Saturday 08 February 2025 10:00 AM IST : By സ്വന്തം ലേഖകൻ

മാലിന്യക്കുഴിക്ക് സമീപം ബൊഗേൻവില്ല കൊണ്ടുള്ള വേലി; കുഞ്ഞു റിതന്റെ ജീവനെടുത്ത അനാസ്ഥ! മൂന്നാറിൽ അവധി ആഘോഷിക്കാനെത്തി, കണ്ണീരോടെ മടക്കം

baby-rithan Credit: Manorama Online Creative

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണു മൂന്നു വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ മൃതദേഹം കളമശേരി മെ‍ഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

രാജസ്ഥാൻ ഗായത്രി നഗർ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവും (3) ഏഴ് അംഗ കുടുംബവും ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ 11.30നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. മൂന്നാറിൽ വിനോദയാത്ര പോകാനെത്തിയതായിരുന്നു കുടുംബം. ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം.

നാലു വയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുഞ്ഞു റിതന് അപകടം സംഭവിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിയുടെ ഒരു വശത്തു കെട്ടിടവും മറ്റു മൂന്നു വശങ്ങളിലും ബൊഗേൻവില്ല ചെടികൾ കൊണ്ടുള്ള വേലിയുമാണ് ഉണ്ടായിരുന്നത്. മാലിന്യക്കുഴിക്കു മറയായി ഉണ്ടായിരുന്നതു രണ്ടടിയിൽ താഴെ ഉയരമുള്ള മതിലും.

കുട്ടിയെ കാണാതായതിനു പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോഴാണു കുട്ടി വേലി കടന്നുപോയതായി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും വായിൽ ഉൾപ്പെടെ മാലിന്യം ഉണ്ടായിരുന്നുവെന്നു ദൃക്സാക്ഷികൾ പറയുന്നു.

Tags:
  • Spotlight