എന്നെ കണ്ടില്ലെങ്കിൽ അവരൊക്കെ പടിക്കൽ വന്നു നിന്നു വിളിക്കും. കലപില കലപില എന്നാണ് പലരും അതു കേൾക്കുന്നതെങ്കിലും എനിക്കത് ഒരു ദിവസത്തെക്കൂടി സ്നേഹത്തോടെ എതിരേൽക്കാനുള്ള ക്ഷണമാണ്.’’
ജയശ്രീ ഈ പറയുന്നതു രണ്ടു മക്കളെ കുറിച്ചോ അയൽക്കാരെക്കുറിച്ചോ അല്ല. അവർ എന്നും രാവിലെ വെള്ളവും ഭക്ഷണവും നല്‍കി ഊട്ടി വളർത്തുന്ന കിളികളേയും അണ്ണാനേയും പിന്നെ, ഒച്ചയുമനക്കവുമില്ലാതെ പറക്കുന്ന ചെറുപ്രാണികളേയും മൺതരിപോലെയും കൽത്തരിപോലെയും ഇഴയുന്ന ഉറുമ്പുകളേയും എണ്ണിയാൽ തീരാത്ത കാലുള്ള തേരട്ടകളേയും അതിലും ചെറിയ പേരറിയാ ജീവനുകളെയും കുറിച്ചാണ്.
മാവേലിക്കരയിലെ കുന്നത്തുള്ള വീടിനു പിന്നിലായി 32 വർഷം കൊണ്ടു ജയശ്രീ ഒരു കൊച്ചു കാടുണ്ടാക്കിയിട്ടുണ്ട്. ചില്ലകൾ ഒടിക്കാതെ വള്ളികൾ പൊട്ടിച്ചു നീക്കാതെ കളപറിക്കാതെ അവിടെ മരങ്ങളും ചെടികളും തന്നിഷ്ടത്തിനു വളർന്നു പടർന്നു പന്തലിച്ചു പൂക്കാതെയും പൂത്തും കായ്ക്കാതെയും കായ്ച്ചും ഒക്കെ നിൽക്കുന്നു. കൊടും വേനലിലും വെള്ളം വറ്റാക്കിണറുള്ള പച്ചപ്പിന്റെ കൂടാരമായി.
എതിർപ്പിൽ നിന്നു തുടക്കം
‘‘32 വർഷം മുൻപ് ഈ സ്ഥലത്തു ഞങ്ങൾ താമസിക്കാൻ വരുമ്പോൾ ഇവിടെ വെള്ളമൊന്നും കിട്ടിയിരുന്നില്ല. ആദ്യമൊരു കിണർ കുഴിച്ചു. വെള്ളം കിട്ടിയില്ല. രണ്ടാമതു കിണർ കുഴിച്ച് 16 തൊടിയെത്തി. എന്നിട്ടും വെള്ളം മാത്രമില്ല.
പണ്ടുതൊട്ടേ മരത്തൈകൾ കൊണ്ടു വന്നു നട്ടു പിടിപ്പിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. അതു വളരെ ഇഷ്ടത്തോടെ ചെയ്തുവന്ന കാര്യമാണ്. അങ്ങനെ നട്ടു തുടങ്ങിയപ്പോഴും കാടുണ്ടാക്കാം എന്നൊരു ചിന്തയൊന്നുമില്ല. അന്നു നട്ട മരമൊക്കെ വളർന്നു കാടായതു മുതൽ ഇന്നു വരെ ഇവിടുത്തെ കിണറ്റിലെ വെള്ളം വറ്റിയിട്ടില്ല. എത്ര കോരിയാലും തീരാത്ത വെള്ളമാണതിൽ.
ആദ്യകാലത്തൊക്കെ ഇവിടുത്തെ കിണറ്റിൽ വെള്ളം ഇല്ലാതിരുന്നപ്പോഴും അടുത്തുള്ള വീട്ടിലെ കിണറ്റിൽ നിന്നു വെള്ളം കോരി ഇവർക്കൊക്കെ നനച്ചു കൊടുക്കും. എന്നാലും വേനൽ കനക്കുമ്പോൾ പല മരങ്ങളും ഉണങ്ങും. ചിലതു വീണ്ടും തളിർക്കും. ചിലപ്പോൾ പുതിയതു വയ്ക്കും. അങ്ങനെയാണ് ഇവരൊക്കെ ഇന്നീക്കാണുന്ന പോലെ വളർന്നത്.
പതിനെട്ടാം വയസ്സിൽ കല്യാണം കഴിഞ്ഞു. പിന്നീടു ഭർത്താവിന്റെ കൂടെ ഖത്തറിലായിരുന്നു താമസം. അദ്ദേഹത്തിന് അവിടെ എയർപോർട്ടിൽ ജോലിയായിരുന്നു. മൂത്ത മകൻ വിഷ്ണു ഓട്ടിസ്റ്റിക് ആണ്, അവനെ നോക്കി ഞാൻ വീട്ടിലും.
1993ൽ ഞങ്ങൾ നാട്ടിലേക്കു വന്നു സ്ഥിരതാമസമാക്കി. അതിനു മുൻപ് ഇടയ്ക്കിടെ വന്നാണു കിണർ കുഴിച്ചതും പുര വച്ചതുമൊക്കെ.’’
ആദ്യകാലത്തെ അധ്വാനം
കിണറ്റിലെ തെളിഞ്ഞ വെള്ളത്തിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കോരിയെടുത്തു മുഖം കഴുകിയാൽ പഴുത്ത വേനൽ ഒറ്റ നിമിഷം കൊണ്ട് ഒലിച്ചു പോകും. തണുപ്പ് നിറയും, മുഖത്തും മനസ്സിലും. വീട്ടിൽ ആരും കൃഷിക്കാരില്ല. എന്നാലും അച്ഛനും ആങ്ങളയ്ക്കും മരം വ യ്ക്കാൻ ഇഷ്ടമായിരുന്നുവെന്ന് ജയശ്രീ.
‘‘കുറേ വ്യത്യസ്ത തരം മരങ്ങൾ, ആവൽ എന്നൊക്കെ പറയുന്ന മരം, ആങ്ങള കൊണ്ടു വന്നു തന്നിട്ടുണ്ട്. എനിക്കേതേലും മരം കണ്ട് ഇഷ്ടപ്പെട്ടാല്‍ ഓരോ വീട്ടിൽ പോയി ചോദിച്ച് അതു കൊണ്ടു വന്നു തരാൻ ആങ്ങളയ്ക്കു നല്ല ഉത്സാഹമാണ്.
ആദ്യം മരം വച്ച സമയത്തു ബന്ധുക്കളിൽ നിന്നും ചില അയൽക്കാരിൽ നിന്നും നല്ല എതിർപ്പുണ്ടായി. ‘കപ്പ വച്ച് ലാഭമുണ്ടാക്കേണ്ടിടത്തു ‘ദേ, കണ്ട മരം വ ച്ചു നശിപ്പിക്കുന്നു’ എന്നു പറഞ്ഞവരുണ്ട്. ഇപ്പോൾ അതേ ആളുകൾ വന്ന് ഇവിടുത്തെ കിണറ്റിൽ നിന്നു വെള്ളം കോരിക്കൊണ്ടു പോകുന്നുണ്ട്.
‘‘മകൻ വൈശാഖ് ഉണ്ടായികഴിഞ്ഞു ഞങ്ങളെല്ലാവരും കൂടി ആദ്യമായി ഒരു യാത്ര പോയിരുന്നു. കോന്നിയിലെ ഇവരുടെ അപ്പച്ചിയുടെ വീട്ടിലേക്ക്. അവിടുന്നു കൊണ്ടുവന്ന് നട്ട ഒരു തേക്കാണ് എല്ലാത്തിന്റേയും തുടക്കം. അതിവിടെ ഇപ്പോഴും നിൽക്കുന്നുണ്ട്.
