Saturday 03 June 2023 01:02 PM IST

അന്ന് ചുരുണ്ട മുടിയുടെ പേരിൽ കളിയാക്കൽ, ഇന്ന് ചുരുളൻ മുടിയിഴയിൽ നിന്നും 75ലക്ഷം രൂപ ഫണ്ടിങ്: ഹിൻഷറയുടെ വിജയഗാഥ

Delna Sathyaretna

Sub Editor

hinshara-habeeb

പൂവും കണ്ടീഷനറുമൊക്കെയിട്ടു ഭംഗിയായി സൂക്ഷിച്ച ചുരുൾമുടിയിഴകളാണു ഹിൻഷറ ഹബീബ് എന്ന ആലുവാക്കാരിയുെട ഏറ്റവും വലിയ സ്വത്ത്. പണ്ട്, മുടിയുെട പേരില്‍ കൂട്ടുകാരികള്‍ കളിയാക്കുമ്പോള്‍ ആത്മവിശ്വാസക്കുറവു െകാണ്ടു പലപ്പോഴും തലകുനിഞ്ഞു പോയിട്ടുണ്ട്. പിന്നെ അതിെനയെല്ലാം ചിരിയോടെ നേരിട്ട്, പൊരുതി വിജയത്തിലേക്കു കുതിച്ചു ഹിന്‍ഷറ.

ചുരുളൻമുടിക്കാരായ ഹിൻഷറയും കൂട്ടുകാരി മും ബൈ സ്വദേശിനി യുബ റോമിന്‍ ആഗയും േചര്‍ന്നു തുടങ്ങിയ ‘മെയ്ൻന്റെയ്ൻ’ എന്ന സ്റ്റാര്‍ട്ടപ്പ് േദശീയതലത്തില്‍ ശ്രദ്ധ േനടി. വിഖ്യാത ബിസിനസ് റിയാലിറ്റി േഷായായ ‘ഷാര്‍ക് ടാങ്കി’ന്‍റെ ഇന്ത്യന്‍ എഡിഷനില്‍ പങ്കെടുത്ത ഈ മിടുക്കികള്‍ േനടിയതു 75 ലക്ഷം രൂപയുടെ ഫണ്ടിങ്ങാണ്. വിജയവഴികളെക്കുറിച്ചു ഹിന്‍ഷറ മനസ്സു തുറക്കുന്നു.

ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?

മികച്ച സാധ്യതകളുള്ള സംരംഭകർക്കു ഫണ്ടിങ്ങും ഒ പ്പം പ്രശസ്തിയും നേടാൻ സഹായിക്കുന്ന റിയാലിറ്റി ഷോയാണു ഷാർക് ടാങ്ക്. എത്ര തിരക്കുകളുണ്ടെങ്കിലും യുബ ഈ ഷോ കാണും. കോവിഡ് കാലത്തിനു മുൻപു തുടങ്ങിയ ഞങ്ങളുടെ ‘മെയ്ൻന്റെയ്ൻ’ എന്ന സംരംഭത്തിന്റെ കഥ ഷാർക് ടാങ്കിലൂടെ ലോകത്തോടു പറയണമെന്ന് ആഗ്രഹിച്ചതും യുബയാണ്. കോവിഡിൽ സഹോദരനെ നഷ്ടമായതിന്റെ ആഘാതത്തിലായിരുന്നു എന്റെ കുടുംബം. അതിൽ നിന്നു കര കയറാൻ ഷാർക് ടാങ്ക് സഹായിച്ചു. ഫണ്ടിങ് കിട്ടുമെന്നു നല്ല പ്രതീക്ഷയുണ്ടായിരുന്നു. കാരണം ചുരുളന്‍ മുടിയുള്ളവരുടെ ചെറിയ വലിയ പ്രശ്നങ്ങൾക്കു പരിഹാരമാണു ഞങ്ങളുടെ ഉൽപന്നങ്ങൾ.

