Tuesday 26 September 2023 05:19 PM IST

‘മുഖം കോഡിപ്പോയ ഖമറുവില്ലേ, അവൾ ബ്യൂട്ടിഷ്യൻ ആകാൻ പോകുവാ!’: പരിഹാസങ്ങൾ പാഴ്‍വാക്കായി: വിധിയെ തോൽപ്പിച്ച ഖമറുന്നിസ

Binsha Muhammed

khamarunnissa

‘എന്നിട്ടും അന്റെ മുഖം കാണാൻ എന്ത് മൊഞ്ചാണ് ഖമറൂ...’

പന്ത്രണ്ടാം വയസിലാണ് ഖമറുന്നിസയെന്ന, ഖമറുവിന്റെ മുഖത്തിന്റെ പാതിയിൽ നിന്നു ജീവന്റെ തുടിപ്പറ്റു പോയത്. ആദ്യമാദ്യമൊക്കെ തട്ടത്തിന്റെ കോന്തല കൊണ്ട് ആ ഭാഗം മറച്ചിരുന്നു ഈ ചെമ്മാടുകാരി. ഇത്തിരിപ്പൊട്ടിന്റെ വലുപ്പത്തിലൊരു മുഖക്കുരു വന്നാൽ പോലും ഉടഞ്ഞു പോകുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ ലോകത്തിരുന്ന് ആ കൗമാരക്കാരി അന്ന് സങ്കടംകൊണ്ട് നീറി. പക്ഷേ തളർന്നു പോകാതെ ഉള്ളിലെ ആത്മവിശ്വാസത്തിന്റെ കനലൊരു തരി ബാക്കിയായി നിന്നു. കരളുറപ്പിന്റെ പുഞ്ചിരി മുഖത്തും മനസിലും വാരിപ്പൂശി ഖമറുന്നിസ ലോകത്തോട് വിളിച്ചു പറഞ്ഞു, ‘പരിഹാസങ്ങൾ ഏശില്ല, ഇതാണ് ഇങ്ങനെയാണ് ഞാൻ.’ വേദനകളെ കരുത്താക്കി, വേദനിപ്പിച്ച വിധിയെ പടിക്കു പുറത്താക്കി ഇന്ന് ജീവിതത്തെ തിരിച്ചു പിടിക്കുകയാണ്. ആ അതിജീവനഗാഥ അടുത്തറിഞ്ഞവർ ആദ്യം പറഞ്ഞുവച്ച വാക്കുകൾ ആവർത്തിക്കുന്നു.

‘നിന്റെ അതിജീവനത്തിന്, നീ ജീവിച്ചുകാണിച്ചു കൊടുത്ത ജീവിതത്തിന്, വല്ലാത്തൊരു മൊഞ്ചാണ് ഖമറൂ... പാതിജീവൻ മാത്രമുണ്ടായിട്ടും ആ മുഖത്തിന്റെ തിളക്കം തെല്ലും മായുന്നേയില്ല.’

പനിയിൽ പടിയിറങ്ങി പാതിജീവൻ

ഒരു പനിയിലായിരുന്നു തുടക്കം. പനിച്ചു തിളച്ച ആ രാത്രി പുലർന്നപ്പോൾ ഖമറുവിന്റെ മുഖത്തിന്റെ ഒരു ഭാഗത്തു നിന്നും ജീവനറ്റു പോയി. കയ്പുനീരു നിറഞ്ഞ ജീവിതവഴികള്‍ താണ്ടിയവൾ ബ്യൂട്ടീഷ്യന്റെ കുപ്പായമണിഞ്ഞപ്പോഴുമെത്തി കുത്തുവാക്കുകളുടെ ഘോഷയാത്ര. ‘മുഖം കോഡിപ്പോയവൾ ചമയക്കാരിയോ?’ എന്ന് പരിഹാസം. എന്നിട്ടും തോറ്റില്ല, ഈ തനി മലപ്പുറംകാരിയുടെ നാവിൽ നിന്നും ആ വിജയഗാഥ കേട്ടിരിക്കുമ്പോൾ എന്തെന്നില്ലാത്ത മൊഞ്ചുണ്ടായിരുന്നു. ഖമറു വനിത ഓൺലൈനോടു പങ്കുവയ്ക്കുന്നു ആ ജീവിതഗാഥ.

പനിക്കോളു കണ്ടാൽ പാരസെറ്റാമോൾ അതല്ലേ ടിപ്പിക്കൽ മലയാളിയുടെ ആരോഗ്യ മന്ത്രം പന്ത്രണ്ടാം വയസിൽ പിടിപ്പെട്ട തീരെ ചെറുതല്ലാത്തൊരു പനിയും അങ്ങനെയങ്ങ് തീരുമെന്നാണ് കരുതിയും. പക്ഷേ അന്ന്, പന്ത്രണ്ടാം വയസിൽ പിടിപ്പെട്ട ആ പനി ജീവിതാവസാനം വരെയും കൂടെക്കൊണ്ട് നടക്കാൻ പാകത്തിലൊരു അടയാളവും തന്നിട്ടാണ് വിട്ടു പിരിഞ്ഞു പോയത്. ചുരുക്കി പറഞ്ഞാൽ വലിയൊരു വേദനയിലേക്കുള്ളൊരു വഴികാട്ടിയായിരുന്നു ആ പനി.– ഖമറുന്നിസ പറഞ്ഞു തുടങ്ങുകയാണ്.

സാധാരണ ഒരു പനിയെന്നു തന്നെയാണ് വീട്ടുകാരും കരുതിയത്. പക്ഷേ ഉറക്കമുണർന്ന് എഴുന്നേറ്റപ്പോൾ എന്തോ ഒരു പന്തികേട്. മുഖത്തിന്റെ ഇടതു ഭാഗം കരിനീലിച്ചു കിടക്കുന്നു. മുഖത്തിന്റെ ഇടതു ഭാഗത്തെ നെറ്റിയിൽ തുടങ്ങി മൂക്കിന്റെ സൈഡിലൂടെ ചുണ്ടിലേക്ക് ഒരു കരിവാളിപ്പ് പടർന്നു കയറിയിരിക്കുന്നു. വലതു കവിളിനും മുഖത്തിനും ഉള്ള ജീവസും ഓജസും ഇടതു ഭാഗത്തേക്കു നോക്കുമ്പോൾ ഇല്ല. മണിക്കൂറുകൾ കടന്നു പോകെ, ഇടതുഭാഗത്തെ പുരികക്കൊടികൾ ഒന്നൊന്നായി കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ആ ഭാഗത്തെ കുഞ്ഞിപ്പല്ലുകളും കൊഴിഞ്ഞു പോയി. ജീവനില്ലാത്ത ചെടിയിൽ നിന്നും പൂക്കൾ കൊഴിഞ്ഞു വീഴും പോലെ. നെഞ്ചിൽ പിടപ്പും നെട്ടോട്ടവുമായി ആശുപത്രിയിലെത്തി. ടെസ്റ്റുകളും പരിശോധനകളും കഴിഞ്ഞൊടുവിൽ വിറ്റാമിന്റെ കുറവാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ ആദ്യം എത്തിയത്. എല്ലാം പഴയപടിയാകുമെന്നും ആശ്വസിപ്പിച്ചു. പക്ഷേ മാസങ്ങളും വർഷങ്ങളും കടന്നുപോയിട്ടും, മുഖത്തു നിന്നും ഇറങ്ങിപ്പോയ ജീവൻ തിരികെയെത്തിയില്ല. മറ്റൊന്നു കൂടി സംഭവിച്ചു, ഇടതു ഭാഗത്തു നിന്നും ഊർന്നിറങ്ങിപ്പോയ ജീവൻ വലതു കണ്ണിലെ വെളിച്ചം കൂടി കൊണ്ടു പോയി. ഒരു കണ്ണില്‍ മാത്രമായി അതോടെ കാഴ്ച...

khamarunnissa-4

വയസ് 15 കഴിഞ്ഞു പതിനാറിലേക്കെത്തി. മുഖത്തിന്റെ ഒരു ഭാഗത്തെ ജീവനില്ലായ്മ പലർക്കു മുന്നിലും എന്നെ കാഴ്ച വസ്തുവാക്കി. തുറിച്ചു നോട്ടങ്ങൾ, അടക്കം പറച്ചിലുകൾ, സഹതാപക്കണ്ണകൾ. വസയ് പതിനേഴിനോട് അടുക്കുകയാണ്. ഒരു പെണ്ണിനെ സംബന്ധിച്ചടത്തോളം സൗന്ദര്യവും അഴകും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാലം. പക്ഷേ എന്റെ മുഖത്തിന്റെ പാതിയിൽ നിന്നും പടിയിറങ്ങിപ്പോയ ജീവൻ എന്നെ മറ്റുള്ളവർക്കു മുന്നിൽ നോട്ടപ്പുള്ളിയാക്കി. ഏറ്റവും സങ്കടപ്പെട്ടത് ആധി കയറിയതും ഉപ്പയ്ക്കും ഉമ്മയ്ക്കുമാണ്. ‘ഒരു പെണ്ണല്ലേ... മറ്റൊരാളുടെ കൈടിപിടിച്ചു കൊടുക്കേണ്ടവളല്ലേ, അവൾക്ക് ഇനിയൊരു ജീവിതമുണ്ടാകുമോ?’ എന്ന സങ്കടം അവരെ വിടാതെ പിടികൂടി. ഡോക്ടർമാരുടെ പരീക്ഷണങ്ങൾക്കൊടുവിൽ എനിക്ക് എന്തു സംഭവിച്ചുവെന്ന ഉത്തരമില്ലാത്ത സമസ്യക്ക് ശാശ്വതമായി ഉത്തരമെത്തി, പ്രശ്നം വിറ്റാമിന്റേതല്ല, മുഖത്തെ ഒരു ഭാഗത്തു രക്തയോട്ടം ഇല്ലാതായിപ്പോയതാണത്രേ പ്രശ്നങ്ങൾക്കു കാരണം, ഇനിയെന്ത് എന്ന ചോദ്യത്തിനും അവർക്കു മറുപടിയില്ലായിരുന്നു. ഇനിയങ്ങോട്ട് ഈ മുഖവുമായി ഇങ്ങനേയങ്ങ് ജീവിക്കുക, അത്ര തന്നെ. പക്ഷേ തോറ്റുപോകാൻ എനിക്കു മനസില്ലായിരുന്നു.

പരീക്ഷണങ്ങളുടെ ജീവിതകാലം

പടച്ചോന് അന്ന് കരുണ തോന്നിക്കാണും, ഒരു വിവാഹം ഇനി ജീവിതത്തിലുണ്ടാകില്ലെന്ന മുൻവിധികളെ കാറ്റിൽപ്പറത്തി ഒരാൾ ജീവിതത്തിലേക്ക് വന്നു. 19–ാം വയസിൽ ഫറോക്ക് സ്വദേശിയുമായി നടന്ന വിവാഹം ജീവിക്കാൻ പുതിയ മോഹങ്ങൾ തന്നു. പക്ഷേ ജീവിതം കൂടുതൽ ദുസ്സഹമായതേയുള്ളൂ. അദ്ദേഹം കൃത്യമായി ജോലിക്ക് പോകില്ല, നിത്യവൃത്തിക്ക് പോലും എന്റെ വീട്ടുകാരെ ആശ്രയിക്കേണ്ട അവസ്ഥ. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച് 10 മാസം ആയപ്പോഴേക്കും രണ്ടാമതും ഗർഭിണിയായി. ആശുപത്രിയിലേക്ക് പോകാന്‍ കാശ് ചോദിക്കുമ്പോൾ എന്റെ കയ്യിലൊന്നുമില്ല എന്ന മറുപടിയാണ് കിട്ടിയത്. കാശില്ലാത്തതു പോട്ടെ, നിറവയറും വച്ച് ഞാനെന്ത് ചെയ്യും എന്ന ആ വലിയ ആശങ്കയ്ക്കും അദ്ദേഹത്തിന്റെ കയ്യിൽ മറുപടിയില്ലായിരുന്നു. നിവൃത്തികെട്ട് ഞാനെന്റെ ഉമ്മയുടേയും ഉപ്പയുടേയും അടുത്തേക്ക് പോകുന്നുവെന്ന് പറയുമ്പോഴും അദ്ദേഹത്തിന് കൂസലില്ല. അന്ന് എന്റെ പൈതലിനെ ഒക്കത്തും മറ്റൊരാളെ വയറ്റിലുമേന്തി ഇറങ്ങിത്തിരിക്കുമ്പോൾ ഒന്നുറപ്പിച്ചു, ഇനി ആ വീട്ടിലേക്ക് തിരിച്ചില്ല. ആദ്യ വിവാഹം അടഞ്ഞ അധ്യായമായത് അങ്ങനെയാണ്. ഒത്തിരി അനുഭവിച്ചു അതിന്റെ പേരിൽ. പക്ഷേ എല്ലാ വേദനകൾക്കുമുള്ള മരുമരുന്നായി പടച്ചോൻ എന്റെ ജീവിതത്തിൽ രണ്ട് മണിമുത്തുകളെ തന്നു. ആദിലും, ഷാമിലും എന്റെ മക്കൾ... എന്റെ സന്തോഷങ്ങളുടെ ആകെത്തുകയായിരുന്നു അവർ.