മൂത്ത മകൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മരങ്ങളെ പരിചരിക്കാൻ കൂടുതൽ സമയം കിട്ടി. രണ്ടാമത്തെ മകൻ കുഞ്ഞായിരുന്നെങ്കിലും അവനെ നോക്കാൻ അയലത്തെ എന്റെ ആത്മമിത്രം ഇന്ദുകല സഹായിച്ചിരുന്നു. അയലത്തെ വീട്ടിൽ നിന്നു വെള്ളം കോരിക്കൊണ്ടു വന്ന് എല്ലാ മരവും ചെടിയും നനയ്ക്കാൻ അന്നൊക്കെ ആരോഗ്യമുണ്ട്, ചെറുപ്പത്തിന്റെ ഊർജവുമുണ്ട്. മരങ്ങൾ വച്ച് ആറേഴ് വർഷമായതു മുതൽ വെള്ളമൊഴിക്കേണ്ടി വന്നിട്ടില്ല.
കാടായി പടർന്ന ശേഷം ഇവിടുത്തെ കിണറ്റിൽ മാത്രമല്ല വെള്ളം വറ്റാത്തത്. അടുത്തുള്ള കിണറുകളിലൊന്നും വെള്ളം വറ്റാറില്ല.
ഇത്രയേറെ മരങ്ങൾ വന്നതോടെ കുറേ കിളികളും പ്രാണികളും ഒക്കെയും ഒപ്പം വരും. രാവിലെ എഴുന്നേറ്റു മക്കൾക്ക് കഞ്ഞി വയ്ക്കും മുൻപേ അവർക്കുള്ള വെള്ളവും ആഹാരവും എടുത്ത് വയ്ക്കും. ഇത്തവണ ഉണക്ക് കൂടിയതു കൊണ്ട് 5–6 തവണ കിളികൾക്കുള്ള വെള്ളപ്പാത്രങ്ങൾ നിറയ്ക്കും
ഞാൻ കണ്ടിട്ടില്ലാത്ത തരം കിളികൾ വരെ ഈ വർഷത്തെ വേനലിനു വന്നിട്ടുണ്ട്. അവർക്കു വന്നിരിക്കാൻ ഒരിടമുണ്ടല്ലോ എന്നു തോന്നിക്കാണും.
കാട് തരുന്ന സമാധാനം
എന്തിനേക്കാളുമുപരി ഈ കാട് എനിക്കു സമാധാനം തരുന്നു എന്നതാണ് വലിയകാര്യം. ടെൻഷൻ വരുമ്പോഴേക്കും കാട്ടിലേക്ക് ഇറങ്ങി നടന്നു അതുങ്ങളോടൊക്കെയൊന്നു മിണ്ടിയും പറഞ്ഞും വരുമ്പോൾ മനസ്സു ശാന്തമാകും. ആ സമയത്തു വേറെയൊരു ചിന്തയും മനസ്സിലേക്ക് വരില്ല. വിവരിക്കാനാവാത്ത സന്തോഷം തന്നെയാണത്.
ഇതിനിടെ ആയുർവേദത്തിൽ ഡിപ്ലോമയെടുത്തു. മൂത്ത മകന്‍ വിഷ്ണു എനിക്കൊപ്പമുണ്ട്. വിശാഖ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ ഫാക്കൽറ്റിയായി കാസർകോട് ജോലി ചെയ്യുന്നു.
രാവിലെ എണീറ്റാൽ കിളികൾക്കുള്ളതാണ് ആദ്യം കൊടുക്കുക. വിഷ്ണുവാണു മുറ്റം തുക്കാനും മറ്റു ജോലി ചെയ്യാനും സഹായിക്കുന്നത്. വിഷ്ണുവിന് സൈക്കിളോടിച്ച് ദൂരെയാത്ര ചെയ്യാനാണ് പ്രിയം. സൈക്കിൾ ചവിട്ടി ആലപ്പുഴ വരെ പോയി നെഹ്റു ട്രോഫി വള്ളം കളി കണ്ടു വന്നു.
ഞാൻ എഴുന്നേൽക്കാൻ വൈകിയാൽ അണ്ണാനൊക്കെ ചിലുചിലാ എന്നും പറഞ്ഞ് വരും. ബാക്കി കിളികളും ഒക്കെ വന്ന് അവരുടെ ഭാഷയിൽ വിളിച്ചെന്നെ ഉണർത്തും. അതാണിവിടുത്തെ രീതി.
നിങ്ങളിൽ പറ്റുന്നവരൊക്കെ ഒരു മരമെങ്കിലും വച്ച് പിടിപ്പിക്കൂ. അത്യാവശ്യത്തിന് ഒന്നു വെട്ടേണ്ടി വന്നാൽ പകരം രണ്ടെണ്ണം വയ്ക്കൂ. അങ്ങനെ ചെയ്താൽ തന്നെ പ്രകൃതി സന്തുലിതാവസ്ഥയിൽ പോകും എന്നാണ് എനിക്കു തോന്നുന്നത്.
ഉള്ളതൊക്കെ വെട്ടിക്കളഞ്ഞിട്ട് ഇങ്ങനെ ചൂടെടുത്ത് പുകഞ്ഞു പരാതിയും പറഞ്ഞിരിക്കേണ്ട ആവശ്യമേയില്ല. പകരം ഉള്ളതിനെ പരിപാലിച്ചും വെട്ടിയതിനു പകരം മരം വച്ചും ഒറ്റക്കെട്ടായി പ്രകൃതിയെ സംരക്ഷിക്കാം.
അറിയുന്ന അറിയാത്ത മരങ്ങൾ
അരയാൽ, അത്തി, അമ്പഴം, പേരാൽ, പ്ലാവ്, ആഞ്ഞിലി, മാവ്, തേക്ക്, കൂവളം, നാഗമരം, പല തരം നാരകം, വേപ്പ്, ഇലഞ്ഞി, ആവൽ, അശോകം, ഞാവൽ, വെട്ടി, മഹാഗണി, ഈട്ടി, ലക്ഷ്മി തരു, വട്ടമരം, കണിക്കൊന്ന, മുരിക്ക്, ചാമ്പ, ചീനപ്പുളി, വാളൻപുളി, ഈറ, മൂന്ന് തരം മുള, മുരിങ്ങ, കാപ്പി, രുദ്രാക്ഷം, കമണ്ഡലു, തെങ്ങ്, കവുങ്ങ്, സപ്പോട്ട, മാംഗോസ്റ്റിൻ, കരി ഞൊട്ട, നെല്ലിപ്പുളി, മുരിക്ക്, മഞ്ചാടി, എരിക്ക്, ആത്ത, ആമ്പൽ തുടങ്ങി പേരറിയാവുന്നതും അറിയാത്തതുമായി 120 തരം മരങ്ങളും ചെടികളും ഈ 50 സെന്റ് പറമ്പിൽ വളരുന്നുണ്ട്.
ഈയടുത്താണ് രുദ്രാക്ഷവും കമണ്ഡലുവുമൊക്കെ വാങ്ങി കൊണ്ടുവന്ന് വളർത്താൻ തുടങ്ങിയത്. ആൽമരമൊക്കെ പലരും വീട്ടിൽ വളർത്താൻ മടിക്കും. അവയ്ക്കൊക്കെയും ഇവിടെ ഇടമുണ്ട്.
ശ്യാമ
ഫോട്ടോ: ഹരികൃഷ്ണൻ