അഭിഷേകിന് ഇനി നടക്കാം, സ്കൂളിൽ പോകാം. കാൻസർ ബാധിതനായി വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന 10 വയസ്സുകാരൻ അഭിഷേകിനു കൃത്രിമക്കാൽ ലഭിച്ചു. കമ്പംമെട്ട് കലയത്തോലിൽ അജി–സന്ധ്യ ദമ്പതികളുടെ ഇളയ മകനാണ് അഭിഷേക്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം അഭിഷേകിന്റെ ചികത്സയ്ക്കു വേണ്ടിയും കൃത്രിമക്കാൽ വയ്ക്കുന്നതിനും സുമനസ്സുകളുടെ സഹായം തേടിയിരുന്നു. ഇതു സംബന്ധിച്ചു മലയാള മനോരമയും വാർത്ത നൽകിയിരുന്നു.
സഹായ ഹസ്തവുമായി നിരവധി ആളുകളും സംഘടനകളും എത്തിയതോടെയാണ് അഭിഷേകിന് കൃത്രിമക്കാൽ ലഭിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്തെ ഓട്ടോ ബോക്ക് കമ്പനി വഴിയാണു ജർമൻ നിർമിത കാൽ വച്ചത്. ഇതിനു 4,85,000 രൂപ ചെലവായി. ഇനി പഴയതുപോലെ സ്കൂളിൽ പോകാനും കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് അഭിഷേക്. അഭിഷേകിന്റെ മുഖത്തു വിരിയുന്ന നിറപുഞ്ചിരിയുടെ പിന്നിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണു കുടുംബം.