‘എന്റെ പൊന്നുമോനേ....’ ശിക്ഷാവിധി കേട്ട് ഷാരോണിന്റെ അമ്മ പ്രിയ പൊട്ടിക്കരഞ്ഞു. സമീപമിരുന്ന ഷാരോണിന്റെ അച്ഛൻ ജയരാജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കോടതിമുറിയുടെ മറ്റൊരു വശത്ത് ഗ്രീഷ്മ നിസ്സംഗഭാവത്തിൽ നിന്നു. തന്റെ മകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്കുള്ള ശിക്ഷാവിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും ഉറ്റബന്ധുക്കളും രാവിലെ പത്തരയോടെ നെയ്യാറ്റിൻകര അഡിഷനൽ ജില്ലാ, സെഷൻസ് കോടതിയിലെത്തി. കഴിഞ്ഞ ദിവസം ഗ്രീഷ്മയെ കുറ്റക്കാരിയായി കോടതി വിധിച്ചപ്പോൾ അതു കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കൾ എത്തിയിരുന്നില്ല. എന്നാൽ, ശിക്ഷാവിധി നേരിട്ടു കേൾക്കണമെന്നറിയിച്ചാണ് അവർ ഇന്നലെയെത്തിയത്.
വിധി കേൾക്കാൻ മാധ്യമപ്രവർത്തകരും കോടതി ജീവനക്കാരും കോടതിമുറിക്കു പുറത്തുനിന്നു. ഗ്രീഷ്മയ്ക്കു ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നായിരുന്നു പൊലീസ് ഉൾപ്പെടെ കണക്കുകൂട്ടിയിരുന്നത്. വിധി പ്രസ്താവിക്കുന്നതിനിടെ ഗ്രീഷ്മയ്ക്കെതിരെ രൂക്ഷ പരാമർശങ്ങൾ കോടതി നടത്തിയതോടെ, വധശിക്ഷ ലഭിച്ചേക്കുമെന്ന പ്രതീതി നിറഞ്ഞു. പതിനൊന്നരയോടെ കോടതി വിധി പ്രസ്താവിച്ചു – ‘ഗ്രീഷ്മ ചെയ്ത കുറ്റം അപൂർവങ്ങളിൽ അപൂർവം; മരണംവരെ തൂക്കിലേറ്റാൻ വിധിക്കുന്നു’.
വിധിയിൽ ഞെട്ടി ഗ്രീഷ്മയുടെ ജന്മനാട്
അപ്രതീക്ഷിത വിധിയിൽ ഞെട്ടി ഗ്രീഷ്മയുടെ ജന്മനാട്. സംസ്ഥാന അതിർത്തിക്കു സമീപം ദേവികോട് പഞ്ചായത്തിൽപെട്ട രാമവർമൻചിറ പുമ്പള്ളികോണത്തെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഗ്രീഷ്മ ഷാരോണിനു കഷായത്തിൽ കളനാശിനി കലർത്തി നൽകിയത്. അക്കാദമിക്, കലാ രംഗത്തു മികവു പുലർത്തിയിരുന്ന ഗ്രീഷ്മ ദാരുണ കൊല നടത്തിയെന്ന് വിശ്വസിക്കാൻ ആദ്യം പ്രദേശവാസികൾക്ക് കഴിഞ്ഞില്ല. സ്കൂൾ, കോളജ് തലങ്ങളിലെ മത്സരങ്ങളിൽ വാരിക്കൂട്ടിയ ട്രോഫികൾ വീട്ടിലെ ഷെൽഫിൽ നിറഞ്ഞിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെപോലും ഞെട്ടിച്ചിരുന്നു.
ടിക്ടോക്ക് മുതലായ സമൂഹ മാധ്യമങ്ങളിൽ ഗ്രീഷ്മ സജീവമായിരുന്നു. 2022 ഒക്ടോബർ 30ന് അറസ്റ്റിലായതിനുശേഷം ഒരാഴ്ച കഴിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനു ഗ്രീഷ്മയെ വീട്ടിൽ എത്തിച്ചിരുന്നു. പൊലീസിനു സംഭവം വിവരിച്ച നൽകുന്ന ഗ്രീഷ്മയെ ഞെട്ടലോടെയാണ് പരിസരവാസികൾ കണ്ടത്. സംഭവം നടന്ന് 6 മാസത്തിനുള്ളിൽ വീട് വിൽപന നടത്തി രക്ഷിതാക്കൾ താമസം മാറ്റി. ഒന്നര വർഷത്തിനു ശേഷം ജാമ്യം നേടി പുറത്ത് ഇറങ്ങിയിട്ടും ഗ്രീഷ്മ ഇവിടെ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
തെളിവായത് ജാതകം വരെ
പാറശാല∙കേസിനു തെളിവായി ജാതകം വരെ. ഷാരോണിനെ കൊലപ്പെടുത്തിയത് നാഗർകോവിൽ സ്വദേശിയായ സൈനികനുമായി വിവാഹ നിശ്ചയം കഴിഞ്ഞതു മൂലം ആണെന്ന് തെളിയിക്കാൻ ആണ് ജാതകം, ആൽബം എന്നിവ തൊണ്ടി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. നിശ്ചയം കഴിഞ്ഞതിനാൽ യുവാവിന്റെ വീട്ടിൽ ആയിരുന്ന ഗ്രീഷ്മയുടെ ജാതകം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതോടെ ബന്ധുക്കൾ എത്തിക്കുകയായിരുന്നു. ഇതോടൊപ്പം നിശ്ചയ സമയത്ത് ഇരുവരും ചേർന്നുള്ള ആൽബങ്ങളും തൊണ്ടി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതി നിർമലകുമാരൻ നായർ,ഷാരോൺ അവസാനമായി ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ റജിൻ എന്നിവരുടെ ബൈക്ക് അടക്കം 2 വാഹനങ്ങൾ, 160 രേഖകൾ, 96 സാക്ഷി അടക്കം 1700 ഒാളം പേജുള്ള കുറ്റപത്രം ആണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നത്.കളനാശിനിയുടെ കുപ്പി ചിറയിൽ ഉപേക്ഷിക്കാൻ നിർമലകുമാരൻനായർ സഞ്ചരിച്ചെന്ന നിഗമനത്തിൽ ആണ് ബൈക്ക് കസ്റ്റഡിയിൽ എടുത്തത്. ഷാരോൺ കഷായം കുടിച്ച് അവശനായി ആദ്യം പാറശാല ആശുപത്രിയിൽ എത്തിയപ്പോൽ ചികിത്സിച്ച ഡോക്ടർ മുതൽ പോസ്റ്റ്മോർട്ടം നടത്തിയ സർജൻ വരെ പതിനാറ് ഡോക്ടർമാരുടെ മൊഴികളും പൂർണമായ മെഡിക്കൽ രേഖകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.