ADVERTISEMENT

മകന്റെ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മുത്തശ്ശി അറസ്റ്റില്‍. കര്‍ണാടകയിലെ ഗജേന്ദ്രഗഡിലാണ് ദാരുണസംഭവം നടന്നത്. സരോജ ഗൂലി എന്ന സ്ത്രീയാണ് സ്വന്തം മകന്റെ മകനെ കൊലപ്പെടുത്തിയത്. ഒന്‍പത് മാസം മാത്രം പ്രായമുളള അദ്വിക് ആണ് മുത്തശ്ശിയുടെ കയ്യാല്‍ കൊല്ലപ്പെട്ടത്. നവംബര്‍ 22നാണ് കൊലപാതകം നടന്നതെങ്കിലും കേസില്‍ സരോജയെ പ്രതിയാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

സരോജയുടെ മരുമകള്‍ നാഗരത്നയോടുള്ള ദേഷ്യമാണ് ഒന്‍പതുമാസം പ്രായമുളള ചെറുമകന്‍ അദ്വികിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. മരുമകള്‍ നാഗരത്നയോട് കടുത്ത ദേഷ്യമായിരുന്നു സരോജയ്ക്ക്. പ്രസവശേഷം ആറു മാസത്തോളം നാഗരത്ന സ്വന്തം വീട്ടിലായിരുന്നു നിന്നിരുന്നത്. കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടിലേയ്​ക്ക് എത്തിയിട്ട് മൂന്നുമാസമേ ആയിരുന്നുളളൂ. കൊലപാതകം നടന്ന ദിവസം നാഗരത്ന വീട്ടുജോലികളുമായി തിരക്കിലായിരുന്നു. ജോലികളെല്ലാം തീര്‍ത്ത് മടങ്ങിവന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ഭര്‍തൃമാതാവിനോട് കുഞ്ഞിനെ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും തൃപ്​തികരമായിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചത്.

ADVERTISEMENT

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഗജേന്ദ്രഗഡ് പൊലീസ് ഭര്‍തൃമാതാവ് സരോജയെ ചോദ്യം ചെയ്​തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തുളള കണ്ടല്‍കാട്ടില്‍ കുഴിച്ചിട്ടെന്ന് സരോജ സമ്മതിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കുഞ്ഞിന് കഴിക്കാന്‍ പറ്റാത്ത പലതും ഭര്‍തൃമാതാവ് നല്‍കിയിരുന്നെന്നും, എന്നാല്‍ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്നും മരുമകള്‍ നാഗരത്ന പൊലീസിനോട് പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT