അച്ഛന്റെ വെട്ടേറ്റ് അമ്മ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്നതിന്റെ വക്കിലാണ് പത്തും ഏഴും വയസ്സുള്ള രണ്ടു കുരുന്നുകൾ. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണത്ത് കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ ആയിരുന്ന ജിൻസിയുടെയും ദീപുവിന്റെയും ആറും പത്തും വയസ്സുള്ള മക്കൾക്കാണ് ഈ ദുർഗതി. ഒന്നര വർഷം മുൻപാണ് ജിൻസി ഭർത്താവ് ദീപുവിന്റെ വെട്ടേറ്റ് മരിച്ചത്. പത്തു വയസ്സുകാരനായ മകന്റെ കൺമുൻപിലായിരുന്നു കൊലപാതകം. തുടർന്ന് ദീപു ജയിലിലായി.
അന്നുമുതൽ ജിൻസിയുടെ അമ്മ ലതയുടെ സംരക്ഷണയിലാണ് കുട്ടികൾ. കൊട്ടാരക്കര താലൂക്ക് ഗ്രാമ വികസന ബാങ്കിന്റെ കടയ്ക്കൽ ശാഖയിൽ നിന്നു 6 ലക്ഷം രൂപ വായ്പയെടുത്താണ് ജിൻസി വീട് നിർമിച്ചത്. ജിൻസി മരിച്ചതോടെ വായ്പ തുക അടയ്ക്കാനായില്ല. 7 ലക്ഷം രൂപ അടയ്ക്കണമെന്നു കാണിച്ചാണ് ബാങ്ക് അടുത്തിടെ നോട്ടിസ് അയച്ചത്.
ലതയുടെ തുച്ഛ വരുമാനത്തിൽ നിന്ന് വായ്പ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്ത് ചെയ്യുമെന്നറിയാത്ത ആശങ്കയിലാണ് ലതയും കുട്ടികളും.