Monday 05 June 2023 02:38 PM IST : By സ്വന്തം ലേഖകൻ

രക്തം വാർന്ന് മണിക്കൂറുകളോളം, ആരും കൈകാണിച്ചിട്ട് നിർത്തിയില്ല... അതിഥിത്തൊഴിലാളിയുടെ നന്മയിൽ യുവാവിന് പുതുജീവൻ

biswas

കോഴിക്കോട് ബൈപാസിൽ സ്കൂട്ടർ അപകടത്തിൽപെട്ട്  7 മണിക്കൂർ കിടന്ന യുവാവിന് രക്ഷകനായത് അതിഥിത്തൊഴിലാളി ബിശ്വാസ്. ഇദ്ദേഹത്തിന്റെ ശ്രമത്തെത്തുടർന്ന് പൊലീസും നാട്ടുകാരും എത്തി അടിയന്തരമായി ആശുപത്രിയിൽ എത്തിച്ച മലാപ്പറമ്പ് സ്വദേശി സതീഷ് (41) അപകടനില തരണം ചെയ്തു.

ഇന്നലെ രാവിലെ ആറോടെ തൊണ്ടയാട് – മലാപ്പറമ്പ് ബൈപാസിൽ നേതാജി ജംക്‌‍ഷനു സമീപമാണ് അപകടം. ഇന്നലെ രാവിലെ ജോലിക്കു പോകവേ ബിശ്വാസ് ബൈപാസിലെ മേൽപാലത്തിന്റെ ഗർഡറിനടുത്ത് ശബ്ദം കേട്ട് നോക്കിയതാണ്. സ്കൂട്ടറിനടിയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് രക്തം വാർന്നു കിടക്കുകയായിരുന്നു യുവാവ്. റോഡിൽ കടന്നുപോയ ലോറികൾക്കു കൈ കാണിച്ചെങ്കിലും മിക്കവരും നിർത്തിയില്ല.

ബിശ്വാസ് കയ്യിലുള്ള വസ്ത്രം വീശിയതു കണ്ടു ബെംഗളൂരുവിലേക്ക് പോകുന്ന ലോറി നിർത്തിയെങ്കിലും ഭാഷ മനസ്സിലാകാത്തതിനാൽ ബുദ്ധിമുട്ടി. തുടർന്ന്, അതുവഴി കാറിൽ പോയ മാധ്യമ പ്രവർത്തകൻ വണ്ടി നിർത്തി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനെ വിവരം അറിയിച്ചു. തുടർന്നു മറ്റു വാഹനങ്ങൾ നിർത്തിച്ചു. സംഭവം അറിഞ്ഞ് ജനം തടിച്ചുകൂടി.

അതുവഴി വന്ന ആംബുലൻസ് നിർത്തിച്ചു. 5 മിനിറ്റിനകം പൊലീസും എത്തി  മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 4ന് വീട്ടിൽനിന്ന് ഇറങ്ങിയ സതീഷ് രാത്രി 11നു തിരിച്ചുപോകുമ്പോഴാണ് അപകടത്തിൽപെട്ടത്. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചുപോയി തല ഇടിച്ചതണെന്നു ഡോക്ടർ പറഞ്ഞു. ബൈപാസിൽ ആരുടെയും ശ്രദ്ധ എത്താത്ത സ്ഥലത്താണ് യുവാവ് അപകടത്തിൽ പെട്ടത്.

More