Tuesday 28 March 2023 01:09 PM IST : By സ്വന്തം ലേഖകൻ

‘ഓരോ ക്ലാസിലും മൂന്നു വർഷം വീതം പഠിച്ചെന്നു അധ്യക്ഷൻ’; മറുപടി നല്‍കി ഇന്നസെന്റ്; കോട്ടയം നഗരത്തിലെ ചിരിയോർമ

innocent-premium-4.jpg.image.845.440

വലിയൊരു ചിരിയായിരുന്നു ഇന്നസെന്റ്. ചിരിയുടെ മേലാപ്പണിഞ്ഞു വരുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചിന്തയുടെ അകമ്പടിയുമുണ്ടാകും. 2012ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജില്ലയിലെ നവീകരിച്ച ശാഖകൾ ഉദ്ഘാടനം ചെയ്യാൻ കോട്ടയം നഗരത്തിലെത്തിയ ഇന്നസെന്റിന്റെ ചിരി നിമിഷങ്ങൾ മറവിയിലേക്കു മായില്ല. 

അന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇന്നസെന്റിനെ ഉദ്ഘാടനത്തിനു ക്ഷണിച്ചതിന്റെ ‘കാര്യം’ വ്യക്തമാക്കിയതോടെയാണ് ഒരറ്റത്തു നിന്നു ചിരി പൊട്ടിയത്. ‘ഓരോ ക്ലാസിലും മൂന്നു വർഷം വീതം നന്നായി ഇരുന്നു പഠിച്ച ആളാകണം ഉദ്ഘാടകനെന്നു ഞങ്ങൾ ഉറപ്പിച്ചിരുന്നു. അതാണ് ഇന്നസെന്റിനെ ക്ഷണിക്കാൻ കാരണം.’ എന്നാൽ പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ ഇതിനു മറുപടി ഇന്നസെന്റ് നൽകി. 

‘എട്ടാം ക്ലാസിൽ ഞാൻ പഠിത്തം നിർത്തിയത് എല്ലാം പഠിച്ചു കഴിഞ്ഞെന്ന് ഉറപ്പായതിനാലാണ്. ഇതുവരെയും ഒന്നും പഠിക്കാത്ത, പഠിച്ചുതീരാത്ത ആളുകളാണ് എസ്എസ്എൽസിയും ഡിഗ്രിയും എല്ലാം പഠിക്കുന്നത്. പക്ഷേ, ഇവിടെ വിളിച്ചുവരുത്തി എന്നെ ഇപ്പോൾ നാണം കെടുത്തിക്കളയുകയായിരുന്നില്ലേ. ഇത് എനിക്കു ശീലമാണ്. എല്ലായിടത്തും വിളിച്ചുവരുത്തി നാണം കെടുത്തും. നാണമില്ലാത്തതുകൊണ്ടു എനിക്കു വലിയ പ്രശ്നവുമില്ല.’ 

ഇതിനിടെ വഴിയിലൂടെ കടന്നുപോയ സ്കൂൾ ബസുകളിൽ നിന്നു വിദ്യാർഥികളുടെ ആവേശത്തോടെയുള്ള ആർപ്പുവിളിയോട് ഇങ്ങനെ പ്രതികരണം: ‘നാട്ടിൽ നിന്നു കാശുകൊടുത്ത് ഇറക്കിയ ആളുകളാണ്. എനിക്കും ആരാധകരുണ്ടെന്നു തോന്നണ്ടേ..?’

Tags:
  • Spotlight