വീണ്ടും വെളിച്ചം

അനുഭവിച്ച എല്ലാ വേദനകൾക്കുമുള്ള പ്രായശ്ചിത്തമായിരുന്നു ജീവിതത്തിലേക്കുള്ള റൗഫ് ഇക്കയുടെ കടന്നു വരവ്. ‘നിന്റെ മുഖത്തെ പ്രശ്നവും, നിന്റെ രണ്ട് കുഞ്ഞുങ്ങളും എനിക്കൊരു ഭാരമല്ലെന്ന്’ പറഞ്ഞ് ആ മനുഷ്യൻ എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചു. ഞാൻ സ്വപ്നം കണ്ടു തുടങ്ങിയതും, സന്തോഷിച്ചു തുടങ്ങിയതും അവിടം മുതലാണ്. മറ്റുള്ളവർ പരിഹാസങ്ങളും സഹതാപങ്ങളും തുടരെ എയ്തപ്പോഴെല്ലാം ചിപ്പിക്കുള്ളിലെ മുത്തുപോലെ ആ മനുഷ്യനെന്നെ ചേർത്തു പിടിച്ചു. അതു മാത്രമല്ല, പഴയ പത്താം ക്ലാസുകാരി പാതിവഴിക്കാക്കി വച്ച ബ്യൂട്ടീഷ്യനെന്ന സ്വപ്നം പൂർത്തീകരിക്കാനും അദ്ദേഹം എനിക്കൊപ്പം നിന്നു. എന്റെ സ്വപ്നങ്ങളുടെ കൂട്ടുകാരനായി, എന്റെ മക്കളുടെ നല്ല ഉപ്പയായി...

khamarunnissa-4

സ്വന്തമായി ഒരു ബ്യൂട്ടി പാർലർ എന്ന ആഗ്രഹവുമായി മുന്നിട്ടിറങ്ങിയപ്പോഴും അങ്ങിങ്ങായി അപസ്വരങ്ങൾ ഉയർന്നു കേട്ടു. ‘അതേ... ആ മുഖം കോഡിപ്പോയ ഖമറുവില്ലേ, അവൾ ബ്യൂട്ടീഷ്യൻ ആകാൻ പോകുവാ’ എന്ന് പറഞ്ഞ് കുത്തിനോവിച്ചവർ ഏറെ. അവർക്കറിയില്ലല്ലോ അതിലും വലിയ കനൽ വഴികൾ താണ്ടിയാണ് ഞാനെത്തിയിട്ടുള്ളതെന്ന്. ബ്യൂട്ടീഷ്യൻ ജോലിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതായിരുന്നു അടുത്ത ടാസ്ക്. വാരിക്കോരി സൗന്ദര്യം കൂട്ടുകയല്ല, ഉള്ള സൗന്ദര്യം നിലനിർത്തുക എന്നൊരു ലക്ഷ്യം കൂടി ജോലിക്കുണ്ടെന്ന് ആൾക്കാരെ ബോധ്യപ്പെടുത്തി. അതുമാത്രമല്ല, ബ്രൈ‍ഡൽ മേക്കപ്പ്, മെഹന്ദി തുടങ്ങി എല്ലാ ജോലികളും ചെയ്ത് തൊഴിൽ മേഖല വിപുലമാക്കി. എല്ലാം നന്നായി പോകുന്നു.

ഇന്ന് സന്തോഷി്ക്കാനും ജീവിക്കാനും പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഏറെയുണ്ട്. അവിടെ ഒരു വേദനയ്ക്കും സ്ഥാനമില്ല. അന്നത്തെ പത്തു മാസക്കാരൻ ആദിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്റെ ഉള്ളിൽ മിടിച്ച ആ പൈതൽ, ഷാമിൽ എംബിബിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. എന്റെയും റൗഫിക്കയുടെയും ജീവിതത്തിലേക്ക് വന്ന പതിയ സന്തോഷമാണ് ഷഹൽ, അവൻ പ്ലസ് വണ്ണിന് പഠിക്കുന്നു. ഇതൊക്കെ കാണുമ്പോൾ എന്നെ വേദനിപ്പിച്ച വിധി നാണിച്ചു മാറി നിൽപ്പുണ്ടാകും.– ഖമറുന്നിസ പറഞ്ഞു നിർത്തി.