Saturday 02 December 2023 02:32 PM IST : By സ്വന്തം ലേഖകൻ

‘അവളെ ഇങ്ങോട്ട് ഇറക്കിവിട്, വലിച്ചുകീറി ഉപ്പു തേയ്ക്കും’: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതികൾക്ക് നേരെ രോഷം

kollam-kidnap

ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു. മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരെയാണ് അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷനിലേക്കെത്തിച്ചത്. 

പ്രതികളെ മുഖം മറച്ചാണ് സ്റ്റേഷനിൽ കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് പുറത്ത് ഇവർക്കുനേരെ നാട്ടുകാരുടെ രോഷപ്രകടനമുണ്ടായി. ആറു വയസുകാരിയും സഹോദരനും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത് ഇവരാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. പ്രതികളെ 10 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം പ്രതികളുമായി പൊലീസ് എത്തുമ്പോള്‍ അതിവൈകാരികമായ പ്രതികരണമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്.

‘അവളെ ഇങ്ങോട്ട് ഇറക്കിവിട്, വലിച്ചുകീറി ഞാൻ ഉപ്പു തേയ്ക്കും. ഞങ്ങള് കാണിച്ചു കൊടുക്കാം ശിക്ഷ എന്താണെന്ന്. പാവപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയിട്ട് അവളെ പൊതിഞ്ഞുവച്ച് അകത്തേക്ക് കയറ്റിക്കൊണ്ടു പോകുന്നോ.ഇറക്കിവിട്... ശിക്ഷ ഞങ്ങള് കാണിച്ചു തരാം. എന്റെ കയ്യിലെങ്ങാനം കിട്ടിയാൽ വലിച്ചുകീറി ഉപ്പു തേയ്ക്കും. അത് കട്ടായമാണ്...’– ചുറ്റും കൂടി നിന്ന സ്ത്രീകളിലൊരാളുടെ വാക്കുകൾ.

രണ്ടുകോടി രൂപ കടമുണ്ടെന്നും പ്രതിസന്ധി മറികടക്കുന്നതിനായി പണം കണ്ടെത്തുന്നത് ലക്ഷ്യമിട്ടുമായിരുന്നു തട്ടിക്കൊണ്ടുപോകലെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു. ഒരു വർഷമെടുത്താണ് ഇതിനായി തയാറെടുത്തത്. ഈ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മൂന്നുതവണയാണ് ശ്രമിച്ചത്.

മോചനദ്രവ്യമായി 10 ലക്ഷം രൂപവാങ്ങിയെടുക്കാനായിരുന്നു ശ്രമം.  ഭാര്യയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്ക് പിടിച്ചുകയറ്റിയതും ഭാര്യയാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിന് സഹായിച്ചിട്ടില്ലെന്നും ഇയാൾ നൽകിയ മൊഴിയിലുണ്ട്.  ഇതോടെ നഴ്സിങ് നിയമനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടെന്നും പ്രതികളെ കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു. 

കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല കാറിന്റെ ദൃശ്യമാണ് കേസിൽ നിർണായക വഴിത്തിരിവായത്. പ്രതികൾ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാൻ കെഎസ്ആർടിസി ഡിപ്പോയ്‌ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഇതിൽ പത്മകുമാറും ഉണ്ടായിരുന്നു. കാറിന്റെ നമ്പർ മാറ്റാതെയാണ് ഉപയോഗിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് നിർണായകമായത്. നവംബർ 27നു വൈകിട്ടാണ് വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പിറ്റേന്ന് ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം   ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത്.