ആലുവയില്‍ ഹൈകൗണ്ട് ഗ്രൂപ് മാനേജിങ് ഡയറക്ടറായിരുന്ന എം.എ. ഹബീബാണ് അച്ഛന്‍. ഉമ്മ ഫാത്തിമ ഹബീബ്. ഞങ്ങള്‍ മൂന്നു മക്കളാണ്. പത്തുവര്‍ഷം മുന്‍പായിരുന്നു അച്ഛന്‍റെ മരണം. േകാവിഡ് കാലത്തു മൂത്ത േചട്ടന്‍ ഹിൻഫാസും ഞങ്ങളെ വിട്ടുപോയി. ഇളയ ചേട്ടന്‍ ഹിൻസാഫ് ഇപ്പോള്‍ ഹൈകൗണ്ട് മാനേജിങ് ഡയറക്ടറാണ്.

സംരംഭകരിൽ ഒരാൾ ആലുവയിൽ. മറ്റേയാൾ മുംബൈയിൽ. പ്രായത്തില്‍ പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസം. ഒന്നിച്ചുള്ള ബിസിനസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെ?

യുബ മുംബൈയിൽ ദന്തഡോക്ടറാണ്. മൂന്നു കുട്ടികളുടെ അമ്മയും. ഞാൻ പത്താം ക്ലാസ്സുവരെ നാട്ടിലാണു പഠിച്ചത്. പ്ലസ് വണും പ്ലസ് ടുവും ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ. ബി.കോം ബെംഗളൂരു ക്രൈസ്റ്റില്‍. പഠനം കഴിഞ്ഞ് ഓഡിറ്റ് അസിസ്റ്റന്റായി ഒരു വർഷം ജോലി ചെയ്തു. അതിനിടെയാണു മെയ്ന്റെയ്ൻ തുടങ്ങിയത്. ജോലിയെക്കാൾ താൽപര്യം ബിസിനസിൽ തോന്നിത്തുടങ്ങിയതോെട രാജി വച്ചു.

ചുരുണ്ടമുടിക്കാർക്കു വേണ്ടിയുള്ള ‘കേളി വേവി’ കമ്യൂണിറ്റിയിൽ പഠനകാലം മുതലേ അംഗ ങ്ങളാണു ഞാനും യൂബയും. അ ങ്ങനെയാണു പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.

ആഫ്രിക്കൻ അമേരിക്കൻ വംശജരിൽ ഇത്തരം മുടി സാധാരണമായതു കൊണ്ടു തന്നെ അമേരിക്കയില്‍ കേളി മുടിക്കായുള്ള ഉൽപന്നങ്ങൾ ധാരാളമുണ്ട്. ഞങ്ങൾ ഈ കമ്യൂണിറ്റിയിൽ ഉള്ളവർ ഒരുമിച്ചു സാധനങ്ങൾ ഇറക്കുമതി ചെയ്ത് പങ്കിടും. ഉപയോഗിച്ച് ഇഷ്ടം തോന്നാത്തതു മറ്റൊരാൾക്ക് അൽപം കുറഞ്ഞ വിലയിൽ വിൽക്കും. സൗഹൃദം ഹൃദയത്തോടു ചേർന്നു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. അങ്ങനെ ബിസിനസും തുടങ്ങി.

ഇത്ര വലിയ പ്രശ്നമാണോ ചുരുണ്ട മുടി ?

നമ്മുടെ നാട്ടിൽ ഇത്ര ചുരുണ്ട മുടിയുള്ളവർ കുറവാണ്. ഉള്ളവർക്ക് ഇതെങ്ങനെ സൂക്ഷിക്കണമെന്നും അറിയില്ല. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഇതേ മുടിയാണ്. അമ്മയൊക്കെ എണ്ണ തേച്ചൊതുക്കി പിന്നിയിടാറാണു പതിവ്. സലൂണിൽ പോകുമ്പോൾ ‘ഫ്രിസി മുടിയാണല്ലോ. മാനേജ് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണല്ലേ, കെരാറ്റിൻ ചെയ്യാമായിരുന്നില്ലേ, സ്മൂതനിങ് ചെയ്തൂടേ...’ എന്നൊക്കെ പറയും.

