Thursday 06 June 2024 12:49 PM IST

പ്രായം കുറയ്ക്കുമെന്ന് പറയുന്ന കായകൽപം സങ്കൽപമോ സത്യമോ?; നവയൗവനം നിലനിർത്തുമെന്നതിനു പിന്നിൽ

Asha Thomas

Senior Desk Editor, Manorama Arogyam

kayakalp

കൂടുവിട്ട് കൂടുമാറും പോലെ ജരാനരകൾ ബാധിച്ച ശരീരം ഉപേക്ഷിച്ച് നവയൗവനത്തിലേക്ക് എത്താൻ മാർഗമുണ്ടോ? ഒരുപാട് പേരെ അലട്ടുന്ന ചിന്തയാണിത്. ആയുർവേദഗ്രഥങ്ങളിൽ ഇത്തരമൊരു ചികിത്സ പറയുന്നുണ്ട്. കുടിപ്രാവേശിക എന്നാണ് ഈ ചികിത്സയ്ക്കു പറയുക. യൗവനം വീണ്ടെടുക്കുന്നത് എന്ന അർഥത്തിൽ കായകൽപം എന്നും വിശേഷിപ്പിക്കാറുണ്ട്.

കാലാവസ്ഥാഭേദങ്ങൾ ബാധിക്കാതിരിക്കാൻ പ്രത്യേക കണക്കിലും ആകൃതിയിലും രീതിയിലും നിർമിച്ചിരിക്കുന്ന കുടിയിൽ വസിച്ച് കർശനമായ പഥ്യത്തോടെ പ്രത്യേകം തയാറാക്കിയ രസായനമരുന്നുകൾ കഴിക്കുന്നതാണ് കുടിപ്രാവേശികം. നിയന്ത്രിതമായി മാത്രം കാറ്റും വെളിച്ചവും കടക്കുന്ന മൂന്ന് അറകൾ ഉള്ള ഈ കുടിക്ക് ത്രിഗർഭകുടി എന്നാണു പറയുക. നടുവിലെ അറയിലാണ് ചികിത്സാകാലത്ത് കഴിയുക. രണ്ടാമത്തെ അറയിൽ മലമൂത്രവിസർജനത്തിനു സൗകര്യമുണ്ടാകും. കുറഞ്ഞത് 45 ദിവസമെങ്കിലും പുറത്തിറങ്ങാതെ മന്ത്രജപാദികളോടെ കുടിയിൽ കഴിയണം. കുടിയിലേക്ക് പ്രവേശിക്കും മുൻപ് പഞ്ചകർമങ്ങൾ ചെയ്ത് ശരീരസ്രോതസ്സുകൾക്ക് ശുദ്ധിവരുത്തും. തുടർന്ന് പ്രത്യേകം തയാറാക്കിയ രസായനങ്ങൾ ഭക്ഷണത്തിന്റെ അളവിൽ നൽകും. പാനീയങ്ങളും നൽകും. പഞ്ചലോഹം, സ്വർണം, വെള്ളി പോലുള്ള ലോഹങ്ങൾ ശുദ്ധിചെയ്ത് അതുകൊണ്ടുണ്ടാക്കിയ പാത്രങ്ങളിലാണ് ഔഷധങ്ങൾ തയാറാക്കുക. രസായനചികിത്സയ്ക്കൊപ്പം താന്ത്രിക പൂജകൾ, വൈദിക ക്രിയകൾ എന്നിവയും ചെയ്യാറുണ്ട്.

കുടിയിൽ നിന്നും പുറത്തുവന്ന് 10–15 ദിവസം നവജാതശിശുക്കളെ പോലെ ശ്രദ്ധിക്കണം. തുടർന്ന് ഒരു വർഷത്തേക്ക് ചില ചെറിയ പഥ്യങ്ങൾ പാലിക്കണം, പ്രത്യേക ഔഷധങ്ങളും കഴിക്കണം. 50 വയസ്സിനു മുൻപ് കുടിപ്രാവേശിക ചെയ്താൽ മികച്ച ഫലം ലഭിക്കും. 70 നുള്ളിൽ ചെയ്താൽ പകുതിഫലമേ കിട്ടൂ എന്ന് ആചാര്യന്മാർ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. കെ. മുരളീധരൻ പിള്ള

മെഡി. ഡയറക്ടർ, വൈദ്യരത്നം ആയുർവേദ ഫൗണ്ടേഷൻ

drkmpillai@yahoo.co.in

2. അഷ്ടവൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി

എസ്എൻഎ ഔഷധശാല & നഴ്സിങ് ഹോം, തൃശൂർ

ayurconsultant@gmail.com

3. ഡോ. സേതുമാധവൻ

ചീഫ് ഫിസിഷൻ, പടിഞ്ഞാറേക്കര ആയുർവേദ ഹോസ്പിറ്റൽ & റിസർച് സെന്റർ, ഒറ്റപ്പാലം

info@pahrc.com