36 വർഷം മുൻപു വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയ ജി.രമേഷ് ബാബുവും വൃക്ക നൽകിയ സഹോദരി ജി.രാജിയും ഇന്ന് ഒട്ടേറെ വൃക്ക രോഗികളുടെയും ദാതാക്കളുടെയും ആശങ്ക അകറ്റിയാണു ജീവിക്കുന്നത്. രമേഷിനു മുന്നോട്ടു ജീവിക്കണമെങ്കിൽ വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗമില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയ ദിവസം ഇന്നും മാഞ്ഞിട്ടില്ലെന്നു ജി.രമേഷ് ബാബു പറയുന്നു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് ആദ്യമായി അന്നാണു രമേഷ് കേട്ടതുതന്നെ.
സഹോദരങ്ങളുടെ വൃക്ക മാറ്റിവയ്ക്കുന്നതാകും ഉചിതം എന്നു നെഫ്രോളജിസ്റ്റ് ഡോ. മുത്തുസേതുപതിയും സർജൻ ടി.ജെ.പോളും നിർദേശിച്ചതോടെ സഹോദരി ജി.രാജി വൃക്ക നൽകാൻ തയാറായി. 1987ൽ ചെന്നൈയിൽ ശസ്ത്രക്രിയ നടത്തുമ്പോൾ രമേഷ് ബാബുവിനു 37 വയസ്സ്. 31 വയസ്സുകാരി സഹോദരി വൃക്ക നൽകിയത് ഭർത്താവ് രവീന്ദ്രന്റെ പൂർണ പിന്തുണയോടെയാണ്.
ശസ്ത്രക്രിയ കഴിഞ്ഞ് 36 വർഷവും 8 മാസവും പിന്നിടുമ്പോൾ, 74 വയസ്സുകാരനായ രമേഷ് പൂർണ ആരോഗ്യവാനാണ്. അതിരാവിലെയുള്ള നടത്തം, കൃത്യമായ മരുന്ന് എന്നിവ ശീലമാക്കിയതോടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. എല്ലാ ഭക്ഷണവും കഴിക്കാം. 69 വയസ്സുകാരിയായ രാജിയും യാതൊരു ആരോഗ്യപ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. കെഎസ്ഇബി അക്കൗണ്ട്സ് ഓഫിസറായി വിരമിച്ച രമേഷ് ഒലവക്കോട് ആണ്ടിമഠം എകെജി നഗർ ഹൗസിങ് കോളനിയിൽ ‘തിരുവാതിര’യിലാണ് താമസം. ഭാര്യ: പരേതയായ വി.പത്മ. ഏക മകൾ റോഷ്ണി ഭർത്താവിനൊപ്പം യുഎസിലാണു താമസം.