കണ്ണൂര്‍ ചെറുപുഴയിൽ അജ്ഞാത മനുഷ്യനെ കൊണ്ട് ജീവിതം വഴിമുട്ടി നാട്ടുകാര്‍. രാത്രിയായാല്‍ വീടുകളിലെത്തി ശബ്ദമുണ്ടാക്കി ഓടി മറയുകയാണ് അജ്ഞാതന്‍. മുഖംമുടി ധരിച്ചെത്തുന്ന ഇയാളെ ഭയന്ന് പലരും വീടിനു പുറത്തു പോലും ഇറങ്ങുന്നില്ല. അജ്ഞാതന്‍ അമാനുഷികനെന്ന് ഉറപ്പിക്കുന്നു ചെറുപുഴകാര്‍. സാധാരണ മനുഷ്യനു ഇങ്ങനെ ഓടാനോ, മരങ്ങളില്‍ കയറി മറയാനോ കഴിയില്ലെന്നതാണ് കാരണമായി പറയുന്നത്.
രാത്രിയായാല്‍ വീടുകളിലെത്തി ജനലിലും കതകിലും അടിച്ച് വലിയ ശബ്ദമുണ്ടാക്കും, അവിടെയുള്ളവര്‍ ഉണരുമ്പോഴേക്കും അടുത്ത വീട്ടിലേക്ക് പായും. അടിവസ്തം മാത്രമാണ് വേഷം, ആരെങ്കിലും കാണുമെന്ന് ഉറപ്പിച്ചാല്‍ മുഖം മൂടി ധരിക്കും. ഇതിനിടയില്‍ അയയില്‍ തുണികള്‍ കിടന്നാല്‍ മടക്കി വയ്ക്കും, ഇതിനുശേഷം ശബ്ദമുണ്ടാക്കി വീണ്ടും മറയും.
കഴിഞ്ഞ ദിവസം പ്രാപ്പൊയില്‍ ടൗണിന് സമീപത്തെ വേണുവിന്‍റെ വീട്ടുപരിസരത്ത് എത്തിയ അജ്ഞാതന്‍ നാട്ടുകാരുടെ സാന്നിധ്യം അറിഞ്ഞതോടെ പശുതൊഴുത്തില്‍ കയറി ഒളിച്ചു. കൂട്ടിലുണ്ടായിരുന്ന പശുക്കിടാവ് ഇപ്പോള്‍ ഭയന്ന് തീറ്റയും എടുക്കുന്നില്ല, കൂട്ടിലും കയറുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നു.
ഒരേസമയം അജ്ഞാതനെ വിവിധ സ്ഥലങ്ങളില്‍ കാണാന്‍ തുടങ്ങിയതോടെ മുഖം മൂടി സംഘത്തില്‍ ഒന്നിലധികം ആളുകളുണ്ടെന്ന സംശയത്തിലും നാട്ടുകാര്‍ എത്തി. രാത്രികാല പരിശോധനയ്ക്ക് യുവാക്കളുടെ പ്രത്യേക സംഘം രുപീകരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍.