ADVERTISEMENT

അഞ്ചാം വരവിൽ അവർ വേരുകൾ കണ്ടെത്തി. ഈ ഓണം അവരുടെ ആഹ്ലാദത്തിന്റേതുമായി. കുടുംബാംഗങ്ങളെ കണ്ടെത്താൻ മലേഷ്യയിൽനിന്നു കേരളത്തിലെത്തി 10 വർഷമായി നടത്തുന്ന അന്വേഷണത്തിൽ ദേവനിഷ് കുമാറും സഹോദരി മോഹനയും മുത്തച്ഛന്റെ സഹോദര ഭാര്യയെ കണ്ടെത്തി. ‘ഇത്തവണ ഞങ്ങൾക്കു ശരിക്കും ഓണമായിരുന്നു. കേരളത്തിനു നന്ദി.’ – അവർ ഒരേ സ്വരത്തിൽ സന്തോഷം അറിയിക്കുന്നു. മുത്തച്ഛന്റെ സഹോദരൻ ചെല്ലപ്പന്റെ ഭാര്യ ചിന്നമ്മ കായംകുളം ഗോവിന്ദമുട്ടത്തെ വീട്ടിൽ ജീവിച്ചിരിപ്പുണ്ടെന്നു മനോരമ വാർത്തയിലൂടെ അവർ കണ്ടെത്തി. ചിന്നമ്മയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അവർ ഇന്നലെ ഓണസദ്യയുണ്ടു.

10 വർഷത്തെ അന്വേഷണം സഫലമായതിന്റെ സന്തോഷത്തിൽ അവർ ഇന്നു മലേഷ്യയിലേക്കു മടങ്ങും. അശോക് കുമാറിന്റെ പിതാവ് ദാമോദരന്റെ സഹോദരൻ ചെല്ലപ്പൻ കായംകുളം ചേരാവള്ളിയിലുണ്ടെന്നു മാത്രമായിരുന്നു ഈ മലേഷ്യൻ കുടുംബത്തിനു വർഷങ്ങളായുള്ള അറിവ്. എഴുപതുകളിൽ എപ്പോഴോ ചെല്ലപ്പൻ ദാമോദരന് എഴുതിയ കത്തുകളിലെ വിലാസം മാത്രമായിരുന്നു പിടിവള്ളി. ഒരു കത്തിൽ കൃഷ്ണപുരത്തെ വിലാസമായിരുന്നു. ഈ വിവരം വച്ച് നാലു തവണ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ കഴിയാതെ അവർ മലേഷ്യയിലേക്കു മടങ്ങി. ഇത്തവണ വന്നപ്പോൾ മാരാരി ബീച്ച് വില്ലയിലെ രാജുവാണ് മനോരമയിലേക്ക് അവരെ അയച്ചത്.

ADVERTISEMENT

കായംകുളത്തെ ബന്ധുക്കളെ അന്വേഷിക്കുന്ന മലേഷ്യൻ കുടുംബത്തെപ്പറ്റി മനോരമയിൽ വന്ന വാർത്ത കണ്ടു ചേരാവള്ളിയിൽനിന്നു സദാനന്ദൻ എന്നയാൾ ഇവരെ ബന്ധപ്പെട്ടു. ചെല്ലപ്പന്റെ അയൽവാസിയായിരുന്നു സദാനന്ദൻ. ചെല്ലപ്പന്റെ ചേരാവള്ളിയിലെ വീടുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ പെട്രോൾ പമ്പാണ്. സദാനന്ദൻ ഏറെ അന്വേഷിച്ചു ചെല്ലപ്പന്റെ മരുമകനെ കണ്ടെത്തി വിവരം അറിയിച്ചു. ചിന്നമ്മയും കുടുംബവും ഗോവിന്ദമുട്ടത്ത് ഉണ്ടെന്നു മനസ്സിലാക്കി മലേഷ്യൻ കുടുംബത്തെ അവിടെയെത്തിക്കാനും സദാനന്ദൻ സഹായിച്ചു. പ്രായാധിക്യം കാരണം പഴയ കാര്യങ്ങൾ പലതും ഓർമയില്ലെങ്കിലും ഭർത്താവിന്റെ പിൻമുറക്കാരെ ചിന്നമ്മ സന്തോഷത്തോടെ സ്വീകരിച്ചു. മക്കളായ വാസന്തിയും നിർമലയും അവരുടെ മക്കളുമൊക്കെ ഒപ്പമുണ്ടായിരുന്നു.

അവർ അകലത്തെ ബന്ധുക്കൾക്കായി ഇന്നലെ ഓണസദ്യയൊരുക്കി. ഒരുപാടുപേർക്കു നന്ദി പറയാനുണ്ട് ഈ കുടുംബത്തിന്.കേരളത്തിൽ സാരഥികളായ അമൽദേവ്, പ്രജീഷ്, മുൻപു വന്നപ്പോൾ മുതൽ അന്വേഷണത്തിൽ സഹായിക്കുന്ന വിജയകൃഷ്ണനും കുടുംബവും, വാർത്ത കണ്ട് സഹായിക്കാനുള്ള മനസ്സുമായി വിളിച്ച ഒട്ടേറെപ്പേർ. ‘മനോഹരമായ കേരളത്തിൽ ഞങ്ങൾക്കിപ്പോൾ വേരുകളുണ്ടെന്നു പറയാൻ അഭിമാനമുണ്ട്. വിളിക്കാനും വീണ്ടും വരുമ്പോൾ കാണാനും ബന്ധുക്കളുണ്ട്’ – ദേവനിഷിന്റെ വാക്കുകളിൽ സാർഥകമായ മടക്കത്തിന്റെ ആഹ്ലാദം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT