Thursday 23 January 2025 02:47 PM IST : By സ്വന്തം ലേഖകൻ

‘റീൽസ് ഷെയർ ചെയ്ത് തുടങ്ങിയ പ്രണയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു’: ആതിരയുടെ കൊലയാളി ജോൺസൺ

athira-41

കഴക്കൂട്ടം കഠിനംകുളത്തു യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. ഇയാൾ 5 വർഷം മുൻപു വിവാഹമോചനം നേടിയിരുന്നു. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം.

ആതിരയുമായി ജോൺസന് ഒരു വർഷത്തോളമായി അടുപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ റീൽസുകൾ പങ്കുവച്ചാണ് ഇവരുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് പ്രണയത്തിലേക്കു വഴിമാറിയെന്നും പൊലീസ് പറ‌ഞ്ഞു. ഭർത്താവും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള ആതിരയോട് ഒപ്പം വരാൻ ജോൺസൺ നിർബന്ധിച്ചു. എതിർത്തപ്പോൾ, ഭീഷണിപ്പെടുത്തി ആതിരയിൽനിന്നു പണം വാങ്ങി. ആതിരയിൽനിന്ന് ഇയാൾ 1.30 ലക്ഷം പലതവണയായി വാങ്ങിയിരുന്നു. കൊല്ലപ്പെടുന്നതിന് 3 ദിവസം മുൻപ് 2500 രൂപ ആതിര നൽകിയതായും കണ്ടെത്തി. 5 മാസത്തിനിടെ പലതവണ കഠിനംകുളത്ത് ഇയാൾ വന്നിരുന്നു.

കൊലപാതകത്തിന് 5 ദിവസം മുൻപു പെരുമാതുറയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ച പ്രതി, സംഭവത്തിനുശേഷം മുറിയൊഴിഞ്ഞു. ആതിരയുടെ സ്കൂട്ടറിലാണ് ഇയാൾ കടന്നുകളഞ്ഞത്. പിന്നീട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ട്രെയിനിൽ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നാണു നിഗമനം. 7 മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.