കുട്ടിക്കാലത്ത് എനിക്കു തീരെ ഇഷ്ടമായിരുന്നില്ല എ ന്റെ മുടി. ഊട്ടിയിൽ പഠിക്കുമ്പോൾ ഒരവധിക്കാലത്തു ബ്യൂട്ടി സലൂണില്‍ പോയി സ്മൂതനിങ് ചെയ്തു. വീട്ടിൽ അറിയിക്കാതെയാണു പോയത്. അന്നാണ് എനിക്ക് എന്നോടു ശരിക്കും ഇഷ്ടം തോന്നിയത്. ആളാകെ മാറിയതു പോലെ. പിന്നെ രണ്ടു മൂന്നു വർഷത്തോളം സ്മൂതനിങ് ചെയ്ത് മുടി നിവർത്തിയിട്ടു തലയുയർത്തി നടന്നു. മൂന്നു നാലു മാസമാകുമ്പോഴേക്കും മുടിയൽപം വളരും. വീണ്ടും സലൂൺ. നല്ല ചെലവും മെനക്കേടും. പിന്നെ, ബെംഗളൂരുവിൽ പഠിക്കുന്ന സമയത്തു വല്ലാതെ മുടി കൊഴിച്ചിലും. അതോടെ കൃത്രിമ ചികിത്സകള്‍ മുടിയില്‍ വേണ്ടെന്നു തീരുമാനിച്ചു.

ആയിടയ്ക്കു ദുബായിൽ ഇന്റേൺഷിപ്പിനു പോയപ്പോള്‍ ഒരാളെ പരിചയപ്പെട്ടു. നല്ല ഭംഗിയായി സൂക്ഷിച്ച നീളമുള്ള ചുരുണ്ട മുടിയുള്ള വ്യക്തി. ചമ്മലൊന്നുമില്ലാതെ നേരേ ചോദിച്ചു, ‘മുടി എങ്ങനെ ഇത്ര ഭംഗിയായി സൂക്ഷിക്കുന്നു?’ എന്ന്. ‘കേളി ഗേൾ മെത്തേഡ് ’ എന്ന പുസ്തകമാണ് ഉത്തരമായി കിട്ടിയത്. അതിനു ശേഷമാണു സത്യത്തിൽ ചുരുണ്ട മുടിയെ സ്നേഹിച്ചു തുടങ്ങിയത്. അല്ലെങ്കിൽ അറിയാതെ പോയേനെ ഈ മുടിയുടെ വില.

രണ്ടാളും രണ്ടു സ്ഥലത്തിരുന്നു ബിസിനസ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതെങ്ങനെ ?

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആദ്യമായി സാധനങ്ങൾ വിറ്റത്. ക്രിയേറ്റീവ്സ് തയാറാക്കലും മാർക്കറ്റിങ്ങും ഓൺലൈൻ കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളും ഞാൻ നോക്കും. ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത്, ടെസ്റ്റിങ്, വെയർ ഹൗസിങ് ഒക്കെ യുബയും. ഉത്തരവാദിത്തങ്ങൾ കൃത്യമായി വിഭജിച്ചിട്ടുള്ളതു കൊണ്ടു രണ്ടിടത്തായാലും കാര്യങ്ങൾ ഭംഗിയായി നടക്കുന്നു. തമ്മില്‍ സംസാരിച്ചേ തീരുമാനങ്ങൾ എടുക്കൂ.

hinshara-habeeb-2 ഹിൻഷറ ഹബീബും യുബ റോമിൻ ആഗയും

ഉൽപന്നങ്ങൾ പ്ലാൻ ചെയ്ത് ഉണ്ടാക്കുന്നതിന്റെ മേല്‍േനാട്ടം യൂബയ്ക്കാണ്. ഹെയർപായ്ക്കോ കണ്ടീഷനറോ പുരട്ടിയ ശേഷം ഉപയോഗിക്കാനുള്ള ഒരു ‘ഡീപ് കണ്ടീഷനിങ് ക്യാപ്’ മുൻപ് അമേരിക്കയിൽ നിന്നു വരുത്തിയിരുന്നു. 4500 രൂപയായിരുന്നു ആ ‘െതാപ്പി’യുടെ വില. യുബ ഒരു തയ്യൽക്കാരനോടു ചോദിച്ചപ്പോൾ അതു ചെയ്തു ത രാമെന്നു പറഞ്ഞു. ഞങ്ങൾ അയാളുെട സഹായത്തോടെ ‘തൊപ്പി’ രൂപപ്പെടുത്തിയെടുത്ത് ഉപയോഗിച്ചു നോക്കി. പിന്നീടു കേളി വേവി കമ്മ്യൂണിറ്റിയിലെ പതിനഞ്ചു പേര്‍ക്ക് അയച്ചു കൊടുത്ത് അഭിപ്രായം ശേഖരിച്ചു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. അങ്ങനെ നിലവാരം ഉറപ്പാക്കിയ ശേഷമാണു വിൽക്കാൻ തുടങ്ങിയത്. ഹെയർ ആക്സസറീസാണ് ആദ്യം വിപണിയിലെത്തിച്ചത്. പിന്നീട് കോ വാഷും കണ്ടീഷനറും.

