Thursday 09 March 2023 12:25 PM IST : By സ്വന്തം ലേഖകൻ

പ്രസവവേദന, ദമ്പതികൾ മുറിയിൽ കയറി കതകടച്ചു; കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോഴാണ് വീട്ടുകാരും സംഭവം അറിയുന്നത്! നടപടിയ്ക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

shutterstock_pregnant-1520x855

ആശുപത്രിയിൽ പോകാതെ വീട്ടിൽ ആദ്യ പ്രസവം, നടപടിയ്ക്ക് ശുപാർശ ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. പത്തനാപുരം പുന്നലയ്ക്കടുത്താണ് യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ഭാര്യയും ഭർത്താവും മാത്രം അറി‍ഞ്ഞായിരുന്നു വീട്ടിലെ പ്രസവം.

കൊട്ടാരക്കരയിലെ വീട്ടിൽ നിന്ന് ഒരാഴ്ച മുൻപാണ് യുവതി ഭർതൃ വീട്ടിലെത്തിയത്. കഴിഞ്ഞ രാത്രിയിലും ഇന്നലെ രാവിലെയും ആശുപത്രിയിൽ പോകുന്ന കാര്യം ഭർതൃവീട്ടുകാർ സംസാരിച്ചിരുന്നു. കുഴപ്പമില്ലെന്ന മറുപടി മാത്രമാണ് നൽകിയതെന്നു ഭർതൃപിതാവ് പറഞ്ഞു. ഉച്ചയ്ക്ക് 1ന് പ്രസവ വേദന തുടങ്ങിയപ്പോൾ, ദമ്പതികൾ മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോഴാണ് വീട്ടുകാരും അറിയുന്നത്.

പിന്നീട് ഭർത്താവ് തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തി ആശുപത്രിയിൽ പോകുന്നതിന് നിർദേശം നൽകിയെങ്കിലും കൂട്ടാക്കിയില്ല. വീട്ടിൽ പ്രാഥമിക ശുശ്രൂഷകൾ നൽകി ആരോഗ്യ പ്രവർത്തകരും മടങ്ങി. പിന്നീട് മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ അനീഷ് ജോർജ് വിശദ വിവര റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകി. ഇതനുസരിച്ച് ഇന്ന് തുടർ നടപടിയുണ്ടായേക്കും.

യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശന്ങ്ങൾ ആശുപത്രിയിൽ പോകുന്നതിനെ ഭയപ്പെടുത്തിയിരുന്നുവെന്നാണ് ഭർത്താവിന്റെ വാദം. ആദ്യ 3 മാസം മാത്രമാണ് ആശുപത്രിയിൽ പോയിരുന്നത്. ഗർഭിണിയായ കാലം മുതൽ വീട്ടിൽ പ്രസവിച്ചവരെക്കുറിച്ച് കൂടുതൽ അറിയാനും, പഠിക്കാനും യുവതി ശ്രമിച്ചിരുന്നു. ഇതനുസരിച്ച് സ്വയം പ്രസവം നടത്തുകയായിരുന്നെന്നും, താൻ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് പറഞ്ഞു. കു‍ഞ്ഞിന് 2.900 കി.ഗ്രാം തൂക്കമുണ്ട്.

Tags:
  • Spotlight