ADVERTISEMENT

മറ്റു ജില്ലകളിൽനിന്ന് കാസർകോട്ടെത്തി ജോലി ചെയ്യുന്നവരിൽ ഓണാവധിക്കു നാട്ടിൽ പോകാത്തവരും വീട്ടിൽ സദ്യയൊരുക്കാൻ മടിയുള്ളവരും ഓണസദ്യയ്ക്ക് ആശ്രയിക്കുക ഹോട്ടലുകളെ. ഇതു മുന്നിൽകണ്ട് ഹോട്ടലുകൾ ഓണസദ്യയ്ക്കുള്ള ഒരുക്കം തുടങ്ങി. ഉത്രാടം, തിരുവോണം, ഉത്രാടത്തിനു തലേന്ന് എന്നീ ദിവസങ്ങളിലാണ് ഹോട്ടലുകളിൽ ഓണസദ്യ വിളമ്പുന്നത്. ചില ഹോട്ടലുകൾ പാഴ്സൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഓണ വിഭവങ്ങൾ തയാറാക്കി നൽകുന്ന ഹോട്ടലുകളും ഉണ്ട്. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരാണ് ഈ രീതിയിൽ സദ്യയ്ക്കായി ഹോട്ടലുകളെ ആശ്രയിക്കുന്നത്.

ഓണസദ്യ 25 മുതൽ

ADVERTISEMENT

ഓണസദ്യ നൽകുന്ന ഹോട്ടലുകളിൽ മിക്കവാറും 25 മുതൽ ആയിരിക്കും ഇത് ലഭ്യമാകുക. 28, 29 തീയതികളിൽ മാത്രമായി സദ്യ നൽകുന്ന ഹോട്ടലുകളും ഉണ്ട്. സ്ഥിരം ഇടപാടുകാർക്ക് സൗജന്യ നിരക്കിൽ ഓണസദ്യ നൽകുന്ന ഹോട്ടലുകളുമേറെ. വയോജന മന്ദിരങ്ങൾ അടക്കമുള്ളവയിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും ഓണസദ്യ ആർക്കും ഒരു ബാധ്യതയായി മാറാൻ പാടില്ലെന്നും ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നിർദേശിച്ചിട്ടുണ്ട്. ഹരിത ചട്ടം കർശനമായി പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റാർ ഹോട്ടലിൽ 399 രൂപമുതൽ

ADVERTISEMENT

കാസർകോട് നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽ വാഴയിലയിൽ പായസമടക്കം 25 ഇനങ്ങളാണ് സദ്യയ്ക്കു വേണ്ടി ഒരുക്കുന്നത്. ഉപ്പ്, ചിപ്സ്, ശർക്കരവരട്ടി, ഇ‍ഞ്ചി പുളി, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, പച്ചടി, കിച്ചടി, ഓലൻ, കാളൻ, കൂട്ടുകറി, അവിയൽ, തോരൻ, ചോറ്, പരിപ്പ്, നെയ്യ്, സാമ്പാ‍ർ, പുളിശ്ശേരി, മോര്, രസം, പപ്പടം, പഴം, പായസം 2 തരം എന്നിങ്ങനെയാണിത്.

ഒരു സദ്യയ്ക്ക് ഹോട്ടലിൽ ഇരുന്നു കഴിക്കാൻ നിരക്ക് 399 രൂപ. പാഴ്സൽ ആണെങ്കിൽ 450 രൂപ. കഴിഞ്ഞ വർഷം ഈ സ്റ്റാർ ഹോട്ടലിൽ ഇരുന്നു കഴിക്കാൻ 349 രൂപ ആയിരുന്നു നിരക്ക്. പാഴ്സൽ നിരക്ക് 400 രൂപ. 5 വർഷമായി ഓണസദ്യ ഒരുക്കുന്ന പ്രധാന പാചകക്കാരൻ കോട്ടയത്തു നിന്ന് നാളെ എത്തും.

ADVERTISEMENT

സ്പെഷൽ റേറ്റിൽ ഫാമിലി പാക്ക്

ഈ ഓണത്തിനു വെറും സദ്യ അല്ല രാജകീയ സദ്യ, സ്പെഷൽ ലഡുവും എന്ന പരസ്യം പ്രദർശിപ്പിച്ചാണ് കാഞ്ഞങ്ങാട് ഒരു സ്റ്റാർ ഹോട്ടൽ ഓണസദ്യ വിപണിയിലേക്ക് ഇറങ്ങിയത്. ഉത്രാടം, തിരുവോണ ദിനങ്ങളിലാണ് (28, 29) ഇവിടെ സദ്യ. 26ന് ബുക്കിങ് ക്ലോസ് ചെയ്യും. സിംഗിൾ പാക്ക് 429 രൂപ, അൺ ലിമിറ്റഡ് ഡൈനിങ് 399, ഫാമിലി പാക്ക് (5 ഊൺ) 1999 എന്നിങ്ങനെയാണ് നിരക്ക്.

മക്കളുടെ വക ഓണസദ്യ

നാട്ടിലുള്ള പ്രായമായ മാതാപിതാക്കൾക്കായി വിദേശത്തെ മക്കൾ ഹോട്ടലുകളിൽ വിളിച്ച് ഓണസദ്യ ബുക്ക് ചെയ്തു കൊടുക്കുന്നതും പതിവായിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നടക്കം ഇത്തരം ബുക്കിങ് വരുന്നുണ്ടെന്ന് ഹോട്ടലുകാർ പറയുന്നു. ഈ ഭക്ഷണം പ്രത്യേകം വീട്ടിലെത്തിച്ചു കൊടുക്കും. മക്കൾ വിദേശത്തുള്ളതും പ്രായമായ രക്ഷിതാക്കൾ മാത്രമുള്ളതുമായ വീടുകളിൽ ഓണദിവസം ഇത്തരം സദ്യ പാഴ്സലായി വീട്ടിലെത്തിക്കാനാവുന്നത് രക്ഷിതാക്കൾക്കും മക്കൾക്കും ആശ്വാസമാകുന്നു.

മിനിമം നിരക്ക് 180 രൂപ

ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓണസദ്യയ്ക്ക് നിശ്ചയിച്ച മിനിമം നിരക്ക് 180 രൂപയാണ്. ഓണാഘോഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നിരക്ക് പരമാവധി ചുരുക്കി ഏറ്റവും രുചികരമായി സദ്യ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി കെ.നാരായണ പൂജാരി, പ്രസിഡന്റ് അബ്ദുല്ല എൻ താജ് എന്നിവർ പറഞ്ഞു.

ADVERTISEMENT