Thursday 05 October 2023 05:02 PM IST : By സ്വന്തം ലേഖകൻ

ശശിയുടെയും അമ്മയുടെയും പേരിൽ 14 ലക്ഷം രൂപ നിക്ഷേപം; എന്നിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ ശശി മരിച്ചു! ധനസഹായം ഉറപ്പാക്കി സുരേഷ് ഗോപി

sasi778 ശശി, അന്തരിച്ച ശശിയുടെ വീട്ടിൽ എത്തിയ സുരേഷ് ഗോപി അമ്മ തങ്കത്തോട് സംസാരിക്കുന്നു.

ചികിത്സയ്ക്ക് പണം നിഷേധിച്ച ഇരിങ്ങാലക്കുട കരുവന്നൂർ ബാങ്കിലെ അംഗപരിമിതനായ നിക്ഷേപകൻ, അന്തരിച്ച ശശിയുടെ വീട്ടിൽ സുരേഷ് ഗോപിയെത്തി. വൈകിട്ട് 4.30 നാണ് അദ്ദേഹം ബിജെപി നേതാക്കൾക്കൊപ്പം തേലപ്പിള്ളിയിലെ വീട്ടിലെത്തിയത്. അമ്മ തങ്കത്തോടും സഹോദരി മിനിയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു, ധനസഹായവും ഉറപ്പുനൽകി. 

മണ്ണിൽ പണിയെടുക്കുന്നവരുടെ വികാരം സിപിഎം കാണുന്നില്ലെന്നും ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. എംപിമാരായ എൻ.കെ. പ്രേമചന്ദ്രനും ശശി തരൂരും കരുവന്നൂർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട എന്നിവരും ഒപ്പമുണ്ടായിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ മറ്റു പരാതിക്കാരും സുരേഷ് ഗോപിയെ കാണാനെത്തിയിരുന്നു.

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശിയ്ക്ക് ചികിത്സയ്ക്കാവശ്യമായ പണം ബാങ്കിൽനിന്ന് അനുവദിച്ചിരുന്നില്ല. പിന്നീട് പണം കടം വാങ്ങി നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം സാന്ത്വന പരിചരണകേന്ദ്രത്തിൽ കഴിയുമ്പോൾ ഇദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു. 

കഴിഞ്ഞ 30നു മരിച്ച കരുവന്നൂർ തേലപ്പിള്ളി കൊളങ്ങാട്ടുപറമ്പിൽ ശശിയുടെ (53) കുടുംബമാണു പരാതിയുമായി രംഗത്തെത്തിയത്. ശശിയുടെയും അമ്മയുടെയും പേരിൽ 14 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുള്ളപ്പോഴാണു ചികിത്സയ്ക്കാവശ്യപ്പെട്ട തുക ബാങ്ക് അനുവദിക്കാതിരുന്നതെന്നും കുടുംബം ആരോപിച്ചു.

ജന്മനാ അംഗപരിമിതനായ ശശിയെ ഓഗസ്റ്റ് 22ന് ആണു തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ 50,000 രൂപ മാത്രമാണു ബാങ്ക് പാസാക്കിയത്. വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോൾ 50,000 കൂടി നൽകി. തുടർന്ന് ബാങ്കിൽ ചേർന്ന കമ്മിറ്റിയിലെത്തി ആവശ്യം വിശദീകരിക്കണമെന്നായി.

ചികിത്സാരേഖകളും ഡോക്ടറുടെ കത്തുമെല്ലാം സമിതിക്കു മുൻപിൽ സമർപ്പിച്ചെങ്കിലും ശശിയുടെ അമ്മ തങ്കയുടെ പേരിൽ വർഷങ്ങൾക്കു മുൻപ് നിക്ഷേപിച്ച 40,000 രൂപയാണ് നൽകിയതെന്നു കുടുംബം പറയുന്നു. ആകെ 5 തവണ അപേക്ഷിച്ച് 1.90 ലക്ഷം രൂപയാണ് കിട്ടിയത്. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താൻ 3 ലക്ഷം രൂപ കടം വാങ്ങേണ്ടിവന്നു. കുടുംബസ്വത്തിൽ നിന്നുള്ള ഭൂമി വിറ്റുകിട്ടിയ 14 ലക്ഷം രൂപയാണ് ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

Tags:
  • Spotlight