അകക്കണ്ണിന്റെ വെളിച്ചത്തിൽ അധ്യാപകനാകുന്ന സ്വപ്നം ജിനേഷ് കാണാൻ തുടങ്ങിയിട്ടു വർഷം 10 കഴിഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്തു പഠിച്ചു നേടിയ യോഗ്യത സർട്ടിഫിക്കറ്റിലുള്ള വിശ്വാസമാണ് ഉപജീവനത്തിനായി ലോട്ടറി ടിക്കറ്റുകൾ വിൽക്കുമ്പോഴും ഈ യുവാവിനെ കാത്തിരിപ്പിനു പ്രേരിപ്പിക്കുന്നത്.
കൊരട്ടി ഖന്നാനഗർ കരിങ്ങാടൻ ദേവുവിന്റെയും പരേതനായ തങ്കപ്പന്റെയും മകനാണു ജിനേഷ് (36). രണ്ടാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട ജിനേഷ് എംഎ ബിഎഡ് ബിരുദധാരിയാണ്. മഹാരാജാസ് കോളജിൽ നിന്നു മലയാളത്തിൽ ബിരുദാനന്തര ബിരുദവും കോഴിക്കോട് ഫറോക്ക് കോളജിൽ നിന്നു ബിഎഡും കരസ്ഥമാക്കിയ ജിനേഷ് അധ്യാപക ജോലിക്കായാണു കാത്തിരിക്കുന്നത്. സംവരണ ആനൂകൂല്യമുണ്ടായിട്ടും കാഴ്ചപരിമിതർക്കുള്ള അവസരങ്ങളിൽ ഇതുവരെ ഇടം നേടിയില്ല.
പതിമൂന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടതോടെ അമ്മ ദേവു മാത്രമാണു ജിനേഷിനു കൂട്ടായുള്ളത്. ഏറെ കൊതിച്ച അധ്യാപക ജോലി ലഭിക്കാതായതോടെ കുടുംബം പോറ്റാൻ ലോട്ടറിക്കച്ചവടമാരംഭിച്ചു. കൊരട്ടി മുതൽ ചാലക്കുടി വരെയുള്ള ദേശീയപാതയുടെ ഭാഗങ്ങളിൽ ദിവസവും കാൽനടയായെത്തിയാണു ജിനേഷ് ലോട്ടറി വിൽക്കുന്നത്.