കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് നാളുകളായുള്ള ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ്. കുഞ്ഞിനെ കാമുകൻ ഷാനിഫ് കൊലപ്പെടുത്തുമെന്ന് അമ്മ അശ്വതിക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കാൽമുട്ടുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കാമുകൻ മൊഴി നൽകി.
ഡിസംബര്‍ ഒന്നിന് കറുകപള്ളിയിലെ ലോഡ്ജിൽ വച്ചായിരുന്നു കൊലപാതകം. രണ്ടാം തീയതി കട്ടിലിൽ നിന്ന് വീണുവെന്ന് പറഞ്ഞ് അശ്വതിയും ഷാനിഫും കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലെ മുറിവുകൾ കണ്ട് ഡോക്ടർമാർക്കുണ്ടായ സംശയമാണ് വഴിതിരിവായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നതായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉടൻ രേഖപെടുത്തും.
ആലപ്പുഴ സ്വദേശിയുമായുള്ള ബന്ധത്തിലാണ് അശ്വതി ഒന്നര മാസം മുൻപ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. നാലു മാസം ഗർഭിണിയായിരിക്കെ അശ്വതി കണ്ണൂർ സൗദേശി ഷാനിഫുമായി അടുപ്പത്തിലായി. പിന്നീട് ഒരുമിച്ച് താമസമാക്കി. ഇതിനിടെയാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞ് തന്റേതെന്നാണ് ഷാനിഫ് വീട്ടുകാരോടും പറഞ്ഞിരുന്നത്.
വിവാഹം കഴിഞ്ഞാൽ പിന്നീട് കുഞ്ഞൊരു ബാധ്യതയാകുമെന്ന് പറഞ്ഞായിരുന്നു കൊലപാതകം. കുഞ്ഞിനെ പലപ്പോഴായി ഉപദ്രവിച്ച് സ്വഭാവിക മരണമായി ചിത്രീകരിക്കാനായിരുന്നു ഇരുവരുടെയും ശ്രമം. ഇതിനായി കുഞ്ഞിന്റെ വാരിയെല്ലിനുൾപ്പടെ ക്ഷതം ഏല്‍പ്പിച്ചു. ഈ ശ്രമങ്ങളുടെ തുടർച്ചയായാണ് കുഞ്ഞിന്റെ കഴുത്തിൽ ഷാനിഫ് കാൽമുട്ടു കൊണ്ട് ഇടിച്ചത്. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. മരണം ഉറപ്പിക്കാൻ ഷാനിഫ് കുഞ്ഞിന്റെ പുറത്ത് കടിച്ചുനോക്കിയെന്നും പൊലീസ് പറയുന്നു.