ആലപ്പുഴ തകഴിയില്‍ ബാങ്ക് ലോണ്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകന്‍ പ്രസാദ് സുഹൃത്തിനെ വിളിച്ച് സങ്കടം പറഞ്ഞ് പൊട്ടിക്കരയുന്നതിന്റെ ശബ്ദരേഖ പുറത്ത്. 20 വര്‍ഷം മുന്‍പ് മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്നും ഇപ്പോള്‍ താങ്ങാനാകുന്നില്ലെന്നും പ്രസാദ് സുഹൃത്തിനോട് കരഞ്ഞ് പറയുന്നു.
‘ഞാന്‍ ഒരു കൃഷിക്കാരനാണ്. കുറേ ഏക്കറുകള്‍ നിലം കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ അടച്ച്. ലോണ്‍ ചോദിച്ചപ്പോ അവര് പറയുന്നത് കുടിശികയാണെന്ന്. കുടിശിക... പിആര്‍എസ് കുടിശിക. ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ. എന്റെ ജീവിതവും പരാജയപ്പെട്ടുപോയി. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല.’ -എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
നെല്ലിന് വളമിടാനും മരുന്നടിക്കാനും മാര്‍ഗമില്ലെന്നും പ്രസാദ് വെളിപ്പെടുത്തുന്നു. ഇന്നലെയാണ് മനോവിഷമത്തെ തുടര്‍ന്ന് ബിജെപിയുടെ കര്‍ഷക സംഘടനാ ഭാരവാഹിയായ പ്രസാദ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചികില്‍സയിലായിരുന്ന പ്രസാദ് ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. സര്‍ക്കാരും ബാങ്കുകളുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്നും പ്രസാദിന്റെ കുറിപ്പില്‍ പറയുന്നു.
അതേസമയം, കര്‍ഷകനായ പ്രസാദിന്റെ മരണം ഏറെ വിഷമകരമാണെന്നും നാടിന്റെ നട്ടെല്ലായ കര്‍ഷകനെയാണ് നഷ്ടമായതെന്നും നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് പറഞ്ഞു. ജയസൂര്യയുടെ പ്രസംഗത്തിന്റെ പേരില്‍ തന്നെ ആക്രമിച്ചത് ഇതേവിഷയത്തിലാണെന്നും വായ്പയെടുക്കാന്‍ ബാങ്കിലെത്തുമ്പോഴാണ് സിബില്‍ സ്കോര്‍ ഇല്ലെന്ന് തിരിച്ചറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.