Tuesday 23 May 2023 03:51 PM IST : By സ്വന്തം ലേഖകൻ

‘പരീശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ല, ആ വിജയ രഹസ്യം ഇതാ’: ആറാം റാങ്ക് തിളക്കത്തിൽ ഗഹന

gahana-ias

അപ്രതീക്ഷിത വിജയമാണ് കൈവന്നതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജെയിംസ്. പരീക്ഷയ്ക്കായി താന്‍ പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയ്യാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു.

‘ചെറുപ്പം മുതലേ പത്രം വായിക്കുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നു. അതിൽ നിന്ന് മനസിലാക്കുന്ന കാര്യങ്ങൾ സഹായകമായി. ഇന്റർനെറ്റിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസിലാക്കി. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ സിവിൽ സർവീസിനോട് താത്പര്യം ഉണ്ടായിരുന്നു. അമ്മയുടെ ജ്യേഷ്ഠന്‍ സിബി ജോർജ് ഫോറിൻ സർവീസിലുണ്ട്. അദ്ദേഹം ജപ്പാനിൽ ഇന്ത്യൻ അംബാസിഡറാണ്. അദ്ദേഹം ഈ വിജയത്തിൽ റോൾ മോ‍ഡലാണ്. ടൈം ടേബിൾ വച്ച് പഠിക്കുന്ന ശീലം പണ്ടു മുതലേ ഇല്ലായിരുന്നു. ലോകത്തു നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും സ്വന്തം അഭിപ്രായം ഉണ്ടാക്കാനും പരിശ്രമിച്ചിരുന്നു. വലിയ പ്രതീക്ഷകളില്ലായിരുന്നു. പക്ഷേ നന്നായി പരിശ്രമിച്ചിരുന്നു. പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ സ്വയം പഠിക്കുന്നതായിരുന്നു എന്റെ രീതി. പഠന വഴിയില്‍ സഹോദരനും വലിയ സഹായവുമായി ഒപ്പമുണ്ടായിരുന്നു.’– ഗഹന പറയുന്നു.

വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബി.എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി. പാലാ സെന്റ്.തോമസ് കോളജ് റിട്ടപ്രഫ. ജെയിംസ് തോമസിന്റെ മകളാണ്.