ഒത്ത ഉയരം. ബലിഷ്ഠമായ ശരീരം. എസ്ഐ സെലക്‌ഷൻ ലഭിച്ച, ആ ചെറുപ്പക്കാരൻ ബൈക്കിൽ ഭാവിയിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ് ഇഴഞ്ഞു നീങ്ങുന്നു. വൺവേയാണ്. ഒാവർടേക്ക് ചെയ്യുന്നതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബൈക്ക് ബസിന്റെ മറവിൽ നിന്നു വലത്തോട്ടു നീങ്ങി. അടുത്തനിമിഷം എടുത്തെറിഞ്ഞ പോലെ ആ ചെറുപ്പക്കാരൻ റോഡിലേക്ക് തെറിച്ചു വീണു.
വൺവേ ആണെന്ന് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ എതിരേ നിന്നെത്തിയ ജീപ്പ്, ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് അഴിഞ്ഞു പോയി. ചലനമറ്റ് അവൻ റോഡിൽ കിടന്നു. ഒരു ദീപം അണഞ്ഞിരിക്കുന്നു എന്നു തന്നെ എല്ലാവരും കരുതി. ഇതാണ് ഗണേശ് കൈലാസ് എന്ന ഒറ്റപ്പാലംകാരന്റെ ജീവിതം മാറിമറിഞ്ഞ നിമിഷം.
പക്ഷേ, ആ അപകടത്തിൽ ജീവന്റെ ദീപംഅണഞ്ഞില്ല. ജീവിതത്തിന് ചന്ദ്രപ്രഭയുള്ളൊരു സഖി കൂട്ടിനെത്തി. ഇതു ഗണേശ് കൈലാസിന്റെയും ശ്രീലേഖയുടെയും കഥ. ഇരുവരും ചേർന്നു സ്നേഹത്തിന്റെ പട്ടു പോൽ തിളങ്ങുന്ന ജീവിതം നെയ്ത കഥ.
പൊലീസുകാരന്റെ മകൻ
‘‘ചെറുതിലേ സമർഥനായ, ആർട്സിലും സ്പോർട്സിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഞാൻ. കാക്കിയണിഞ്ഞു പോകുന്ന, എസ്ഐ ആയ അച്ഛനായിരുന്നു മാതൃക. അച്ഛനെപ്പോലെ പൊലീസുകാരനാകുക എന്നതായിരുന്നു സ്വപ്നം.
‘ആരോഗ്യമുണ്ടല്ലോ. ഞാനെന്തിനു പേടിക്കണം, പണിയെടുത്തു ജീവിക്കാമല്ലോ എന്ന ഉറച്ച ചിന്തയായിരുന്നു നയിച്ചത്.
പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. പിജി ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ. എസ്ഐ സെലക്‌ഷൻ പരീക്ഷ എഴുതിയതിനൊപ്പം സ്വന്തം കാലിൽ നിൽക്കാനായി മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി സ്വീകരിച്ചു. കുറേക്കാലം എറണാകുളത്തും തൃശൂരും ജോലി ചെയ്തു.’’
തേടുകയാണിന്നും ആ മുഖം
‘‘2006 മേയ് അഞ്ചിന് ഒറ്റപ്പാലത്തെ വീട്ടിൽ നിന്നു ജോലി സംബന്ധമായി ഡോക്ടറെ കാണാ ൻ പോകവേയാണ് പൂങ്കുന്നത്തു വച്ച് അപകടം സംഭവിക്കുന്നത്. അപകടം കണ്ട് ആളുകൾ പകച്ചു നിന്നപ്പോൾ എന്റെ പിന്നാലെ വന്ന മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർഥി എന്നെയെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലാത്തതുകൊണ്ട് ഐസിയുവിൽ കാണാനെത്തിയ അ ച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഐസിയുവിന്റെ കിളിവാതിലിലൂടെ അവർ കൈ ഉയർത്തി കാണിച്ചു.
തിരിച്ചു കൈ ഉയർത്താൻ ശ്രമിച്ചപ്പോൾ കൈകൾ ഇല്ലാത്തതു പോലെ തോന്നി. ഞാനാഞ്ഞു ശ്രമിച്ചു. കഴിയുന്നില്ല. തല മാത്രമുള്ളൊരു ജീവനായി ഞാൻ മാറിയിരിക്കുന്നു.അ പ്പോൾ അടുത്തു നിന്ന നഴ്സ് അലിവോടെ എന്റെ കൈപിടിച്ചുയർത്തി വീശി.
ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം മാറിയിരിക്കുന്നു. ശരീരഭാരം മുഴുവൻ കഴുത്തിൽ വരുന്ന വിധം തലകുത്തി വീണതിനാൽ കഴുത്തെല്ല് ഒടിഞ്ഞു സുഷുമ്നാ നാഡിയിലേക്കു കയറിയതാണ് ചലനശേഷി നഷ്ടപ്പെടുത്തിയത്.
എന്റെ രക്തസമ്മർദവും പൾസും തീർത്തും താണെങ്കിലും ആശുപത്രിയിൽ വേണ്ട പരിചരണം കിട്ടിയില്ല. എന്റെ ചേച്ചി ഗീതയുടെ ഭർത്താവ് ഹരിദാസും എന്റെ കൂട്ടുകാരും ഇതു ചോദ്യം ചെയ്തു. മറ്റൊരു ഹോസ്പിറ്റലിലേക്കു മാറ്റാൻ മുൻകയ്യെടുത്തു. അഞ്ചാം ദിവസം വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലേക്ക്...
അവിടുത്തെ ഡോ. അജയകുമാറാണു ജീവിതത്തിലേക്കു തിരിച്ചെത്തിച്ചത്. 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, മൂന്നു മാസത്തോളം കിടന്ന കിടപ്പ്, ഫിസിയോതെറപ്പി തുടങ്ങിയ ഘട്ടങ്ങൾക്കു ശേഷം എഴുന്നേറ്റിരിക്കാമെന്നായി.
എന്റെ പോസിറ്റീവ് മനഃസ്ഥിതിയാണ് ഇത്രയും പുരോഗതി നൽകിയത് എന്ന് ഡോക്ടർ പറയും. ആ പോസിറ്റിവിറ്റി ഞാൻ അച്ഛനിൽ നിന്നു പഠിച്ചതാണ്. മകൻ വലിയ അപകടത്തിൽ പെട്ടിട്ടും ചലനശേഷി നഷ്ടപ്പെട്ടിട്ടും അദ്ദേഹം കരഞ്ഞില്ല. ‘എഴുന്നേറ്റ് വാടാ മോനേ...’ എന്നൊരു മട്ടായിരുന്നു എല്ലായ്പ്പോഴും.

ആശുപത്രിയിലെ സ്വീപ്പർമാർ മുതൽ മെഡിക്കൽ ഡയറക്ടർ വരെയുള്ളവർ എന്നോടു കാണിച്ച കരുണയാണ് ഇന്നത്തെ എന്റെ ജീവിതം.
കണ്ണിലെ കൃഷ്ണമണി പോലെ കാക്കുന്ന അച്ഛൻ ശങ്കരൻകുട്ടി, അമ്മ കല്യാണിക്കുട്ടി, അപകടസമയത്തും ഇപ്പോഴും ശക്തമായി കൂടെ നിൽക്കുന്ന സുഹൃത്തുക്കൾ, ചേച്ചി ഗീത, ചേച്ചിയുടെ ഭർത്താവ് ബെംഗളൂരുവിൽ എയർപോർട്ട് ഡിജിഎം ആയ ഹരിദാസ്, അവരുടെ മക്കൾ അക്ഷയയും അനാമികയും, അപകടം പറ്റിയ അന്നു മുതൽ എന്റെ എല്ലാ കാര്യവും ചെയ്തു തന്നു കൂടെ നിൽക്കുന്ന ഏട്ടൻ ഗിരീഷ്, ജീവന്റെ പാതിയായി മാറിയ ശ്രീലേഖ അവരൊക്കെയാണ് എന്റെ ബലം.
