Wednesday 07 June 2023 03:56 PM IST : By സ്വന്തം ലേഖകൻ

തുമ്പിക്കൈയില്‍ ആഴത്തിലുള്ള മുറിവും ശരീരത്തില്‍ പരുക്കുകളും, അവശനായി അരിക്കൊമ്പൻ; 12 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളാ വനമേഖലയിലെത്താം...

arikomban-reju-two-one

നെയ്യാർ വനമേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയാൽ എന്തു ചെയ്യും? വീണ്ടും മയക്കുവെടി വച്ച് പിടികൂടണോ അതോ പടക്കം പൊട്ടിച്ചു തുരത്തണോ?  പിടികൂടിയാൽ പുനഃരധിവാസ കേന്ദ്രത്തിലേക്കു മാറ്റി കുങ്കിയാനയാക്കണോ?  കാട്ടാനയെ തമിഴ്നാട് പിടികൂടി വനത്തിനുള്ളിൽ തുറന്നു വിട്ടിട്ടും അരിക്കൊമ്പൻ വിഷയം സംസ്ഥാന വനംവകുപ്പിന് വീണ്ടും ‘ആനകേറാമല’യാകുകയാണ്. 

തുമ്പിക്കൈയിലെ ആഴത്തിലുള്ള മുറിവും ശരീരത്തിലെ പരുക്കുകളും ദീർഘദൂര യാത്രയെ തുടർന്നുള്ള കടുത്ത ക്ഷീണവും കാരണം ഏറെ അവശനായ അരിക്കൊമ്പൻ അത്ര വേഗം നെയ്യാർ വനമേഖലയിൽ പ്രവേശിക്കില്ലെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക  വിലയിരുത്തൽ. നെയ്യാർ വനമേഖലയിലെത്താൻ കുറഞ്ഞത് 5 ദിവസമെങ്കിലും വേണ്ടി വരുമെന്നും വനം വകുപ്പ് പറയുന്നു. 

ആനയുടെ സഞ്ചാരം തമിഴ്നാട്ടിലാണെങ്കിലും കേരള–തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ സംസ്ഥാന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. റേഡിയോ കോളർ ഘടിപ്പിച്ചാൽ 20 കിലോമീറ്റർ എത്തുമ്പോൾ തന്നെ സിഗ്നലുകൾ ലഭിക്കുമെന്നും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. 

തുറന്നു വിട്ട സ്ഥലം പറയാതെ തമിഴ്നാട് 

തമിഴ്നാട് തിരു‍നെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമു‍ത്താർ വനമേഖലയിൽ തിങ്കളാഴ്ച അരിക്കൊമ്പനെ തുറന്നു വിട്ടുവെന്നു പറഞ്ഞ തമിഴ്നാട് ഇന്നലെ നിലപാട് മാറ്റി. കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർകോതയാർ മുത്തുകുഴി വനമേഖലയിലാണ് ആനയെ വിട്ടയച്ചതെന്നാണ് ഇന്നലെ തമിഴ്നാട് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ.റെഡ്ഡി പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, ആനയെ വനമേഖലയിൽ തുറന്നുവിടാൻ നിയോഗിച്ച സംഘം ഇതു വരെ മടങ്ങിയെത്താത്തതും ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയാക്കുന്നു. കളക്കാട് റേഞ്ചിലെ അഴകിയ പാണ്ഡ്യപുരത്താണ് അരിക്കൊമ്പനെ തുറന്നു വിട്ട പ്രദേശം ഉൾപ്പെടുന്നത്. ഇൗ പ്രദേശത്തു കൂടി അരിക്കൊമ്പന് നെയ്യാർ വനമേഖലയിൽ പ്രവേശിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. വാച്ചർമാർ ഉൾപ്പെടെ 10 അംഗ തമിഴ്നാട് വനപാലക സംഘം അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണ്. 

വഴികൾ ഇങ്ങനെ..

അപ്പർകോതയാറിൽ നിന്നു കോതയാറിലെത്തി, അവിടെ നിന്ന് അംബാസമുദ്രം വഴി തമിഴ്നാട് കന്യാകുമാരി ഡിവിഷനിൽ 3 റേഞ്ചേ താണ്ടി വേണം കേരള അതിർത്തിയായ വനമേഖലയിലേക്ക് കടക്കാൻ.  കളക്കാട് മുണ്ടൻതുറൈ എന്ന സ്ഥലമാണ് കേരളവും തമിഴ്നാടും തമ്മിൽ തെക്കൻമേഖലയിൽ അതിർത്തി പങ്കിടുന്ന റേഞ്ച് സ്ഥലം.  ഈ പ്രദേശത്ത് എത്തിയാലും നെയ്യാർ വനമേഖലയിൽ പ്രവേശിക്കണമെങ്കിൽ കീഴ്ക്കാംതൂക്കായ പ്രദേശം ഏറെ പിന്നിടേണ്ടതുണ്ട്. ചെങ്കുത്തായ കയറ്റവും ഇറക്കവും ഇവിടെയുണ്ട്.

നേരത്തെ ചിന്നക്കാലിലും തമിഴ്നാട്ടിലെ കമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ച അതേ വേഗത്തിൽ തമിഴ്നാട്–കേരള അതിർത്തിയിലൂടെ നെയ്യാർ വനമേഖലയിൽ സഞ്ചരിക്കാൻ അരിക്കൊമ്പന് നിലവിൽ കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത് .  അഗസ്ത്യവനം, പേപ്പാറ നെയ്യാർ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ നിലവിൽ വരയാട്ടുമുടി, ആനനിരത്തി പ്രദേശങ്ങളിലേക്കാണ് അരിക്കൊമ്പൻ പ്രവേശിക്കാൻ സാധ്യത കൂടുതൽ.  

ബോണക്കാട് എത്താനും സാധ്യത? 

നിലവിൽ അരിക്കൊമ്പനെ തുറന്നുവിട്ട സ്ഥലത്തു നിന്നുള്ള ആകാശദൂരം പരിശോധിക്കുമ്പോൾ ഏറ്റവും അടുത്തുള്ളത് നെയ്യാർ വന്യജീവി സങ്കേതമാണ്. കാടിനുള്ളിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ചാൽ അരിക്കൊമ്പനു കേരള വന അതിർത്തിയിലേക്കു കയറാം. ഇവിടെ എത്തിയാൽ അരിക്കൊമ്പൻ കേരളത്തിന്റെ നിരീക്ഷണ വലയത്തിലാകും. 

തമിഴ്നാട് അതിർത്തിയിലൂടെ മുണ്ടൻതുറൈ കടുവ സങ്കേതത്തിലേക്കു സഞ്ചരിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ പാണ്ടിപ്പത്തിനു സമീപത്തെ തമിഴ്നാട് അതിർത്തിയായ കാളിപ്പുൽത്തേരിയിൽ എത്താനാകും. അവിടെ നിന്നും ഉൾക്കാട്ടിലൂടെ ബോണക്കാടേയ്ക്ക് വളരെ കുറച്ചു ദൂരം മാത്രമേയുള്ളൂ. കിലോമീറ്ററുകൾ താണ്ടിയ അരിക്കൊമ്പന് ഒറ്റ രാത്രി കൊണ്ട് ബോണക്കാട് എത്താനും കഴിയും. അരിക്കൊമ്പൻ വിഷയത്തിൽ പേപ്പാറ, പരുത്തിപ്പള്ളി, കുളത്തൂപ്പുഴ, പാലോട് വനം റേഞ്ച് പരിധികളിൽ താമസിക്കുന്നവർക്ക് നിലവിൽ ആശങ്ക വേണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

Tags:
  • Spotlight