മുതിർന്ന പൗരന്മാർക്കുള്ള പരാതി കൗണ്ടറിൽ ഒട്ടും കാത്തിരിപ്പില്ലാതെ അപേക്ഷ നൽകാൻ സാധിച്ചെങ്കിലും മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്നുറച്ച് 85 വസ്സുകാരി സരോജിനി കാത്തിരുന്നത് മണിക്കൂറുകൾ. ഒടുവിൽ നിരാശയോടെ മടക്കം.തൃക്കരിപ്പൂർ ചന്തേര ചെമ്പിലോട്ട് അറയ്ക്കു സമീപം തനിച്ചുതാമസിക്കുന്ന ഇവർ ചികിത്സാസഹായത്തിന് അപേക്ഷ നൽകാനാണ് എത്തിയത്. വീടിനു സമീപത്തെ യുവാവ് വാഹനത്തിൽ എത്തിച്ചു.
4.15ന് പരാതി സ്വീകരിച്ചെങ്കിലും 6നും ഇവർ കൗണ്ടറിനു സമീപം തന്നെ ഇരുന്നതോടെ വൊളന്റിയർമാർ എത്തി കാര്യമന്വേഷിച്ചു. മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്നായിരുന്നു മറുപടി. ഇതോടെ സ്റ്റേജിന്റെ ചുമതലയുള്ള വൊളന്റിയർമാരുമായി ബന്ധപ്പെട്ടു. സൂചികുത്താൻ ഇടമില്ലാത്ത സദസ്സിൽ ഒരു ഇരിപ്പിടമൊരുക്കി വൊളന്റിയർമാർ ഇവരെ ആങ്ങോട്ടെത്തിച്ചു. പക്ഷേ, ഏറെ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയെ കാണാനായില്ല.
ഇവമ്പച്ചി തലിച്ചാലത്തെ നവനീത്, കയ്യൂർ മുഴക്കോത്തെ കെ.കെ.അഖിൽരാജ്, തൃക്കരിപ്പൂർ വെള്ളാപ്പിലെ കെ.എ.മിൻഹാജ്, പടന്നക്കാട്ടെ പി.വി.സ്റ്റാനോ, നീലേശ്വരം വള്ളിക്കുന്നിലെ കെ.നീരജ് എന്നിവർ നേതൃത്വത്തിലാണ് ഇവരെ വേദിക്കരികിലേക്ക് എടുത്തു കൊണ്ടുപോയത്.