‘ഇനിയെന്തിന് വേണ്ടി ജീവിക്കണം’ എന്ന ചിന്ത കൊ ണ്ടെത്തിച്ചത് എന്നെപ്പോലുള്ളവർക്ക് ആത്മവിശ്വാസം പ കരാനായി ജീവിക്കുക എന്ന ആശയത്തിലേക്കാണ്. ഇന്ന് മോട്ടിവേഷനൽ സ്പീക്കർ എന്ന നിലയിൽ കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നു.
ഏതു ദുരന്തത്തിലും വേണ്ടതു പോസിറ്റിവിറ്റി ഒന്നു മാത്രമാണെന്ന് ക്ലാസ്സെടുക്കുന്നു. കൂടുതൽ ക്ലാസ്സെടുക്കുന്നതു കുട്ടികൾക്കാണ്. ‘ജീവിതം പൊരുതാനുള്ളതാണ്, അ നുഭവങ്ങൾ പഠിക്കാനുള്ളതാണ്’ എന്നറിഞ്ഞാൽ വീഴ്ചകളിൽ ആരും തളരില്ല.
1200ൽ അധികം വേദികൾ പിന്നിട്ടു കഴിഞ്ഞു. എല്ലാ വേദിയിലും ഞാനൊരാളെക്കുറിച്ചു പറയും. ആ മുഖം തേടും. എന്നെ ജീവിതത്തിലേക്ക് എടുത്തു കിടത്തിയ ആ വിദ്യാർഥിയെ. എന്നെങ്കിലും ആ മുഖമൊന്നുകാണണം, കൈകൾ നെഞ്ചോടു ചേർത്തു പിടിച്ചു നന്ദിയും സ്നേഹവും അറിയിക്കണം എന്നു വല്ലാതെ ആഗ്രഹിക്കുന്നുണ്ട്.’’
നിങ്ങളെന്നെ പ്രഭാഷകനാക്കി
‘‘അപകടം സംഭവിച്ച് ഐസിയുവിൽ കിടന്ന ദിവസങ്ങളിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും നെഗറ്റീവായ വാക്കുകൾ കേട്ടത്. അപകടം നടന്ന രണ്ടാം നാൾ എന്റെ ഇരുപത്തിയാറാം പിറന്നാളിന്റെയന്ന് അമ്മയെയും അച്ഛനെയും വിളിപ്പിച്ച് ആ ഡോക്ടർ പറഞ്ഞു. ‘നിങ്ങളുടെ മകനെക്കൊണ്ട് ഇനിയൊന്നും ചെയ്യാൻ കഴിയില്ല. ഇനിയുള്ള കാലം കട്ടിലിൽ കിടക്കാനേ കഴിയൂ.’ നിർദയം അദ്ദേഹമതു പറയുമ്പോൾ എന്റെ അമ്മയുടെ ഹൃദയം നുറുങ്ങിയ വേദന വാക്കുകളിൽ വിവരിക്കാനാകില്ല.
ആ സംഭവത്തിനു ശേഷമാണു ഹരിയേട്ടനും എന്റെ സുഹൃത്തുക്കളും എന്നെ പുതിയ ആശുപത്രിയിലേക്കു മാറ്റുന്നത്. ജീവിതത്തിൽ നമുക്കു പ്രതികൂലമായ വാക്കുകളായിരിക്കും കൂടുതലും ലഭിക്കുക. അതു നമ്മൾ എങ്ങനെ സ്വീകരിക്കുന്നു എന്നതാണു പ്രധാനം.
അന്ന് ഡോക്ടറുടെ വാക്കുകൾ കേട്ടു തകർന്നുപോയ അമ്മയാണ് നിത്യവും എനിക്കു ധരിക്കാനായി ഏറ്റവും ഭംഗിയുള്ള മുണ്ടും ജുബ്ബയും ഒരുക്കി വയ്ക്കുന്നത്. വയ്യാത്ത ഒരാൾ എന്ന തോന്നൽ ഒരു നേരത്തും എന്നിലുണ്ടാകാൻ അമ്മ അനുവദിക്കില്ല.
