Thursday 25 May 2023 11:09 AM IST : By സ്വന്തം ലേഖകൻ

‘ഒന്നും ഞാനറിഞ്ഞില്ല, രാവിലെ നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോഴാണു വിവരം അറിയുന്നത്’: മരണം ചർച്ച നടക്കാനിരുന്ന ദിവസം

cherupuzha-death-54 ശ്രീജയുടെ മക്കൾ സൂരജ്, സുജിൻ, സുരഭി എന്നിവരുടെ മൃതദേഹം ചെറുപുഴ പാടിയോട്ടുചാലിലെ വീട്ടിൽ നിന്ന് ആംബുലൻസിൽ കയറ്റുമ്പോൾ പൊട്ടിക്കരയുന്നവർ

ചെറുപുഴ പാടിയോട്ടുചാലിൽ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ട സംഭവം നാടിനൊന്നാകെ ഞെട്ടലാകുകയാണ്. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിൽ മുളപ്രവീട്ടിൽ ഷാജി (40), നകുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8),  സുരഭി (6) എന്നിവരാണ് മരിച്ചത്.  മൂന്നു കുട്ടികളെ കൊന്നശേഷം ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു. ശ്രീജയുടെ രണ്ടാമത്തെ ഭർത്താവാണ് ഷാജി. ശ്രീജയുടെയും ഷാജിയുടെയും രണ്ടാം വിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. മരിച്ച മൂന്നു കുട്ടികളും ശ്രീജയുടെ ആദ്യ ബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യ വിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ശ്രീജ ഗർഭിണിയായിരുന്നുവെന്നും വിവരമുണ്ട്. 

മരണം, ചർച്ച നടക്കാനിരുന്ന ദിവസം’

ഏറെനാളായി തുടർച്ചയായി വാച്ചാലിലെ ഈ വീട്ടിൽ കുടുംബ പ്രശ്നങ്ങളുണ്ടെന്നും മധ്യസ്ഥ ചർച്ചകൾ സ്ഥിരമായി നടക്കാറുണ്ടെന്നും പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ പറഞ്ഞു. അടിക്കടി പരാതിയുണ്ടാകാറുണ്ട്. ബഹളം നടക്കാറുമുണ്ട്. പഞ്ചായത്ത് അധികൃതരും പൊലീസും എത്തിയാണു പ്രശ്നങ്ങൾ പരിഹരിക്കുന്നത്. അത്തരത്തിലൊരു ചർച്ച നടക്കാനിരുന്ന ദിവസമാണ് കൂട്ട ആത്മഹത്യയുണ്ടായത്. സുനിലിനെ പറ്റി ആർക്കും പൊതുവെ പരാതിയില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

വിവരമറിഞ്ഞത് നാട്ടുകാർ പറഞ്ഞ്’

‘ഒന്നും ഞാനറിഞ്ഞില്ല. രാവിലെ നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോഴാണു വിവരം അറിയുന്നത്.’ മകളെയും കൊച്ചുമക്കളെയും നഷ്ടപ്പെട്ട സങ്കടം അടക്കാനാകാതെ ശ്രീജയുടെ പിതാവ് ചെറുവത്തൂർ നടുക്കുടി ആനിക്കാടി കോളനിയിലെ നടുക്കുടി വീട്ടിൽ ബാലകൃഷ്ണൻ പറഞ്ഞു. ‘സുനിലും ശ്രീജയും തമ്മിൽ പ്രേമിച്ചു വിവാഹം ചെയ്തതാണ്. ഞങ്ങൾ എതിർത്തില്ല. പിന്നീടു ഞങ്ങളത് അംഗീകരിക്കുകയും ചെയ്തു. കുടുംബങ്ങൾ തമ്മിൽ വല്ലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. വാച്ചാലിലെ വീടുണ്ടാക്കാൻ ഞങ്ങളും സഹായിച്ചിരുന്നു. പക്ഷേ, വീടു കേറിത്താമസത്തിനു ഞങ്ങളെയാരെയും വിളിച്ചില്ല. അതു മനഃപ്രയാസമുണ്ടാക്കി. പിന്നീടു തീരെ ബന്ധമില്ലാതായി.

ഷാജിയുമായുള്ള ബന്ധമോ വിവാഹമോ ഞങ്ങൾ അറിഞ്ഞതേയില്ല. ഷാജിയുമായുള്ള വിവാഹമൊക്കെ ഫോട്ടോ കണ്ട അറിവു മാത്രമേയുള്ളൂ,’ ബാലകൃഷ്ണൻ പറഞ്ഞു. ‌ഷാജിയുമായുള്ള ബന്ധമോ വിവാഹമോ അറിയില്ലെന്നു ശ്രീജയുടെ സഹോദരി രത്നാവതിയും പറഞ്ഞു.

2ദിവസം മുൻപും ആത്മഹത്യശ്രമം നടത്തി ഷാജി

ഷാജി 2 ദിവസം മുൻപു പോലും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി ബന്ധു മുളപ്രവീട്ടിൽ സതീശൻ പറഞ്ഞു. ‘വീടിനോടു ചേർന്നുള്ള, ഷീറ്റ് മേഞ്ഞ ചായ്പിലാണ് പ്ലാസ്റ്റിക് കയറിൽ കെട്ടി പകൽ സമയത്ത് ഷാജി തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഞങ്ങളിടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഈ വീട്ടിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു,’ സതീശൻ പറഞ്ഞു.