ADVERTISEMENT

പഠനം പൂർത്തിയാക്കാതെ ചികിത്സ നൽകിവന്ന വ്യാജ ഡോക്റെ തിരിച്ചറിഞ്ഞത് മുൻ സഹപാഠിയായ ഡോക്ടർ. കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു ഏബ്രഹാം ലൂക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ഒൻപത് ആശുപത്രികളിൽ ജോലി ചെയ്തതായും കണ്ടെത്തി. എന്നാൽ ഇയാളുടെ ചികിത്സയിൽ പല രോഗികൾക്കും വലിയ മതിപ്പായിരുന്നുവെന്നും സ്ഥിരമായി രോഗികൾ ഇയാളെ തേടി വരാറുണ്ടായിരുന്നുവെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ് കുമാറിന്റെ (60) മരുമകളാണു വ്യാജ ഡോക്ടറെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാസം 23നാണ് വിനോദ് കുമാർ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡോക്ടർമാരായ മകൻ പി. അശ്വിനും മരുമകൾ മാളവികയും ചണ്ഡിഗഡിലാണ് ജോലി ചെയ്തിരുന്നത്. സംസ്കാരച്ചടങ്ങിനെത്തിയ ശേഷം വീട്ടിൽ തങ്ങിയ ബന്ധുവിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്നു കഴിഞ്ഞ 27ന് മാളവിക ഇതേ ആശുപത്രിയിൽ എത്തിച്ചു.

ADVERTISEMENT

ആശുപത്രിയിൽവച്ചാണ് അബു ഏബ്രഹാം ലൂക്ക് എന്ന പേര് കണ്ടതും സംശയം തോന്നിയതും. മാളവികയുടെ സീനിയറായി പഠിച്ച അബു ഏബ്രഹാം ലൂക്ക് തന്നെയാണോ ഇതെന്നായിരുന്നു സംശയം. സീനിയറായി പഠിച്ച അബു പഠനം പൂർത്തിയാക്കാതെ കോളജ് വിട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അതേ ആൾ തന്നെയാണ് പത്ത് വർഷത്തിലധികമായി ചികിത്സ നടത്തിവരുന്നതെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് 28ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011 ലാണ് കോഴിക്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനത്തിനായി എത്തുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്നാണ് സമാന പേരുള്ള മറ്റൊരാളുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചു ചികിത്സ തുടങ്ങിയത്. ആര്‍എംഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ റഫറന്‍സിലൂടെ അബു ലൂക്ക് എത്തുന്നത്.

ADVERTISEMENT

അബു പി. സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു റജിസ്റ്റര്‍ നമ്പര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് രണ്ട് പേര് ഉണ്ട് എന്നാണ് ആശുപത്രി അധികൃതർക്കു മറുപടി നല്‍കിയത്. മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളില്‍ അന്വേഷിച്ചപ്പോഴും ഇയാളെക്കുറിച്ചു മികച്ച അഭിപ്രായം ആയിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT