത കണ്ടാൽ മറുപിള്ളയിലെ കലകളെടുത്തു പരിശോധിക്കുന്ന കൊറിയോണിക് വില്ലസ് ബയോപ്സിയോ അമ്നിയോട്ടിക് ഫ്ളൂയിഡ് പരിശോധനയോ നടത്തി ജനിതകവൈകല്യം ഉണ്ടോ എന്നു തീർച്ചപ്പെടുത്താം.

അമ്മയുടെ രക്തത്തിൽ നിന്നു ഗർഭസ്ഥശിശുവിന്റെ കോശങ്ങൾ വേർ‍തിരിച്ചെടുത്തും ജനിതകവൈകല്യങ്ങളെ കണ്ടെത്താം. ഇതിന് നോൺ ഇൻവേസീവ് പ്രീനേറ്റൽ ടെസ്റ്റ് എന്നു പറയുന്നു. ചെലവു കൂടുതലാണെന്നതാണ് പോരായ്മ.

അഞ്ചാം മാസത്തെ (രണ്ടാം ട്രൈമസ്റ്റർ) സ്കാനിങ്ങിന് (18–22 ആഴ്ചയ്ക്ക് ഇടയ്ക്ക്) അനോമലി സ്കാനിങ് എന്നു പറയുന്നു. ഇത് പൊതുവായി എല്ലാവർക്കും ചെയ്യുന്നതാണ്. ഇതുവഴി കുഞ്ഞിന് ശാരീരികമായി എന്തെങ്കിലും വൈകല്യങ്ങളോ അപൂർണതകളോ ഉണ്ടൊയെന്ന് അറിയാൻ സാധിക്കുന്നു.

മൂന്നാം ട്രൈമസ്റ്ററിലെ സ്കാനിങ് (32–36 ആഴ്ച) വളരെ പ്രധാനപ്പെട്ടതാണ്. ശിശുവിന്റെ വളർച്ച എങ്ങനെയുണ്ട്, തൂക്കം വയ്ക്കുന്നുണ്ടോ, തലയോട്–അസ്ഥി–ഹൃദയ സംബന്ധിയായ അപാകതകൾ എന്തെങ്കിലുമുണ്ടോ, അമ്നിയോട്ടിക് ദ്രാവകം വേണ്ടത്രയുണ്ടോ, മറുപിള്ള അഥവാ പ്ലാസന്റയുടെ സ്ഥിതി എങ്ങനെ തുടങ്ങി ഒട്ടേറേ കാര്യങ്ങൾ വിലയിരുത്താനും ഈ സമയത്തെ സ്കാനിങ് സഹായിക്കും. എന്നാൽ സ്കാനിങ്ങിൽ എല്ലാം നോർമൽ ആണെങ്കിലും ചിലപ്പോൾ പ്രസവം സുഖപ്രസവമാകണം എന്നില്ല.

ചില സാഹചര്യങ്ങളിൽ കൂടുതൽ തവണ സ്കാനിങ് വേണ്ടിവരും. ഉദാഹരണത്തിന്, ഇരട്ടക്കുട്ടികളാണെങ്കിൽ ചിലപ്പോൾ രണ്ടു പേർക്കും കൂടി ഒരു മറുപിള്ളയായിരിക്കും ഉള്ളത്. അങ്ങനെ വരുമ്പോൾ ഒരാൾക്ക് ഭാരം കുറയാം. ഇത്തരം സാഹചര്യത്തിൽ രണ്ട് ആഴ്ച കൂടുമ്പോൾ സ്കാൻ ചെയ്തുനോക്കേണ്ടിവരും.

Tags:
  • Manorama Arogyam
  • Pregnancy Tips