Tuesday 26 September 2023 04:17 PM IST : By സ്വന്തം ലേഖകൻ

മരണത്തിലും ഒന്നിച്ചു കൂടപ്പിറപ്പുകൾ, നാടിന്റെ വേദനയായി റൗഫ്: ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടി എംഎൽഎയും

kasargod-accident മരിച്ച ഓട്ടോ ഡ്രൈവർ എ.എച്ച്.അബ്ദുൽ റൗഫ്, ബീഫാത്തിമ, ബീഫാത്തിമ, നബീസ, ഉമ്മാലിമ്മ.

കാസർകോട് പള്ളത്തടുക്കയിലെ അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച സംഭവം നാടിനൊന്നാകെ വേദനയാകുകയാണ്. കുടുംബത്തിലെ 4 പേരും ഒരുമിച്ചായിരുന്നു നെക്രാജെയിലെ ബന്ധുവീട്ടിലേക്ക് പോകാനായി വൈകിട്ട് 3ന് വീട്ടിൽ നിന്നിറങ്ങിയത്. ചെറിയ ദൂരത്താണു നാലു പേരുടെയും വീടുകൾ. സാധാരണയായി ഓട്ടം പോകുന്ന ഡ്രൈവറെ തന്നെയായിരുന്നു ഇന്നലെയും ഇവർ വിളിച്ചിരുന്നത്. സന്ധ്യയായാൽ മഴ പെയ്തേക്കുമെന്നു കരുതി നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി ഉടനെ വീട്ടിലെത്താനായിരുന്നു ഇവർ വൈകിട്ട് മൂന്നോടെ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷെ... അപകടവിവരം നാടാകെ നിമിഷങ്ങൾക്കുള്ളിൽ പടരുകയായിരുന്നു.

സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു എന്ന വിവരമാണ് ആദ്യമെത്തിയത്.തുടർന്നാണ് ഓട്ടോറിക്ഷയും സ്കൂളും ബസും കൂട്ടിയിടിക്കുകയായിരുന്നുവെന്നും ബസിലെ കുട്ടികൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, ഓട്ടോറിക്ഷയിലുള്ള യാത്രക്കാരെയും ഡ്രൈവറെയും ഗുരുതര നിലയിൽ ആശുപത്രിയിലെത്തിച്ചു എന്നുമുള്ള വിവരമെത്തുന്നത്. ഓട്ടോയിലെ ഡ്രൈവർ ഉൾപ്പെടെ 5 പേരും മരിച്ചെന്ന വാർത്ത പിന്നാലെയെത്തി. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.

അപ്പോഴേക്കും ആശുപത്രി പരിസരമാകെ ആളുകളെ കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പോസ്റ്റുമോർട്ടം രാത്രി തന്നെ നടത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തി. രാത്രി തന്നെ പോസ്റ്റുമോർട്ടം നടത്താനായി കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ, ഇൻസ്പെക്ടർമാരായ കെ.ലീല, പി.അജിത്ത്കുമാർ എന്നിവരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു.

അപകടവിവരമറി‍ഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്,എ.കെ.എം.അഷ്റഫ്, കലക്ടർ കെ.ഇമ്പശേഖർ, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജോ.സെക്രട്ടറി അഷ്റഫ് എടനീർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‍രിയ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.

മൊഗ്രാൽപൂത്തൂർ തേങ്ങുന്നു

സഹോദരിമാർ ഉൾപ്പെടെയുള്ള 5 പേരുടെ മരണം മൊഗ്രാൽപൂത്തൂരിനെ വേദനയിലാഴ്ത്തി. മൊഗ്രാൽപുത്തൂർ, ഏരിയാൽ സ്റ്റാൻഡുകളിൽ ഓട്ടോ നിർത്തുന്ന അബ്ദുൽ റൗഫ് ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു. റൗഫിനെക്കുറിച്ച് ഡ്രൈവർമാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നല്ല വാക്കുകൾ മാത്രമ പറയാനൂള്ളൂ. ഏതുസമയത്ത് ഓട്ടം വിളിച്ചാലും പോകാൻ മടിയില്ലാത്ത റൗഫ് മരിച്ച കുടുംബത്തിന്റെയും സ്ഥിരം ഡ്രൈവറായിരുന്നു.

അമിത വേഗത്തിൽ ഓട്ടം ഓടിക്കാതെ വളരെ ശ്രദ്ധയോടെയായിരുന്നു ഇവരുടെ ഓട്ടം. എന്നാൽ ഇന്നലെ എന്തു സംഭവിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. സഹോദരിമാരുടെ മരണം നാടിനെ ആകെ തളർത്തിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ 4 പേരെയാണു നഷ്ടമായത്.

സഹോദരിമാരുടെ പിതാവിന്റെ അനുജനായ ഷേയ്ഖലിയുടെ ഭാര്യയാണ് മരിച്ച ബീഫാത്തിമ. മരിച്ച സഹോദരിമാരുടെ പിതാവിന്റെ അനിയന്റെ ഭാര്യയാണ് ബീഫാത്തിമ. എല്ലായിടത്തും ഇവർ ഒരുമിച്ചു തന്നെയായിരുന്നു പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവരുടെ മരണം കുടുംബത്തെയും ഒപ്പം നാടിനെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

വിങ്ങിപ്പൊട്ടി എംഎൽഎ

അപകടത്തിൽ മരിച്ചവരെ എത്തിച്ച ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ. പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് എംംഎൽഎ വിങ്ങിപ്പൊട്ടിയത്. അടുത്ത കാലത്തൊന്നും ഇത്തരമൊരു ദുരന്തം കാസർകോട്ടെ ജനങ്ങൾക്ക് കേൾക്കെണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അപകട വിവരമറിഞ്ഞപ്പോൾ തന്നെ എംഎൽഎ ആശുപത്രിയിലേക്ക് ഓടിയെത്തി. അടിയന്തര സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവർക്ക് ഫോണിൽ നിർദേശങ്ങളും നൽകിയിരുന്നു. ആശുപത്രിയിലെത്തിയപ്പോഴാണ് 4 സ്ത്രീകൾ ഉൾപ്പെടെ 5 പേരുടെ മൃതദേഹം കണ്ടത്.