80 പൈസയ്ക്കു ചായ കൊടുത്ത് ഹോട്ടൽ തുടങ്ങിയ പ്രഭാകരന്റെ കടയിൽ വർഷങ്ങൾ പിന്നിട്ടിടും ചായയുടെ വില 10 കടന്നില്ല. 7 രൂപയ്ക്ക് ചായ നൽകി പ്രഭാകരൻ ഇപ്പോഴും ജീവിത വഴിയിൽ നേട്ടങ്ങൾ കൊയ്യുന്നു. കാസര്‍ഗോഡ് മയിച്ചയിലെ ഉത്തമൻ ടീ സ്റ്റാളിലേക്ക് 25 രൂപയെടുത്ത് വന്നാൽ വയറ് നിറച്ച് ഭക്ഷണം കഴിച്ച് നിങ്ങൾക്ക് മടങ്ങാം പെട്ടിക്കടകളിൽ വരെ ചായയ്ക്ക് 12 രൂപ ഈടാക്കുമ്പോഴാണു വെറും 7 രൂപയ്ക്ക് ചായ കൊടുത്ത് മയിച്ചയിലെ പ്രഭാകരൻ ഉത്തമനാകുന്നത്. അതിരാവിലെ തന്നെ ഉത്തമൻ ടീ സ്റ്റാൾ തുറക്കും.
രാവിലെ പൂരി, പുട്ട്, കടല കറി, ചെറു പയർ കയറി, ബാജി എന്നിവയാണ് ഉണ്ടാക്കുക. പലഹാരങ്ങൾക്കും കറികൾക്കും എല്ലാം ഒരേ വിലയാണ് 7രൂപ 50 പൈസ. ഉച്ചയ്ക്ക് എണ്ണ പലഹാരങ്ങൾ തയാറാക്കും. നല്ല വലുപ്പമുള്ള പഴം പൊരി, ഉണ്ടക്കായ, ഈത്തപ്പഴം പൊരി എന്നുവേണ്ട എല്ലാ വിഭവങ്ങളും ഇവിടെ ഉണ്ടാകും. കടയിലെ എല്ലാ ജോലിയും പ്രഭാകരൻ തന്നെയാണ് ചെയ്യുക.
മയിച്ച വയൽക്കര ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് ഉത്തമൻ ടീ സ്റ്റാൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഹോട്ടൽ തുടങ്ങിയ ഉത്തമൻ 80 പൈസയ്ക്കാണ് ചായ കൊടുത്ത് തുടങ്ങിയത്. പിന്നീട് ചായയുടെ വില ഒരു രൂപയായി ഉയർത്തി. പിന്നീട് 5 രൂപയായി. അടുത്ത കാലത്താണ് 7 രൂപയിലേക്ക് വില ഉയർത്തിയത്. വിലക്കയറ്റത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ ചായക്കട തുറന്ന പ്രഭാകരനെ നാട്ടുകാർ ഇപ്പോൾ വിളിക്കുന്നത് ഉത്തമൻ എന്നാണ്.