ഷാർക് ടാങ്കിലെ സ്രാവുകൾ വിമർശനങ്ങൾ തന്നില്ലേ ?

ഷാർക് ടാങ്കിൽ പങ്കെടുത്തപ്പോഴാണു റിയാലിറ്റി ഷോ അ ത്ര റിയൽ അല്ലെന്നു മനസ്സിലായത്. അവിടെയുണ്ടാകുന്ന വിമർശനങ്ങള്‍ അവരുടെ തന്ത്രമാണെന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. വേദിയിലേക്കു കയറും മുൻപും കയറിയപ്പോഴും ഞങ്ങളുടെ ഉൽപന്നങ്ങൾ അവർ എടുത്തു നോക്കുകയും നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു. വ ളരെ അപ്രതീക്ഷിതമായാണ് നെഗറ്റീവ് കമന്റ് പറഞ്ഞത്.

പാക്കേജിങ് മോശമാണെന്നും ഫൗണ്ടർ കമിറ്റ്മെന്റ് കുറവാണെന്നും ഒക്കെയായിരുന്നു വിമർശനം. തുടക്കക്കാരെന്ന നിലയിൽ ചെയ്യാവുന്നതിൽ ഏറ്റവും മികച്ച പാക്കേജിങ്ങാണു ചെയ്തിരിക്കുന്നത്. കേളി, വേവി, നാചുറൽ എന്നിങ്ങനെ ഉൽപന്നത്തെക്കുറിച്ചു വ്യക്തമാകുന്ന വാക്കുകളും പാക്കേജിലുണ്ട്. വിലയുടെ കാര്യത്തിൽ ഷാർക് ടാങ്കിൽ നിന്നു കിട്ടിയ ഫീഡ് ബാക്ക് ബിസിനസ് മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ട്.

പ്രൊഡക്റ്റ് ലോഞ്ച് ചെയ്തപ്പോൾ അമേരിക്കൻ ഉൽപന്നങ്ങളേക്കാൾ കുറഞ്ഞ വില എന്നതായിരുന്നു ലക്ഷ്യം. ഇതിലും കുറഞ്ഞ വിലയിലും കുട്ടികൾക്കായും ഉള്ള ഉൽപന്ന നിര അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.

ചുരുളൻ മുടിയുടെ ഭംഗിക്ക്

∙ ഷാംപൂ, കണ്ടീഷനർ, ലീവ് ഇൻ കണ്ടീഷനർ, സ്റ്റൈലിങ് ജെൽ എന്നിവയെല്ലാം ചുരുളന്‍ മുടിക്കാര്‍ക്ക് ഉപയോഗിക്കാം. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ, സിലിക്കോണ്‍ ഇല്ലാത്ത കണ്ടീഷനര്‍ ഇവ മാത്രം തിരഞ്ഞെടുക്കുക.

∙ കഴുകിയ ശേഷം മുടി െപാതിഞ്ഞു വയ്ക്കാന്‍ സാറ്റിൻ ബോണറ്റ് ഉപയോഗിക്കുക.

∙ കിടക്കുമ്പോള്‍ സാറ്റിൻ തലയണയുറ ഉപയോഗിക്കുന്നതാണു നല്ലത്. മുടി കെട്ടുപിണയുന്നതും പരുക്കനാകുന്നതും തടയാൻ ഇതു സഹായിക്കും.

∙ നനഞ്ഞിരിക്കുന്ന മുടി ചീകാം. ഉണങ്ങിയ ശേഷം ചീകരുത്.

െഡല്‍ന സത്യരത്‍ന