എറണാകുളം മേനക ജംക്‌ഷനില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. തോപ്പുംപടി മുണ്ടംവേലി കൈതവേലിക്കകത്ത് വീട്ടിൽ മേരി സനിത (36) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഭർത്താവ് ലോറൻസിന് (ഡെന്നി) ഗുരുതര പരുക്കേറ്റു. ഒരേ ഉടമയുടെ രണ്ടു ബസുകൾ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെയാണ് അപകടം. മേനക ബസ് സ്‌റ്റോപ്പില്‍ ആളുകളെ ഇറക്കാന്‍ ഒരു ബസ് നിർത്തിയ സമയത്ത് രണ്ടാമത്തെ ബസ് അതിവേഗത്തില്‍ ഈ ബസിനെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ ബൈക്ക് ബസുകൾക്കിടയിൽപെട്ടു.
നിര്‍ത്തിയിട്ടിരുന്ന ബസിന് അടിയിലേക്ക് ലോറൻസും മറികടന്നെത്തിയ ബസിനിടയിലേക്ക് മേരി സനിതയും വീണു. യുവതിയേയും വലിച്ചുകൊണ്ട് ബസ് കുറച്ചുദൂരം മുന്നോട്ടുപോയി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മേരി സനിതയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. രണ്ടു ബസുകളും കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പത്താം ക്ലാസ് വിദ്യാർഥി ഡാർവിൻ ലോറൻസും എട്ടാം ക്ലാസ് വിദ്യാർഥി ദിയ ലോറൻസുമാണ് ദമ്പതികളുടെ മക്കൾ. കൽപ്പണിക്കാരനായിരുന്നു ലോറൻസ്.