Monday 11 September 2023 04:51 PM IST

‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ’: ആ ‘കാത്തിരിപ്പിൽ’ വൈരാഗ്യം തെളിഞ്ഞു: പ്രിയരഞ്ജനെതിരെ കൊലപാതക കുറ്റം

Binsha Muhammed

kattakkada-case-

അതിക്രൂരമെന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞു പോകും. കുടുംബത്തിന്റെ പ്രതീക്ഷയും അരുമയുമായി വളർന്നു വന്ന പൊന്നുമോനെ കണ്ണിൽച്ചോരയില്ലാതെ കാർ കയറ്റി കൊല്ലാൻ പിശാചുക്കൾക്കേ കഴിയൂ. ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കാഴ്ച ഒരു മരവിപ്പോടെയല്ലാതെ കണ്ടു തീർക്കാനാകില്ല. ഒരു കുഞ്ഞു ജീവനെടുക്കാൻ തക്കം പാർത്തിരുന്ന് ഒടുവിൽ അത് നിർദയം നടപ്പാക്കിയ പ്രിയരഞ്ജൻ എന്ന കൊടുംക്രിമിനലിനെതിരെ ജനരോഷവും ഇരമ്പുകയാണ്.

കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെ മകൻ ആദിശേഖർ ആണു മരിച്ചത്. വെറുമൊരു അപകട മരണമായി പൊലീസ് ഫയലിൽ ഒതുങ്ങിപ്പോകുമായിരുന്ന സംഭവത്തിന്റെ ചുരുളുകൾ ചികഞ്ഞപ്പോഴാണ് ഇത്തിരിപ്പോന്നൊരു കുഞ്ഞിനോടുള്ള കണ്ണിൽച്ചോരയില്ലാത്തൊരു പ്രതികാരത്തിന്റെ കഥ പുറത്തു വന്നത്. ഏപ്രിലിൽ പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രിയരഞ്ജൻ പതിയിരുന്ന് ആദി ശേഖറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണത്തിന് ബലമേകുന്ന സിസിടിവി ദൃശ്യങ്ങൾ കൂടി വന്നതോടെ കേരളവും ഈ കണ്ണിൽചോരയില്ലാത്ത ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തി. കൊലപാതകിയെ തേടിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ കാട്ടാക്കട സിഐ ഷിബു കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് വനിത ഓൺലൈനോട് സംസാരിക്കുന്നു.

നിർദയം... ദാരുണം...

‘സൈക്കിൾ യാത്രികനായ വിദ്യാർഥി ഇലക്ട്രിക് കാറിടിച്ച് മരിച്ച സംഭവത്തിൽ, കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജന് (41) എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊലപാതകിയെ കണ്ടെത്താനുള്ള പൊലീസിന്റെ നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 5 അംഗ ടീം രൂപീകരിച്ചാണ് അന്വേഷണം. കൊലപാതകി ഉടൻ പിടിയിലാകും’.– സ്റ്റേഷൻ ഓഫീസർ ഷിബുവിന്റെ വാക്കുകൾ.

വളരെ വൈകാരികമായൊരു കേസാണ്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞിനെ കൊല്ലാന്‍ മാത്രമുള്ള പക മനസിൽ സൂക്ഷിക്കണമെങ്കിൽ പ്രതി അതിക്രൂരനാണ്. ഈ സംഭവത്തില്‍ കൊല്ലപ്പെട്ട ആദിശേഖറിന്റെ മാതാപിതാക്കളുടെ ആരോപണങ്ങൾ മുൻനിർത്തിയാണ് പൊലീസ് ഈ വിഷയത്തെ ഗൗരവമായി സമീപിച്ചത്. സിസിടിവി ദൃശ്യങ്ങൾ കൂടി കണ്ടതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു. അപകട മരണമെന്ന നിലയിലാണ് ആദ്യം ഈ സംഭവം പുറത്തു വരുന്നത്. പൊലീസ് അന്ന് നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു.

പക്ഷേ ഏതൊരു അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാറുണ്ട്. ഒരു കൊച്ചു കുട്ടിക്ക് സംഭവിച്ച അപകടം കൂടിയാകുമ്പോൾ പ്രത്യേകിച്ചും. ആ ദൃശ്യങ്ങളാണ് ഈ കേസ് കൊലപാതകമാണെന്നുള്ള നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വാഭാവികത വ്യക്തമായി. പ്രിയരഞ്ജന് കുട്ടിയോട് മുൻവൈരാഗ്യമുണ്ടാകാനുള്ള സാഹചര്യം ബന്ധുക്കളും പൊലീസിനെ അറിയിച്ചു.

'മാമാ.. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിക്കുന്നത് ശരിയാണോ' എന്ന് കുട്ടി ചോദിച്ചുവത്രേ. ഇത് ചോദ്യം ചെയ്തതാണ് അടങ്ങാത്ത പകയ്ക്കും വൈരാഗ്യത്തിനുമുള്ള കാരണമെന്നാണ് വിവരം. തക്കം പാർത്തിരുന്ന പ്രതി ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദിശേഖർ വീട്ടിലേക്കു പോകാൻ സൈക്കിളിൽ കയറവെ റോഡ്സൈഡിൽ നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു പുറത്തുവന്ന സിസിടിവി ദൃശ്യത്തിലുണ്ട്.

കളികഴിഞ്ഞ് കുട്ടി റോ‍ഡിലേക്കു വരുന്നതു നോക്കി കാത്തിരിക്കുന്ന പ്രതിയെ ദൃശ്യങ്ങളിൽ കാണാം. ആ ‘കാത്തിരിപ്പാണ്’ അതിക്രൂരമായ കൊലപാതകമാണെന്ന നിഗമനത്തിലേക്കും അതിനു പിന്നിലുള്ള കാരണങ്ങളിലേക്കും വിരൽ ചൂണ്ടിയത്. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയതോടുകൂടി സംശയം ഇരട്ടിയായി. തുടക്കത്തിലേ സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. പ്രതി പ്രിയരഞ്ജനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിയരഞ്ജന്‍ കേരളം വിട്ടു പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം.– സ്റ്റേഷൻ ഓഫീസര്‍ ഷിബു പറയുന്നു.