മലയാളി വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായി ‘വനിത’ സുവർണ ജൂബിലി നിറവിലേക്ക്. വനിത സുവര്‍ണ ജൂബിലി പതിപ്പ് മഞ്ജു വാരിയര്‍ പ്രകാശനം ചെയ്തു. ‘‘മലയാളി വനിതകളുെടയെല്ലാം ആത്മവിശ്വാസമാണ് വനിത. പല ജീവിത ഘട്ടങ്ങളിലും എനിക്കു കൂട്ടുകാരിയും വഴികാട്ടിയുമായി വനിത നിന്നിട്ടുണ്ട്....’ മഞ്ജു പറഞ്ഞു.
1975 മാർച്ചിലാണ് വനിതയുടെ ആദ്യ ലക്കം പുറത്തു വന്നത്. മാസികയായി തുടങ്ങിയ വനിത പിന്നീടു ദ്വൈവാരികയായി. പ്രചാരം അൻപതിനായിരത്തിൽ നിന്നു കുതിച്ചുയർന്ന് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണം എന്ന ഉന്നത സ്ഥാനം വരെ എത്തി.

അൻപതു വർഷത്തിന്റെ നിറവു പ്രകടമാക്കുന്ന വിഭവങ്ങളോടെ, കലക്റ്റേഴ്‌സ് ഇഷ്യൂ ആയാണ് സുവർണജൂബിലി പതിപ്പ് അണിഞ്ഞൊരുങ്ങുന്നത്. സമൂഹത്തിനു വേണ്ടി മനസ്സും ജീവിതവും അർപ്പിക്കുന്ന അൻപതു വനിതകളെ അവതരിപ്പിക്കുന്ന പ്രത്യേക വിഭാഗം ആണ് പ്രധാനം. ആര്‍ക്കും ജീവിതത്തിലേക്കു പകർത്താവുന്ന വലിയ നന്മകൾ ചെയ്യുന്ന ഈ വനിതകളുടെ അനുഭവങ്ങള്‍ ഒട്ടേറെ പേർക്കു പ്രചോദനം ആകുമെന്നുറപ്പ്.
വനിതയുടെ പ്രഥമ ചീഫ് എഡിറ്ററും പാചക രംഗത്തെ നക്ഷത്രവുമായ മിസ്സിസ് കെ. എം. മാത്യുവിന്റെ പാചകക്കുറിപ്പുകളിൽ നിന്നു തിരഞ്ഞെടുത്ത, രുചിയൂറുന്ന 50 പാചകക്കുറിപ്പുകളും ഈ ലക്കത്തിലുണ്ട്.
ഫാഷനിലും സൗന്ദര്യ സംരക്ഷണത്തിനും കഴിഞ്ഞ അൻപതു വർഷങ്ങളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റത്തെക്കുറിച്ചു വിശദമായി വിലയിരുത്തുന്ന ഫീച്ചറുകളാണ് മറ്റൊരു െെഹ െെലറ്റ്. ഫാഷൻ ഡിസൈനറും ഫാഷന്റെ ഊടും പാവും കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്ന ബീന കണ്ണൻ ഫാഷൻ രംഗത്തെ വിലയിരുത്തുന്നു. ലോക പ്രശസ്ത ബ്യൂട്ടീഷനും ബോളിവുഡ് സെലിബ്രിറ്റികളുടെ ഉപദേശകയുമായ അംബിക പിള്ള സൗന്ദര്യ രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് എഴുതുന്നു.

വനിതയുടെ പ്രകാശനം നിർവഹിച്ച തിരുവിതാംകൂർ രാജകുമാരിയും ലോക പ്രശസ്ത ചിത്രകാരിയുമായ ഹെർ ഹൈനസ് രുക്മിണി വർമ മനസ്സു തുറക്കുന്ന അഭിമുഖം, പുതുമയും ചരിത്ര പ്രാധാന്യവുമുള്ള കവറിന്‍്റെ പ്രത്യേകതകള്‍, സ്ഥിരം പംക്തികള്‍ തുടങ്ങിയവയും സുവര്‍ണജൂബിലി പതിപ്പിന്‍്റെ മികവ് കൂട്ടുന്നു.