ആ ഡോക്ടറുടെ ഇരുൾ വീണ വാക്കുകൾ അതേപടി മനസ്സിലേക്കെടുത്തിരുന്നെങ്കിൽ എന്റെയും കുടുംബത്തിന്റെയും ജീവിതം ഇങ്ങനെയാകുമായിരുന്നില്ല. ഏതു വലിയ ദുരന്തത്തിലും നമ്മൾ പ്രതീക്ഷ കൈവിടരുത്. പ്രകാശത്തിന്റെ കിരണം താമസിയാതെ നമ്മളിലേക്കെത്തും. അതിനായി ക്ഷമയോടെ കാത്തിരിക്കുക.
എസ്ഐ ആകാൻ മോഹിച്ച എനിക്ക് സബ് ഇൻസ്പക്ടർമാർക്കു മോട്ടിവേഷനൽ ടോക്ക് നൽകാൻ സാധിക്കുന്നത് കാലത്തിന്റെ കാവ്യനീതിയല്ലാതെ മ റ്റെന്താണ്?’’ ഗണേശിന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.
എന്നിലേക്കെത്തിയ ചന്ദ്രലേഖ
‘‘എന്റെ ജീവിതത്തിൽ പ്രണയത്തിന്റെ ചന്ദ്രോദയം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമപ്രായക്കാരായവർ വിവാഹിതരാകുമ്പോൾ എനിക്കും ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിലും...’’ പ്രണയകാലം പറഞ്ഞുതുടങ്ങിയത് ശ്രീലേഖയാണ്.
‘‘ഗണേശേട്ടന്റെ ജൂനിയറായി ചിറ്റൂർ കോളജിൽ പഠിച്ചയാളാണ് ഞാൻ. അന്ന് കോളജിലെ ശ്രദ്ധാകേന്ദ്രമായിരുന്ന ഗണേശേട്ടനെ കണ്ടിട്ടുണ്ടെങ്കിലും സംസാരിച്ചിട്ടില്ല.
2017 കാലഘട്ടത്തിൽ ഫെയ്സ്‌ബുക്കിലാണ് ഗണേശേട്ടന്റെ വാർത്ത കാണുന്നത്. കോളജിൽ സീനിയറായി പഠിച്ച ഗണേശ് തന്നെയല്ലേ ഇത് എന്നു തോന്നിയതു കൊണ്ടും വിഡിയോയിലെ സംസാരത്തിലുണ്ടായിരുന്ന പോസിറ്റിവിറ്റി കൊണ്ടും ഫോൺ നമ്പർ തേടിപ്പിടിച്ചു വിളിച്ചു. ആ പരിചയം ഗാഢസൗഹൃദമായി വളർന്നു.’’ ലേഖ പറയുന്നു.
‘‘ലേഖയുടെ രണ്ടാം വിവാഹമാണിത്. ലേഖയുടെ കരുത്ത് അച്ഛൻ ഹരിദാസൻ, അമ്മ നളിനി, ചേട്ടൻ ശ്രീകുമാർ, അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ, ചേച്ചി ശ്രീകല, ഭർത്താവ് വിനോദ് എന്നിവരായിരുന്നു. എങ്കിലും ലേഖയ്ക്ക് സമാധാനത്തോടെ സംസാരിക്കാൻ തന്റേതായ ഒരാളു വേണമായിരുന്നു. 2018 ഏപ്രിലിൽ ആയിരുന്നു വിവാഹം.
ലേഖയെ എനിക്ക് വിവാഹം കഴിക്കാം. പക്ഷേ, ലേഖയുടെ മകൻ എന്നെ സ്വീകരിക്കില്ലെങ്കിൽ ആ ജീവിതത്തിന് അർഥമുണ്ടാകില്ലായിരുന്നു.
ഇന്ന് എന്റെ ജീവിതത്തിലെയും ഏറ്റവും വലിയ ഭാഗ്യം ലേഖയുടെ മകൻ അശ്വിനാണ്. സ്വന്തം അച്ഛനെപ്പോലെ അവനെന്നെ സ്വീകരിച്ചു. അച്ഛാ... എന്ന അവന്റെ വിളിയാണ് ഇന്നെന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.’’ ഗണേശ് ശ്രീലേഖയുടെ കൈ ചേർത്തു പിടിച്ചു.
രാഖി റാസ്